

സിപിഐഎം ഒരു ആന്തരിക ചികിത്സയിലൂടെ കടന്ന് പോകുകയാണ് എന്നാണ് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര കമ്മിറ്റി തയ്യാറാക്കി, പൊതുസമൂഹത്തിന് മുന്നിൽ വെച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ അടക്കം ഗൗരവമായ സ്വയം വിമർശനവും വിമർശനവുമാണ് സിപിഐഎം ദേശീയ നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്നത്. ഭരണത്തിന് നേതൃത്വം കൊടുത്തിരുന്ന കേരളത്തിൽ അടക്കം ഉണ്ടായ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോക റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം. കേരളത്തിലെ സിപിഐഎം സംഘടനാപരമായി നിരവധിയായ തിരുത്തലുകൾക്ക് വിധേയമാകേണ്ടതുണ്ട് എന്ന് കൂടിയാണ് കേന്ദ്ര കമ്മിറ്റി പൊതുസമക്ഷം അവതരിപ്പിച്ചിരിക്കുന്ന അവലോകന റിപ്പോർട്ട് അടിവരയിടുന്നത്. അതിനാൽ തന്നെയാണ് കോഴിക്കോട് സെപ്റ്റംബർ 13, 14, 15 തീയതികളിൽ നടക്കാനിരിക്കുന്ന കേരളത്തിലെ വിപുലീകൃത സംസ്ഥാന കമ്മിറ്റി നിർണ്ണായകമാകുന്നത്. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട കേവലമായ ചർച്ചകളിലേയ്ക്ക് യോഗത്തിൻ്റെ അജണ്ട ചുരുങ്ങുമോ അതോ തെറ്റുതിരുത്തലിൻ്റെയും പാർട്ടിയിലെ ശുദ്ധീകരണത്തിൻ്റെയും ഗൗരവമുള്ള നിലപാടുകൾ കേരളത്തിലെ വിപുലീകൃത സംസ്ഥാന കമ്മിറ്റി സ്വീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.
ലെനിനിസ്റ്റ് സംഘടനാ തത്വത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് തെറ്റു തിരുത്തൽ എന്നത് അനസ്യൂതം തുടരേണ്ട ഒരു നിരന്തര പ്രക്രിയയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ തെറ്റ് തിരുത്തൽ പ്രക്രിയയെ സംബന്ധിച്ച് ലെനിൻ മുന്നോട്ടുവെച്ചിരിക്കുന്ന ആശയങ്ങൾക്ക് അതിനാൽ തന്നെ വലിയ പ്രാധാന്യമുണ്ട്. റഷ്യയിലെ ബോൾഷെവിക് കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്താം പാർട്ടി കോൺഗ്രസിന്റെ തീരുമാനപ്രകാരം നടന്ന പാർട്ടി ശുദ്ധീകരണത്തിന്റെ ഗതിയെക്കുറിച്ചുള്ള അഭിപ്രായവും നിർദേശവും അടിസ്ഥാനപ്പെടുത്തിയാണ് പാർട്ടിയിലെ ശുദ്ധീകരണം എങ്ങനെ ആയിരിക്കണം എന്ന് ലെനിൻ പറഞ്ഞ് വെച്ചിരിക്കുന്നത്. പത്താം പാർട്ടി കോൺഗ്രസ്സിലെ ശുദ്ധീകരണം സംബന്ധിച്ച ചർച്ചകളുടെ അടിസ്ഥാനത്തിൽ തെറ്റു തിരുത്തൽ സംബന്ധിച്ച കാഴ്ചപാടുകൾ 'Purge of the Party' എന്ന ചെറുലേഖനത്തിൽ ലെനിൻ വ്യക്തമാക്കിയിട്ടുണ്ട്.
അവസരവാദികൾ, ബൂർഷ്വാ ആശയങ്ങളുള്ളവർ, വിവിധ ചേരികൾ, കരിയറിസ്റ്റുകൾ, ബ്യൂറോക്രാറ്റുകൾ എന്നിവർ പാർട്ടിയെ ദുർബലപ്പെടുത്തും. അതിനാൽ പാർട്ടി തുടർച്ചയായി സ്വയം ശുദ്ധീകരിക്കണം എന്നതായിരുന്നു ലെനിൻ മുന്നോട്ടുവെച്ച ആശയം
പാർട്ടിയില്ലാത്ത തൊഴിലാളികളുടെ നിർദേശം ആയിരുന്നു തെറ്റുതിരുത്തലിനായി ലെനിൻ കണ്ട പ്രധാന ഉപാധി. വിയർപ്പൊഴുക്കി ജീവിക്കുന്നവർക്ക് സത്യസന്ധനായ കമ്മ്യൂണിസ്റ്റിനെ തിരിച്ചറിയാൻ കഴിയും എന്നായിരുന്നു ലെനിൻ്റെ കാഴ്ചപ്പാടിൻ്റെ അന്ത:സത്ത. ആരെയും ഒഴിവാക്കാതെ മുകളിൽ നിന്ന് താഴെവരെ ഇങ്ങനെ ശുദ്ധീകരണം നടത്താൻ കഴിഞ്ഞാൽ അത് വിപ്ലവത്തിന്റെ വലിയ നേട്ടമായിരിക്കും എന്നും ലെനിൻ വിലയിരുത്തുന്നുണ്ട്. ബ്യൂറോക്രാറ്റുകൾ, അഴിമതിക്കാർ, അസ്ഥിരരായ കമ്യൂണിസ്റ്റുകൾ, ജനങ്ങളിൽ നിന്ന് അകന്നവർ എന്നിവരെ പാർട്ടിയിൽ നിന്ന് നീക്കം ചെയ്യണം എന്നതായിരുന്നു ലെനിൻ മുന്നോട്ടുവെച്ച പാർട്ടി ശുദ്ധീകരണത്തിൻ്റെ കാതൽ. അവസരവാദികൾ, ബൂർഷ്വാ ആശയങ്ങളുള്ളവർ, വിവിധ ചേരികൾ, കരിയറിസ്റ്റുകൾ, ബ്യൂറോക്രാറ്റുകൾ എന്നിവർ പാർട്ടിയെ ദുർബലപ്പെടുത്തും. അതിനാൽ പാർട്ടി തുടർച്ചയായി സ്വയം ശുദ്ധീകരിക്കണം എന്നതായിരുന്നു ലെനിൻ മുന്നോട്ടുവെച്ച ആശയം.

പാർട്ടി ശുദ്ധീകരണത്തിലെ ലെനിനിസ്റ്റ് കാഴ്ചപ്പാട് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടി സിദ്ധാന്തത്തിൻ്റെ കാതലായ ഒരു ഭാഗമാണ്. ലെനിൻ ഇതിനെ പാർട്ടിയുടെ വിപ്ലവകരമായ സ്വഭാവം നിലനിർത്താനുള്ള അനിവാര്യമായ ഉപകരണം ആയി കണ്ടു. ഈ ത്വത്വങ്ങളുടെ അടിസ്ഥാനത്തിൽ 1921കളുടെ പകുതിയോടെ ഏകദേശം 1,70,000 പേരെ (പാർട്ടി അംഗത്വത്തിൻ്റെ ഏകദേശം 25%) റഷ്യയിലെ ബോൾഷെവിക് കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി. ഇത് പാർട്ടിയുടെ വിപ്ലവ ഉളളടക്കവും ആശയപരമായ കരുത്തും മെച്ചപ്പെടുത്തുകയും അച്ചടക്കം ശക്തിപ്പെടുത്തുകയും ചെയ്തു.
പാർട്ടിയുടെ തെറ്റ് തിരുത്തൽ സംബന്ധിച്ച് ലെനിൻ്റെ രണ്ട് പ്രധാന ഉദ്ധരണികൾ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ തത്വങ്ങൾ അംഗീകരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് ഗൗരവമുള്ളതാണ്. ‘ഒരു പാർട്ടി അതിൻ്റെ തെറ്റുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് ആ പാർട്ടി എത്രത്തോളം ഗൗരവമുള്ളതാണെന്ന് അളക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണ്. തെറ്റ് തുറന്ന് സമ്മതിക്കുക, അതിൻ്റെ കാരണങ്ങൾ കണ്ടെത്തുക, സാഹചര്യങ്ങൾ വിശകലനം ചെയ്യുക, തിരുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുക എന്നതാണ് ഗൗരവമുള്ള ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയുടെ ലക്ഷണം’ എന്നാണ് ലെനിൻ പറഞ്ഞിരിക്കുന്നത്. ‘എല്ലാ വിപ്ലവ പാർട്ടികളും നശിച്ചത് അവ അഹങ്കാരികളായതുകൊണ്ടാണ്. അവ തങ്ങളുടെ ബലഹീനതകളെക്കുറിച്ച് സംസാരിക്കാൻ ഭയപ്പെട്ടു. എന്നാൽ നാം നശിക്കില്ല, കാരണം നമ്മൾ നമ്മുടെ ബലഹീനതകളെക്കുറിച്ച് സംസാരിക്കാൻ ഭയപ്പെടുന്നില്ല, അവയെ മറികടക്കാൻ പഠിക്കുമെന്ന്’ 1922ൽ നടന്ന പതിനൊന്നാം പാർട്ടി കോൺഗ്രസിൽ ലെനിൻ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയിൽ നടന്ന തെറ്റുതിരുത്തലിൻ്റെ സമഗ്രത സംബന്ധിച്ച ആത്മവിശ്വാസമായിരുന്നു ഈ പ്രഖ്യാപനത്തിന് പിന്നിൽ.
ഗോർബച്ചേവിൻ്റെ കാലത്ത് ലെനിൻ ഭയപ്പെട്ടത് പോലെ ഇത് ഏറ്റവും ഗുരുതര രോഗമായി സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയെ ഗ്രസിച്ചു. ഒടുവിൽ സോവിയറ്റ് യൂണിയനും അതിന് നേതൃത്വം നൽകിയിരുന്ന കരുത്തുറ്റ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും ലോകമെമ്പാടുമുള്ള ഇടതുപക്ഷ ആശയക്കാരെ സംബന്ധിച്ച് ഗൃഹാതുരമായ ഒരു ഓർമ്മ മാത്രമായി മാറി
സ്വയം വിമർശിക്കാനും തെറ്റുകൾ തിരുത്താനും അനാരോഗ്യകരമായ പ്രവണതകളെ പുറത്താക്കാനും കഴിയാത്ത കമ്യൂണിസ്റ്റ് പാർട്ടി ബ്യൂറോക്രാറ്റിക് ജഡതയിലേക്ക് നീങ്ങാം എന്നതാണ് ലെനിന്റെ വിവിധ രചനകളിൽ നിന്ന് സംഗ്രഹിക്കാവുന്ന കാഴ്ചപ്പാട്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യത്തിൽ ലെനിൻ്റെ ആശങ്ക ശരിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. സോവിയറ്റ് പാർട്ടിയിലെ ബ്യൂറോക്രാറ്റീകരണവും ജനങ്ങളിൽ നിന്നുള്ള അകൽച്ചയും അതിന്റെ പ്രതിസന്ധിയുടെ പ്രധാന ഘടകങ്ങളിലൊന്നായി മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വായനയിൽ പിന്നീട് വിലയിരുത്തപ്പെട്ടു. ഗോർബച്ചേവിൻ്റെ കാലത്ത് ലെനിൻ ഭയപ്പെട്ടത് പോലെ ഇത് ഏറ്റവും ഗുരുതര രോഗമായി സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയെ ഗ്രസിച്ചു. ഒടുവിൽ സോവിയറ്റ് യൂണിയനും അതിന് നേതൃത്വം നൽകിയിരുന്ന കരുത്തുറ്റ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും ലോകമെമ്പാടുമുള്ള ഇടതുപക്ഷ ആശയക്കാരെ സംബന്ധിച്ച് ഗൃഹാതുരമായ ഒരു ഓർമ്മ മാത്രമായി മാറി.
ലെനിനിസ്റ്റ് ആശയത്തിൽ അധിഷ്ഠിതമായ തെറ്റുതിരുത്തൽ പ്രക്രിയയാണ് ഷി ജിൻപിങ് ഇപ്പോൾ ചൈനയിലും നടത്തി വരുന്നത്. സോവിയറ്റ് തകർച്ചയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അഴിമതി വിരുദ്ധനയങ്ങളിൽ ഊന്നി നിന്നുള്ള ശുദ്ധീകരണത്തിന് നേതൃത്വം നൽകി വരുന്നത്. ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഉപയോഗിക്കുന്ന Self-revolution എന്ന ശുദ്ധീകരണ ആശയത്തിൻ്റെ വേരുകൾ ലെനിൻ്റെ പാർട്ടി-നിർമ്മാണ സിദ്ധാന്തത്തിൽ ഊന്നിയുള്ളതാണ്. ഷിയുടെ ഭാഷയിൽ പറഞ്ഞാൽ Self-revolution എന്നത് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയും വിഷം നീക്കുകയും ദുഷിച്ച കോശങ്ങൾ മാറ്റി പുതിയവ വളർത്തുകയും ചെയ്യുന്നു. നേതൃത്വമാറ്റങ്ങളോ ചരിത്രപരമായ പ്രതിസന്ധികളോ പാർട്ടിയുടെ രാഷ്ട്രീയ നിലനിൽപ്പിനെ ഇല്ലാതാക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള സംഘടനാപരമായ പ്രതിരോധശേഷിയായാണ് ഷി ജിൻപിങ് self-revolutionനെ അവതരിപ്പിക്കുന്നത്.

അഴിമതി പാർട്ടിയുടെ ദീർഘകാല അധികാരത്തിന് വലിയ ഭീഷണിയാണ് എന്നതാണ് ഷി ജിൻപിങ്ങിൻ്റെ കാഴ്ചപ്പാട്. അതിനാൽ പാർട്ടി സ്വയം 'വൈറസ്' നീക്കം ചെയ്യണമെന്നും ഇരുമ്പിനെ അടിച്ചൊതുക്കണമെങ്കിൽ അടിക്കുന്ന ഇരുമ്പിന് അതിനേക്കാൾ കരുത്തുണ്ടാകണമെന്നുമുള്ള മുദ്രാവാക്യമാണ് പാർട്ടി ശുദ്ധീകരണത്തിനായി ഷി ചൈനയിൽ മുന്നോട്ട് വെയ്ക്കുന്നത്. അഴിമതി, അലസത, പ്രത്യയശാസ്ത്രപരമായ ശേഷിക്കുറവ് എന്നിവയെയാണ് വൈറസ് ആയി ശുദ്ധീകരണ പ്രക്രിയയിൽ ചൈനീസ് കമ്യൂണിസിറ്റ് പാർട്ടി കാണുന്നത്.
അഴിമതി കൂടുതൽ കൂടുതൽ രൂക്ഷമാകാൻ അനുവദിച്ചാൽ, അതിന്റെ അന്തിമഫലം പാർട്ടിയുടെ തകർച്ചയും രാഷ്ട്രത്തിന്റെ തകർച്ചയും ആയിരിക്കും’ എന്നായിരുന്നു 2012ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷി ജിൻപിങ് വ്യക്തമാക്കിയത്
‘യുദ്ധമുന്നണിയിൽ നിന്ന് സാമ്പത്തിക നിർമ്മാണത്തിന്റെ മുന്നണിയിലേക്ക് വിപ്ലവം മാറുന്ന ഘട്ടത്തിൽ, പാർട്ടിയുടെ ഏറ്റവും വലിയ വെല്ലുവിളി അധികാരം നിലനിർത്തുക മാത്രമല്ല, ബഹുജനങ്ങളുമായുള്ള ജീവസുറ്റ ബന്ധം നിലനിർത്തുക കൂടിയാണ്. ആ ബന്ധം നഷ്ടപ്പെടുന്ന നിമിഷം പാർട്ടി ഭരണകൂടത്തിന്റെ ഒരു യന്ത്രമായി ചുരുങ്ങുകയും വിപ്ലവത്തിന്റെ സാമൂഹിക അടിത്തറ ദുർബലമാവുകയും ചെയ്യും’ എന്നായിരുന്നു പാർട്ടി ശുദ്ധീകരണ കാലത്തെ ലെനിൻ്റെ കാഴ്ചപ്പാട്. സമാനമായ നിലപാട് തന്നെയാണ് 2012ൽ ഷിയും പറഞ്ഞത്. ‘അഴിമതി കൂടുതൽ കൂടുതൽ രൂക്ഷമാകാൻ അനുവദിച്ചാൽ, അതിന്റെ അന്തിമഫലം പാർട്ടിയുടെ തകർച്ചയും രാഷ്ട്രത്തിന്റെ തകർച്ചയും ആയിരിക്കും’ എന്നായിരുന്നു 2012ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷി ജിൻപിങ് വ്യക്തമാക്കിയത്.
തൊഴിലാളി വർഗ്ഗ വിപ്ലവത്തിലൂടെ അധികാരത്തിൽ വന്ന ഒരു ഭരണകൂടം സോഷ്യലിസ്റ്റ് ആശയത്തിൻ്റെ പൂർത്തീകരണത്തിനായി നിലപാടുകൾ സ്വീകരിക്കുമ്പോൾ അതിനെ നയിക്കുന്ന കമ്യൂണിസ്സ് പാർട്ടി എത്രമാത്രം ജാഗ്രത പുലർത്തണം സ്വയം ശുദ്ധീകരണത്തിന് വിധേയമാകണം എന്നാണ് ലെനിനും ഇപ്പോൾ ഷിയുമെല്ലാം ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ ഭരണകൂടമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സാഹചര്യം വ്യത്യസ്തമാണ്. ജനകീയ ജനാധിപത്യ വിപ്ലവമെന്ന സിപിഐഎം ലൈനും ഇന്ത്യൻ സാഹചര്യത്തിന് അനുസരിച്ച് സ്വീകരിക്കപ്പെട്ടതാണ്. അപ്പോഴും കമ്യൂണിസ്റ്റ് പാർട്ടി ഒരു ജീവനുള്ള ജീവിയാണ് എന്ന അടിസ്ഥാന തത്വത്തിൽ മാറ്റങ്ങളുണ്ടെന്ന് പറയാൻ കഴിയില്ല. അതിനാൽ തന്നെ സ്വയം ശുദ്ധീകരിക്കാത്തപക്ഷം പാർട്ടി അധഃപതിക്കും, ബ്യൂറോക്രാറ്റിക് ആകും, അതിൻ്റെ വിപ്ലവ സ്വഭാവം നഷ്ടപ്പെടും എന്ന ലെനിനിസ്റ്റ് കാഴ്ചപ്പാടിൽ തന്നെയാണ് സിപിഐഎമ്മും പാർട്ടിയിലെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ദശാബ്ദങ്ങൾക്കുശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തുപോലും സിപിഐഎം നേതൃത്വത്തിലുള്ള സർക്കാർ ഇല്ലാത്ത രാഷ്ട്രീയ സാഹചര്യത്തിൽ കൂടിയാണ് കേരളത്തിലെ അടക്കം തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച ചർച്ചകൾ പാർട്ടിയിലെ ശുദ്ധീകരണം എന്ന ആവശ്യത്തിലേയ്ക്കും അനിവാര്യതയിലേയ്ക്കും വഴിമാറിയിരിക്കുന്നത്. ഭരണത്തിലെ പങ്കാളിത്തം സിപിഐഎമ്മിൽ ബ്ര്യൂറോക്രാറ്റിക് സ്വഭാവം ശക്തമാക്കാൻ ഇടവരുത്തിയിട്ടുണ്ടോ പാർട്ടിയുടെ വിപ്ലവ സ്വഭാവം നഷ്ടപ്പെടാൻ വഴിവെച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ശുദ്ധീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്ന് വന്നിട്ടുണ്ട്.
അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, സമ്പന്ന ജീവിതശൈലി എന്നിവ പിന്തുടരുന്ന പാർട്ടി നേതാക്കളും കേഡർമാരും ആരൊക്കെയാണ്, അവരെയെല്ലാം തിരുത്തി പാർട്ടിയെ ശുദ്ധീകരിക്കാൻ എന്ത് നടപടികളാണ് പാർട്ടി സ്വീകരിക്കുക എന്നത് അതിനാൽ പ്രധാനമാണ്. പാർട്ടിയിൽ ശുദ്ധീകരണ പ്രക്രിയ വേണമെന്ന നിലപാട് സ്വീകരിക്കാൻ ലെനിനും, ഷിയുമെല്ലാം പ്രധാനമായും ഉയർത്തിക്കാണിച്ച വിഷയങ്ങൾ പലതും സിപിഐഎമ്മിൻ്റെ അവലോകന റിപ്പോർട്ടിലും ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം
കേവലം തെരഞ്ഞെടുപ്പ് തോൽവി മുൻനിർത്തിയുള്ള ശുദ്ധീകരണ പ്രക്രിയ മാത്രമല്ല സിപിഐഎം നടത്തേണ്ടത് എന്നാണ് തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച അവരുടെ കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഭരണാധികാരം പാർട്ടിയുടെ ബഹുജനങ്ങളുമായുള്ള ബന്ധത്തിൽ അകൽച്ചയുണ്ടാക്കി എന്ന് വ്യത്യസ്ത വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് സ്വയം വിമർശനപരമായി ഉയർത്തി കാണിക്കുന്നുണ്ട്. 'പാർട്ടി നേതാക്കളിലും കേഡറുകളിലെ ഒരു വിഭാഗത്തിലും അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, സമ്പന്ന ജീവിതശൈലി എന്നിവ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഉടൻ തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതിനാൽ ജനങ്ങൾക്ക് നമ്മളിൽ വിശ്വാസം നഷ്ടപ്പെട്ടു. മാധ്യമങ്ങളും പ്രതിപക്ഷവും ഇത് അതിശയോക്തിപരമായി സാമാന്യവൽക്കരിച്ച് മുഴുവൻ പാർട്ടിയുടെയും പ്രതിച്ഛായ കളങ്കപ്പെടുത്താൻ ഉപയോഗിച്ചു' എന്നത് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലെ പ്രധാനഭാഗമാണ്. അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, സമ്പന്ന ജീവിതശൈലി എന്നിവ പിന്തുടരുന്ന പാർട്ടി നേതാക്കളും കേഡർമാരും ആരൊക്കെയാണ്, അവരെയെല്ലാം തിരുത്തി പാർട്ടിയെ ശുദ്ധീകരിക്കാൻ എന്ത് നടപടികളാണ് പാർട്ടി സ്വീകരിക്കുക എന്നത് അതിനാൽ പ്രധാനമാണ്. പാർട്ടിയിൽ ശുദ്ധീകരണ പ്രക്രിയ വേണമെന്ന നിലപാട് സ്വീകരിക്കാൻ ലെനിനും, ഷിയുമെല്ലാം പ്രധാനമായും ഉയർത്തിക്കാണിച്ച വിഷയങ്ങൾ പലതും സിപിഐഎമ്മിൻ്റെ അവലോകന റിപ്പോർട്ടിലും ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

'ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ സജീവമായി പ്രവർത്തിക്കുന്നതിന് പകരം നമ്മുടെ വർഗ-ബഹുജന സംഘടനകൾ അത് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. തൽഫലമായി നമ്മുടെ അടിസ്ഥാന വർഗങ്ങളുടെ താൽപ്പര്യങ്ങളുടെ സംരക്ഷകൻ എന്ന പാർട്ടിയുടെ അടിസ്ഥാന സ്വത്വത്തിന്റെ മൂർച്ച നഷ്ടപ്പെട്ടു' എന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലെ പരാമർശവും ഗൗരവമുള്ളതാണ്. പി എം -ശ്രീ വിഷയത്തിൽ സിപിഐയുമായുണ്ടായത് അനാവശ്യ വിവാദമാണ് എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് പറഞ്ഞ് വെയ്ക്കുന്നുണ്ട്. 'പാർട്ടി സർക്കാരിനെയും അതിന്റെ പ്രവർത്തനത്തെയും ശരിയായി നിരീക്ഷിച്ചിരുന്നെങ്കിൽ അത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. നേരത്തെ സർക്കാരുകൾ നയിച്ചപ്പോൾ വിവിധ വകുപ്പുകളിലെ പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാൻ പാർട്ടി ഉപസമിതികൾ രൂപീകരിച്ചിരുന്നു. നമ്മുടെ മന്ത്രിമാരുടെ പ്രവർത്തനം ചർച്ച ചെയ്ത് മാർഗനിർദേശം നൽകുന്ന പാർട്ടി ക്യാബിനറ്റ് ഫ്രാക്ഷൻ കമ്മിറ്റിയും ഉണ്ട്. അത്തരം സംവിധാനങ്ങളുടെ പതിവ് പ്രവർത്തനം പാർട്ടിക്കും സർക്കാരിനും ഇടയിൽ ശരിയായ ഏകോപനം ഉറപ്പാക്കുകയും എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും വിശദമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത് നമ്മുടെ സർക്കാർ തെറ്റുകൾ ചെയ്യുന്നത് തടയാനും സഖ്യകക്ഷികളോ എതിരാളികളോ നമ്മുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാനുള്ള അവസരം ലഭിക്കാതിരിക്കാനും വലിയ തോതിൽ സഹായിച്ചിരുന്നു' എന്ന സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലെ വിമർശനം പാർട്ടിയെയും സർക്കാരിനെയും നയിച്ചവർ സ്വയം വിമർശനപരമായി ഉൾക്കൊള്ളേണ്ട വിഷയമാണ്. ചില മന്ത്രിമാരെ നേരിൽ നേരിട്ട് സമീപിക്കാൻ കഴിയാത്ത സാഹചര്യവും ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 'എല്ലാം സർക്കാരുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷനെ ചുറ്റിപ്പറ്റിയാണെന്നതിനാൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ സജീവമായി ഇടപെടേണ്ട ആവശ്യമില്ലെന്ന് നമ്മുടെ പാർട്ടി കേഡറിലെ ഒരു വലിയ വിഭാഗത്തിന് തോന്നി' എന്ന വിമർശനവും പാർട്ടിയും ഭരണവും തമ്മിൽ നിലനിന്നിരുന്ന വിടവിനെ അടിവരയിടുന്നതാണ്.

ഇതെല്ലാം ആത്യന്തികമായി സൂചിപ്പിക്കുന്നത് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള ശക്തമായ ശുദ്ധീകരണം കേരളത്തിലെ സിപിഐഎം ഘടകത്തിൽ ആവശ്യമുണ്ടെന്ന് തന്നെയാണ്. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സോഷ്യലിസ്റ്റ് ഭരണകുടത്തിൻ്റെയും തകർച്ചയെ പ്രത്യയശാസ്ത്രപരമായി ഏറ്റവും വ്യക്തതയോടെ ലോകത്ത് തന്നെ വിലയിരുത്തിയ കമ്യൂണിസ്റ്റ് പാർട്ടികളിൽ ഒന്നായിരുന്നു സിപിഐഎം. സോവിയറ്റ് യൂണിയൻ തകർന്നത് സോഷ്യലിസത്തിന്റെ സ്വഭാവിക അന്ത്യമായിരുന്നില്ല, മറിച്ച് ദീർഘകാലമായി സോവിയറ്റ് പാർട്ടിയിൽ കടന്ന് കൂടിയ വർഗ്ഗവിരുദ്ധ സമീപനങ്ങളും ബ്രൂറോകോറ്റിക് മേൽക്കൈയും ഗോർബച്ചേവ് കാലത്തെ റിവിഷനിസ്റ്റ് നയങ്ങളുമെല്ലാമാണ് സോവിയറ്റ് പാർട്ടിയെ തകർത്തതെന്നായിരുന്നു സിപിഐഎം നിരീക്ഷിച്ചത്. അതുകൊണ്ട് തന്നെ മാർക്സിസം-ലെനിനിസം ഉപേക്ഷിക്കേണ്ടതില്ല, അതിനെ കൂടുതൽ കൃത്യമായി പ്രയോഗിക്കുകയാണ് വേണ്ടത് എന്ന തീർച്ചയിലേയ്ക്കും സിപിഐഎം എത്തിയിരുന്നു. എന്നാൽ സോവിയറ്റ് തകർച്ചയിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ ആ നിലയിൽ പാർട്ടിയിലെ ശുദ്ധീകരണത്തിനായി പിന്നീട് ഉപയോഗിക്കാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല എന്ന് തന്നെയാണ് നിലവിലെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് സിപിഐഎമ്മിൻ്റെ ആശയപരമായ ഉള്ളടക്കം അപ്രസക്തമായി എന്നൊക്കെ ചിത്രീകരിക്കുന്നതിൽ കഴമ്പില്ല. എന്നാൽ പാർലമെൻ്ററി രാഷ്ട്രീയം കമ്യൂണിസ്റ്റുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ആ മേഖലയിൽ ചുമതലപ്പെടുത്തപ്പെട്ട കേഡർമാർ എങ്ങനെ നിർച്ചഹിച്ചു എന്നതിൽ വിമർശനവും സ്വയം വിമർശനവും തിരുത്തലും അനിവാര്യമാണ്
പാർലമെൻ്ററി രാഷ്‌ട്രീയത്തെയും ഭരണത്തെയും ജനകീയ ജനാധിപത്യ വിപ്ലവത്തിന് വേണ്ടുന്ന ഐക്യനിര കെട്ടിപ്പെടുക്കാനുതകുന്ന ഉപകരണം എന്ന നിലയിൽ മാത്രമാണ് സിപിഐഎം കാണുന്നതെന്ന് അവരുടെ പാർട്ടി പരിപാടി തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനാൽ തന്നെ ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് സിപിഐഎമ്മിൻ്റെ ആശയപരമായ ഉള്ളടക്കം അപ്രസക്തമായി എന്നൊക്കെ ചിത്രീകരിക്കുന്നതിൽ കഴമ്പില്ല. എന്നാൽ പാർലമെൻ്ററി രാഷ്ട്രീയം കമ്യൂണിസ്റ്റുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് ആ മേഖലയിൽ ചുമതലപ്പെടുത്തപ്പെട്ട കേഡർമാർ എങ്ങനെ നിർച്ചഹിച്ചു എന്നതിൽ വിമർശനവും സ്വയം വിമർശനവും തിരുത്തലും അനിവാര്യമാണ്.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ അതിനാൽ പ്രധാനമാണ്. 'തുറന്ന ഹിന്ദുത്വ തീവ്രവാദിയായ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒരു മന്ത്രി വായിച്ചത് പാർട്ടിയുടെ മതേതര പ്രതിച്ഛായയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുകയും ചെയ്തു. ദേവസ്വം ബോർഡ് സംഘടിപ്പിച്ച പരിപാടിയാണെങ്കിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയിൽ നിന്ന് സന്ദേശം ആവശ്യപ്പെട്ടതും ഒരു പാർട്ടി മന്ത്രി അത് വായിക്കാൻ സമ്മതിച്ചതും എങ്ങനെ സംഭവിച്ചുവെന്നത് ആശ്ചര്യകരമാണ്' എന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ ഈ മന്ത്രിക്ക് പാർട്ടി സംവിധാനത്തിനുള്ളിൽ ഈ വിഷയത്തിൽ ഒരു തിരുത്തലിന് വിധേയനാകേണ്ടി വന്നിരുന്നോ എന്നതിൽ വ്യക്തതയില്ല. മന്ത്രിസഭയും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് ഫ്രാക്ഷൻ കമ്മിറ്റിയുടെ അഭാവം ഉണ്ടായിരുന്നു എന്ന കേന്ദ്ര കമ്മിറ്റി വിമർശനത്തെ അടിവരയിടുന്നതാണ് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് അവലോകന റിപ്പോർട്ടിൽ പറയുന്ന വിമർശനം.
പാർലമെൻ്ററി രംഗത്ത് പ്രവർത്തിക്കുന്ന ഒരു സിപിഐഎം ജനപ്രതിനിധിയുടെ ഇടപെടലും വികസന സങ്കല്പവുമെല്ലാം കൃത്യമായ രാഷ്ട്രീയ ബോധ്യത്തെ മുൻനിർത്തി രൂപപ്പെടുന്നതും നടപ്പിലാക്കപ്പെടുന്നതുമാകണം. അപ്പോൾ മാത്രമേ അത് രാഷ്‌ട്രീയമായ നിലപാടായി പരിണമിക്കപ്പെടുകയുള്ളു. പാർലമെൻ്ററി രംഗത്ത് പ്രവർത്തിക്കുന്ന ഘട്ടത്തിൽ ബൂർഷ്വാ പാർലമെന്ററി ശീലങ്ങളും അനുബന്ധമായ ഉദ്യോഗസ്ഥ രീതികളും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് പാർട്ടി പരിപാടി ഉദ്ധരിച്ച് ബസവപുന്നയ്യയെപ്പോലുള്ള നേതാക്കൾ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുഉളതുമാണ്.
'ബൂർഷ്വാ പാർലമെന്ററി ശീലങ്ങളും അനുബന്ധമായ ഉദ്യോഗസ്ഥ രീതികളും സംസ്ഥാന ഗവൺമെന്റ് ചലിപ്പിക്കുകയെന്ന ഈ സൂക്ഷ്മമായ ജോലിയിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന നമ്മുടെ പാർട്ടി അംഗങ്ങളുടെ ബോധത്തെ ദുർബലപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം'
സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവായിരുന്ന എം ബസവപുന്നയ്യ ‘On Para 112 of Our Party Programme’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ഈ വിഷയം ക്ലാരിറ്റിയോടെ വിശദീകരിച്ചിട്ടുണ്ട്. ‘വിപ്ലവത്തിനുവേണ്ടി കൂടുതൽ ആളുകളെ നേടുന്നതിനായി നമ്മുടെ പാർട്ടി സംസ്ഥാന സർക്കാരുകളെ ഒരു സമര ഉപകരണമായി വിജയകരമായി ഉപയോഗിച്ചിട്ടുണ്ടോ അതോ നമ്മുടെ പാർട്ടി സംസ്ഥാന സർക്കാരിന്റെ ഒരു അനുബന്ധമായി മാറാൻ പ്രവണത കാണിച്ചിട്ടുണ്ടോ, അത് എന്ത് വില കൊടുത്തും അതിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നതാണ് പരിഗണിക്കേണ്ട മറ്റൊരു പ്രധാന വശം. നമ്മുടെ പാർട്ടിയും മുന്നണിയിലെ സഖ്യകക്ഷികളും മുന്നണി സർക്കാരും തമ്മിലുള്ള ബന്ധവും അതിന്റെ പ്രവർത്തനവും സംബന്ധിച്ച ശരിയായ രാഷ്ട്രീയ ലൈൻ രൂപപ്പെടുത്തുകയും കർശനമായി നടപ്പിലാക്കുകയും വേണം. ഈ വശം നിരന്തരമായ അവലോകനവും പരിശോധനയും ആവശ്യപ്പെടുന്നു. ഈ കാര്യത്തിലുള്ള ചാഞ്ചാട്ടത്തിന് ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ വില നൽകേണ്ടിവരും. ബൂർഷ്വാ പാർലമെന്ററി ശീലങ്ങളും അനുബന്ധമായ ഉദ്യോഗസ്ഥ രീതികളും സംസ്ഥാന ഗവൺമെന്റ് ചലിപ്പിക്കുകയെന്ന ഈ സൂക്ഷ്മമായ ജോലിയിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന നമ്മുടെ പാർട്ടി അംഗങ്ങളുടെ ബോധത്തെ ദുർബലപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം.'
കടുവകളെയും ഈച്ചകളെയും ഒരുമിച്ച് പിടികൂടുക എന്ന ഷി ലൈനാണോ അതോ ആരെയും ഒഴിവാക്കാതെ മുകളിൽ നിന്ന് താഴെവരെ ശുദ്ധീകരണം നടത്താൻ കഴിഞ്ഞാൽ അത് വിപ്ലവത്തിന്റെ വലിയ നേട്ടമായിരിക്കും എന്ന ലെനിൻ്റെ ലൈനായിരിക്കുമോ സിപിഐഎം സ്വീകരിക്കുക എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്
എന്താണ് വിമർശിക്കപ്പെടേണ്ടത്, എന്തിനെക്കുറിച്ചാണ് സ്വയംവിമർശനം നടത്തേണ്ടത്, എന്താണ് തിരുത്തേണ്ടതെന്ന് പാർട്ടി പരിപാടി തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്. അതിനാൽ സിപിഐഎം അവകാശപ്പെടുന്ന തെറ്റു തിരുത്തൽ പാർട്ടി പരിപാടിയെ മുൻനിർത്തി തികച്ചും ജൈവികമായിട്ടാണോ എന്നത് മാത്രമാണ് പരമപ്രധാനമായിട്ടുള്ളത്. കടുവകളെയും ഈച്ചകളെയും ഒരുമിച്ച് പിടികൂടുക എന്ന ഷി ലൈനാണോ അതോ ആരെയും ഒഴിവാക്കാതെ മുകളിൽ നിന്ന് താഴെവരെ ശുദ്ധീകരണം നടത്താൻ കഴിഞ്ഞാൽ അത് വിപ്ലവത്തിന്റെ വലിയ നേട്ടമായിരിക്കും എന്ന ലെനിൻ്റെ ലൈനായിരിക്കുമോ സിപിഐഎം സ്വീകരിക്കുക എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
Content Highlights: CPI(M) leader M A Baby’s call for ideological correction raises questions about whether the party will pursue genuine organisational and political purification, following the paths associated with Lenin and Xi Jinping, or limit the exercise to rhetorical statements.