ഇ-വാഹനങ്ങളുടെ ചാർജിങ് നിരക്കിൽ മാറ്റം; ഒമാനിൽ ഒക്ടോബർ 1 മുതൽ യൂണിറ്റിന് 50 മുതൽ 120 ബൈസ വരെ

ചാർജിങ് സ്റ്റേഷനുകളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ ഘടകങ്ങൾ വിശദമായി വിലയിരുത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്

ഇ-വാഹനങ്ങളുടെ ചാർജിങ് നിരക്കിൽ മാറ്റം; ഒമാനിൽ ഒക്ടോബർ 1 മുതൽ യൂണിറ്റിന് 50 മുതൽ 120 ബൈസ വരെ
dot image

ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) ചാർജിങ് സേവനങ്ങൾക്ക് ഒക്ടോബർ 1 മുതൽ നിയന്ത്രിത നിരക്കുകൾ നിലവിൽ വരും. ചാർജറിന്റെ ശേഷിയും വേഗതയും അനുസരിച്ച് ഒരു കിലോവാട്ട് മണിക്കൂറിന് (kWh) 50 മുതൽ 120 ബൈസ (baisa) വരെ ഉപയോക്താക്കൾ നൽകേണ്ടിവരും. രാജ്യത്തെ വളർന്നുവരുന്ന ഇലക്ട്രിക് വാഹന ചാർജിങ് വിപണിയെ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം, പബ്ലിക് സർവീസസ് റെഗുലേഷൻ അതോറിറ്റി, ഒമാൻ നെറ്റ് സീറോ സെന്റർ എന്നിവയുടെ സഹകരണത്തോടെ പുതിയ നിരക്ക് സംവിധാനം പ്രഖ്യാപിച്ചത്.

90 കിലോവാട്ട് വരെ ശേഷിയുള്ള ചാർജറുകൾക്ക് 50 ബൈസ പെർ kWh, 91 മുതൽ 180 കിലോവാട്ട് വരെ ശേഷിയുള്ള ചാർജറുകൾക്ക് 90 ബൈസ പെർ kWh, 181 കിലോവാട്ടും അതിലധികവും ശേഷിയുള്ള ഫാസ്റ്റ് ചാർജറുകൾക്ക് 120 ബൈസ പെർ kWh എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. ഒമാന്റെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ വിപുലീകരണത്തിനും ദീർഘകാല വികസനത്തിനും നിലനിൽപ്പിനും പിന്തുണ നൽകുന്നതിനൊപ്പം ഇലക്ട്രിക് വാഹന ഉടമകൾക്കും ഉപയോക്താക്കൾക്കും സുതാര്യത മെച്ചപ്പെടുത്തുകയാണ് പുതിയ വിലനിർണ്ണയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

ചാർജിങ് സ്റ്റേഷനുകളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ ഘടകങ്ങൾ വിശദമായി വിലയിരുത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. വാഹന ഉടമകൾക്ക് ചെലവ് നിയന്ത്രിതമായി നിലനിർത്തുന്നതിനോടൊപ്പം ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനം നിക്ഷേപകർക്ക് ആകർഷകവും ലാഭകരവുമായി തുടരുന്നതിനും പുതിയ നിരക്കുകൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ദീർഘകാല നെറ്റ് സീറോ ലക്ഷ്യങ്ങളുടെ ഭാ​ഗവുമായാണ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നത്. രാജ്യത്തിന്റെ ഇലക്ട്രിക് മൊബിലിറ്റി മേഖലയുടെ വളർച്ചയ്ക്ക് ഇത് കൂടുതൽ ​ഗുണം നൽകുമെന്നും അധികൃതർ പറയുന്നു.

Content Highlight: Oman will introduce regulated electric vehicle charging fees from October 1, with rates ranging from 50 to 120 baisa per kilowatt-hour depending on charger capacity and charging speed

dot image
To advertise here,contact us
dot image