പൗരോഹിത്യത്തിൻ്റെ പെൺവിലക്കുകളും അതിരുകൾക്കുള്ളിലെ സ്വാതന്ത്ര്യ സമരങ്ങളും

പുരോഹിതന്മാരുടെയും മത നേതാക്കളുടെയും ഗുഡ് സർവീസ് എൻട്രി ലഭിക്കാതെ സ്വന്തം ബോധ്യങ്ങളിൽ അടിയുറച്ച് ജീവിച്ച ശക്തരായ ഇത്തരം വനിതകൾ കൂടി ചേർന്നതാണ് ഇസ്‌ലാമിക ചരിത്രം

പൗരോഹിത്യത്തിൻ്റെ പെൺവിലക്കുകളും അതിരുകൾക്കുള്ളിലെ സ്വാതന്ത്ര്യ സമരങ്ങളും
എം എസ് ഷൈജു
15 min read|12 Sep 2026, 05:31 pm
dot image

മനുഷ്യൻ്റെ ആധുനികവും പുരോഗമനപരവുമായ ബോധങ്ങൾക്ക് എതിര് നിൽക്കുന്ന ശൈലിയാണ് മത പൗരോഹിത്യത്തിനുള്ളത്. എല്ലാ മതങ്ങളുടെയും ​മുഖ്യധാരാ ആഖ്യാനങ്ങൾ എപ്പോഴും പൗരോഹിത്യത്തിൻ്റേതായിരിക്കും. ചരിത്രപരമായി വെട്ടിയെടുക്കുകയും ശാക്തീകരിക്കുകയും ചെയ്ത മതത്തിൻ്റെ ഒരു ധാരയാണ് പൗരോഹിത്യത്തിൻ്റേത്. സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ കൂട്ടാക്കാത്ത പൗരോഹിത്യം തങ്ങളെ എതിർക്കുന്ന എല്ലാറ്റിനോടും ശത്രുത നില നിർത്തിയാണ് മുന്നോട്ട് പോകുന്നത്. ലോകത്തെല്ലായിടത്തുമുള്ള പൗരോഹിത്യത്തിൻ്റെ പൊതു സ്വഭാവമാണിത്. മതം തകരാതെ നിൽക്കുന്നത് തങ്ങളുടെ നിലപാടുകൾ കൊണ്ട് മാത്രമാണ് എന്ന മിഥ്യാധാരണയാണ് പൗരോഹിത്യത്തിനുള്ളത്. പൗരോഹിത്യത്തിൻ്റെ പൊതുവായ മറ്റൊരു സ്വഭാവം സ്ത്രീ വിരുദ്ധതയാണ്. പുരുഷ കാമനകളെ സ്ത്രീകൾക്ക് മേൽ മതമെന്ന വ്യാജേന അടിച്ചേൽപ്പിച്ച് കൊണ്ടിരിക്കുക എന്നതാണ് ലോകത്തെല്ലായിടത്തുമുള്ള പൗരോഹിത്യം ചെയ്ത് കൊണ്ടിരിക്കുന്നത്. സ്വന്തം അസ്തിത്വത്തിന് വേണ്ടി പൗരോഹിത്യത്തോട് വലിയ സംഘർഷങ്ങളിൽ ഏർപ്പെട്ട അനേകം സ്ത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അവരിൽ മതത്തെ ഉൾക്കൊണ്ട് കൊണ്ട് തന്നെ പൗരോഹിത്യത്തോട് കലഹം നടത്തിയ അനേകം പേരുണ്ട്. പുരോഹിതന്മാരുടെയും മത നേതാക്കളുടെയും ഗുഡ് സർവീസ് എൻട്രി ലഭിക്കാതെ സ്വന്തം ബോധ്യങ്ങളിൽ അടിയുറച്ച് ജീവിച്ച ശക്തരായ ഇത്തരം വനിതകൾ കൂടി ചേർന്നതാണ് ഇസ്‌ലാമിക ചരിത്രം.

പുരുഷാധിപത്യത്തെ ചോദ്യം ചെയ്ത ചരിത്ര വനിതകൾ

മുഹമ്മദ് നബിയുടെ വിയോഗാനന്തരം പുരുഷാധിപത്യ മതബോധങ്ങൾക്കെതിരെ നിലപാടെടുത്ത ആദ്യത്തെ വനിത നബി പത്നിയായിരുന്ന ആയിശ ബിൻത് അബൂബക്കറായിരുന്നു. ഇസ്‌ലാമിക സമൂഹത്തിലും ഭരണതലത്തിലും ശക്തമായ സാന്നിധ്യമായിരുന്ന ആയിശ പൗരോഹിത്യ പ്രവണതകൾക്കെതിരിലും, അക്കാലത്ത് രൂപംകൊണ്ടിരുന്ന ചില പുരുഷാധിപത്യ സമീപനങ്ങൾക്കെതിരെയും ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. പ്രവാചകൻ്റെ അനുചരരായ പ്രമുഖർ നിവേദനം ചെയ്തിരുന്ന പല ഹദീസുകളെയും ആയിശ നിശിതമായി പരിശോധിക്കുകയും തെറ്റാണെന്ന് ബോധ്യപ്പെട്ടവയെ ധൈര്യസമേതം തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിസ്കാരത്തിന് മുന്നിൽ നായയോ കഴുതയോ സ്ത്രീയോ കടന്നുപോയാൽ നിസ്കാരം മുറിഞ്ഞുപോകും എന്ന് ചില പുരുഷന്മാർ വാദിച്ചപ്പോൾ ആയിശ അതിനെ ശക്തമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു. സ്ത്രീകൾ നിസ്കാരത്തിന് തടസ്സമാണെന്ന രീതിയിലുള്ള ആൺകോയ്മാ പ്രകൃതമുള്ള വ്യാഖ്യാനങ്ങളെ അവർ പരസ്യമായി തിരുത്തി. സ്ത്രീകൾ മതരംഗത്തോ പൊതു കാര്യങ്ങളിലോ ഇടപെടാൻ പാടില്ലെന്ന എല്ലാ കാലത്തെ പൗരോഹിത്യ വിചാരങ്ങൾക്കും ആയിശ വലിയ പ്രഹരം ഏൽപിച്ചു. പുരുഷ പണ്ഡിതന്മാരുടെ സദസ്സുകളിൽ പോലും തന്റെ അറിവും പ്രൗഢിയും കൊണ്ട് ആയിശ ആധിപത്യം സ്ഥാപിച്ചു. പുരുഷന്മാർ മാത്രം മതവിധി നൽകുക എന്ന രീതിയെ അവർ മാറ്റിമറിച്ചു. മദീനയിലെ പ്രമുഖരായ പലരും സംശയ ദൂരീകരണങ്ങൾക്കും മത തീരുമാനങ്ങൾക്കുമായി വിശ്വാസികളുടെ മാതാവെന്ന് അറിയപ്പെട്ടിരുന്ന മഹതി ആയിശയെയായിരുന്നു സമീപിച്ചിരുന്നത്. ഇതെല്ലാം ഇസ്‌ലാമിൻ്റെ അധികാരികമായ ചരിത്ര രേഖകളിൽ കാണാൻ സാധിക്കുന്നവയാണ്. പുരുഷാധിപത്യപരമായ ഒരു സമൂഹത്തിൽ ഒരു സ്ത്രീ പ്രമുഖരായ പണ്ഡിതന്മാരുടെയും നേതാക്കളുടെയും ഗുരുനാഥയായി നിലകൊണ്ടു എന്നത് സ്ത്രീ വിരുദ്ധരായ അക്കാലത്തെ നേതാക്കളെ വലിയ നിലയിൽ പ്രകോപിപ്പിച്ചിട്ടുണ്ടായിരുന്നു.

തന്നെ ഇല്ലായ്മ ചെയ്യാനായി വന്ന പുരുഷ പക്ഷപാതികളായ പുരോഹിതരെ നിശിതമായ നിലയിലാണ് ശജറത്ത് നേരിട്ടത്. സ്ത്രീകൾക്ക് ഭരണത്തിൽ സ്ഥാനമില്ലെന്ന പൗരോഹിത്യത്തിന്റെ മതപരമായ വിലക്കിനെ തന്റെ ഭരണ നേട്ടങ്ങൾ കൊണ്ട് അവർ തിരുത്തിക്കുറിച്ചു. മതപരമായ പദവിയും അധികാരവും ഉപയോഗിച്ച് തന്നെ താഴെയിറക്കാൻ ശ്രമിച്ച പുരുഷാധിപത്യ നീക്കത്തിന് മുന്നിൽ അവർ കീഴടങ്ങിയില്ല

സ്ത്രീകൾക്ക് ഭരണാധികാരിയാകാൻ അവകാശമില്ലെന്നും അത് ഇസ്‌ലാമിക നിയമങ്ങൾക്ക് എതിരാണെന്നുമുള്ള യാഥസ്ഥിതിക, പൗരോഹിത്യ വാദങ്ങളെ നിഷ്കരുണം തട്ടിത്തെറിപ്പിച്ച് കൊണ്ട് സ്വയം അധികാരം ഏറ്റെടുത്ത ശജറത്തുദ്ദുർ എന്ന വനിത ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യകാല ഫെമിനിസ്റ്റുകളിൽ ഒരാളാണെന്ന് നമുക്ക് കരുതാവുന്നതാണ്. മധ്യകാലഘട്ടത്തിലെ മംലൂക്കിയ സാമ്രാജ്യത്തിലെ ഭരണാധികാരിയായാണ് ശജറത്തുദ്ദുർ മാറിയത്. തന്നെ ഇല്ലായ്മ ചെയ്യാനായി വന്ന പുരുഷ പക്ഷപാതികളായ പുരോഹിതരെ നിശിതമായ നിലയിലാണ് ശജറത്ത് നേരിട്ടത്. സ്ത്രീകൾക്ക് ഭരണത്തിൽ സ്ഥാനമില്ലെന്ന പൗരോഹിത്യത്തിന്റെ മതപരമായ വിലക്കിനെ തന്റെ ഭരണ നേട്ടങ്ങൾ കൊണ്ട് അവർ തിരുത്തിക്കുറിച്ചു. മതപരമായ പദവിയും അധികാരവും ഉപയോഗിച്ച് തന്നെ താഴെയിറക്കാൻ ശ്രമിച്ച പുരുഷാധിപത്യ നീക്കത്തിന് മുന്നിൽ അവർ കീഴടങ്ങിയില്ല. രാഷ്ട്രീയമായ തന്ത്രങ്ങൾ മെനഞ്ഞും ഭരണപരമായ സ്വാധീനം നിലനിർത്തിയും പൗരോഹിത്യത്തെ നേരിട്ട ശജറത്തുദുർ പൗരോഹിത്യം കൂച്ചു വിലങ്ങിട്ട് തളയ്ക്കാൻ നോക്കുന്ന പുതിയ കാലത്തെ മുസ്‌ലിം സ്ത്രീകൾക്ക് ഒരു മാതൃകയാണ്.

മൊറോക്കോയിൽ നിന്നുള്ള പ്രമുഖ ഇസ്ലാമിക ഫെമിനിസ്റ്റ് ചിന്തകയും സോഷ്യോളജിസ്റ്റുമായിരുന്ന ഫാത്തിമ മെർനീസി ഇസ്ലാമിക പ്രമാണങ്ങളെയും ചരിത്രത്തെയും പുരുഷാധിപത്യപരമായ രീതിയിൽ വ്യാഖ്യാനിക്കുന്ന പൗരോഹിത്യ ലോബിക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത താത്ത്വിക പോരാട്ടം നയിച്ച ഒരു ധീര വനിതയാണ്. ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ സ്ത്രീകൾക്ക് സാമൂഹികമായും രാഷ്ട്രീയമായും ലഭിച്ചിരുന്ന തുല്യതയും സ്വാതന്ത്ര്യവും പിൽക്കാലത്ത് പുരുഷാധിപത്യ രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി പൗരോഹിത്യം ബോധപൂർവ്വം മറച്ചുപിടിക്കുകയാണുണ്ടായതെന്ന് അവർ തന്റെ പഠനങ്ങളിലൂടെ സമർത്ഥിച്ചു. വിശിഷ്യാ, രാഷ്ട്രീയ അധികാരം പങ്കുവെക്കുന്നതിൽ നിന്നും പൊതുരംഗത്തുനിന്നും സ്ത്രീകളെ വിലക്കിക്കൊണ്ട് പ്രചരിപ്പിക്കപ്പെട്ട പല ഹദീസുകളെയും പ്രമാണങ്ങളെയും അവർ ചരിത്രപരമായ സന്ദർഭങ്ങളുടെ വെളിച്ചത്തിൽ നിശിതമായി പരിശോധിക്കുകയും, അവയുടെ സ്ത്രീവിരുദ്ധമായ രാഷ്ട്രീയ ഉള്ളടക്കത്തെ തുറന്നുകാട്ടുകയും ചെയ്തു. ഖുർആന്റെയും പ്രവാചക ചര്യയുടെയും യഥാർത്ഥ അന്തസ്സത്ത സമത്വത്തിലും നീതിയിലുമാണെന്ന് വാദിച്ച മെർനീസി, മതത്തെ യാഥസ്ഥിതിക പൗരോഹിത്യത്തിന്റെ പിടിയിൽ നിന്നും മോചിപ്പിച്ചുകൊണ്ട്, സ്ത്രീപക്ഷത്ത് നിന്നുള്ള പുതിയൊരു വൈജ്ഞാനിക പാതയ്ക്കും ഇസ്ലാമിക നവോത്ഥാന ചിന്തയ്ക്കും അടിത്തറ പാകി. ലോകത്തെ അനേകം വിദ്യാസമ്പന്നകളും ചിന്താശീലമുള്ളവരുമായ മുസ്‌ലിം യുവതികളെ ഫാത്തിമ മെർനീസി ശക്തമായി സ്വാധീനിച്ചു. മതത്തെ സംബന്ധിച്ചുള്ള അനേകം അബദ്ധ ധാരണകളെ അവർ പണ്ഡിതോചിതമായി തിരുത്തി. യാഥാസ്ഥിതിക പണ്ഡിതന്മാരുടെ വാദമുനകളെ നിഷ്പ്രഭമാക്കാൻ പോന്ന വിധം ശക്തിമത്തായിരുന്നു മെർനീസിയുടെ പ്രാമാണികമായ വായനകളും വ്യാഖ്യാനങ്ങളും.

ആധുനിക ഇസ്ലാമിക ഫെമിനിസത്തിന്റെ മുൻനിര പോരാളികളിൽ പ്രമുഖയായി അറിയപ്പെടുന്ന മുസ്‌ലിം പണ്ഡിതയും എഴുത്തുകാരിയുമാണ് ആമിന വദൂദ്. ഇസ്‌ലാമിൻ്റെ പുരുഷാധിപത്യപരമായ വ്യാഖ്യാനങ്ങളെയും കാലഹരണപ്പെട്ട പുരോഹിത നിലപാടുകളെയും ചോദ്യം ചെയ്തുകൊണ്ട് ഇസ്ലാമിക ഗ്രന്ഥങ്ങളെ സ്ത്രീപക്ഷത്തുനിന്നു പുനർവായന നടത്തിക്കൊണ്ടാണ് ആമിന മുസ്‌ലിം ലോകത്ത് ശ്രദ്ധേയമായത്.

ഖുർആൻ മുന്നോട്ടുവെക്കുന്നത് സമ്പൂർണ്ണ നീതിയും സമത്വവുമാണെന്ന് ആമിന വദൂദ് വാദിച്ചു. നൂറ്റാണ്ടുകളായി പുരുഷന്മാരായ പണ്ഡിതന്മാർ തങ്ങളുടെ സാമൂഹിക സാഹചര്യങ്ങളുടെയും പുരുഷാധിപത്യ ചിന്തകളുടെയും സ്വാധീനത്താൽ ഖുർആൻ വചനങ്ങളെ സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്നും അവർ വാദിച്ചു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, സംരക്ഷണം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ പുരോഹിതന്മാർ പുലർത്തുന്ന വാശികൾ സ്ത്രീകൾക്ക് രണ്ടാം കിട പൗരന്മാരുടെ പരിഗണന മാത്രമാണ് നൽകുന്നതെന്ന് അവർ തുറന്നടിച്ചു

ആധുനിക കാലഘട്ടത്തിലെ മുസ്ലിം പൗരോഹിത്യത്തെയും അവരുടെ സ്ത്രീവിരുദ്ധ നിലപാടുകളെയും പ്രതിരോധിച്ച് കൊണ്ട് ആമിന വദൂദ് മുന്നോട്ട് വെച്ച വാദങ്ങൾ മുസ്‌ലിം പൗരോഹിത്യത്തെ വിറളി പിടിപ്പിക്കാൻ പര്യാപ്തമായതായിരുന്നു. മതത്തിൻ്റെ അടിസ്ഥാനങ്ങളെ പൂർണമായും ഉൾക്കൊണ്ട് കൊണ്ടാണ് ആമിന വദൂദ് തൻ്റെ വാദങ്ങൾ ഉയർത്തിയത്. ഖുർആൻ മുന്നോട്ടുവെക്കുന്നത് സമ്പൂർണ്ണ നീതിയും സമത്വവുമാണെന്ന് ആമിന വദൂദ് വാദിച്ചു. നൂറ്റാണ്ടുകളായി പുരുഷന്മാരായ പണ്ഡിതന്മാർ തങ്ങളുടെ സാമൂഹിക സാഹചര്യങ്ങളുടെയും പുരുഷാധിപത്യ ചിന്തകളുടെയും സ്വാധീനത്താൽ ഖുർആൻ വചനങ്ങളെ സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കുകയാണുണ്ടായതെന്നും അവർ വാദിച്ചു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, സംരക്ഷണം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ പുരോഹിതന്മാർ പുലർത്തുന്ന വാശികൾ സ്ത്രീകൾക്ക് രണ്ടാം കിട പൗരന്മാരുടെ പരിഗണന മാത്രമാണ് നൽകുന്നതെന്ന് അവർ തുറന്നടിച്ചു. ഇതിനെതിരെ മുസ്വാവ പോലുള്ള ആഗോള പ്രസ്ഥാനങ്ങളിലൂടെ നിയമവ്യവസ്ഥാ മാറ്റങ്ങൾക്കായി അവർ ശക്തമായി പ്രയത്നിച്ചു. കുടുംബത്തിൽ പുരുഷന് സ്ത്രീയേക്കാൾ ഉയർന്ന അധികാരമുണ്ടെന്ന പ്രയോഗത്തെ സാമൂഹ്യ ശാസ്ത്രപരമായി അവർ വ്യാഖ്യാനിച്ചു. പള്ളിയിലോ പൊതു സമൂഹത്തിലോ സ്ത്രീകൾക്ക് നേതൃസ്ഥാനങ്ങൾ നിഷേധിക്കുന്ന പൗരോഹിത്യ ശാഠ്യത്തിനെതിരെ അവർ മത നിയമങ്ങളും തത്വങ്ങളും തന്നെ ചൂണ്ടിക്കാണിച്ച് കൊണ്ട് പ്രതികരിച്ചു. 2005ൽ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഒരു വലിയ സംഘത്തിന് ഇമാമായി നിന്ന് അവർ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയത് ലോകമെമ്പാടുമുള്ള യാഥാസ്ഥിതിക പൗരോഹിത്യ കേന്ദ്രങ്ങളിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. മതം ഏതെങ്കിലും ഒരു പ്രത്യേക പുരുഷ പണ്ഡിത വിഭാഗത്തിന്റെ കുത്തകയല്ലെന്നും, സാധാരണക്കാർക്കും സ്ത്രീകൾക്കും മതഗ്രന്ഥങ്ങളെ സ്വന്തം ബുദ്ധിയും കാലികാവബോധവും വെച്ച് വ്യാഖ്യാനിക്കാനുള്ള അവകാശമുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. വിവിധ കാലഘട്ടങ്ങളിൽ ഇസ്ലാമിക സമൂഹങ്ങളിൽ നിലനിന്ന പൗരോഹിത്യത്തിനും പുരുഷാധിപത്യത്തിനും എതിരെ പോരാടിയ ഏതാനും സ്ത്രീകളുടെ ചരിത്രം മാത്രമാണ് മുകളിൽ വിവരിച്ചത്. ഈ പട്ടിക വിപുലപ്പെടുത്തിയാൽ ഇത്തരം നൂറുകണക്കിന് സ്ത്രീകളെ ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.

സംഘടനകളും പ്രസ്ഥാനങ്ങളും

ഇസ്ലാമിനുള്ളിൽ നിന്നുകൊണ്ട് തന്നെ, മതഗ്രന്ഥങ്ങളുടെയും ചരിത്രത്തിന്റെയും പുരുഷകേന്ദ്രീകൃത വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്തു കൊണ്ടും, സ്ത്രീകളുടെ തുല്യാവകാശങ്ങൾക്കായി വാദിച്ചുകൊണ്ടും രൂപംകൊണ്ട ഒരു പ്രസ്ഥാനമാണ് ഇസ്ലാമിക ഫെമിനിസം. ഒരു സംഘടനയായല്ല, ഒരു ആശയ ധാരയായാണ് ഇസ്‌ലാമിക ഫെമിനിസം രൂപം കൊണ്ടതും വികസിച്ചതും. മതം സ്ത്രീവിരുദ്ധമല്ലെന്നും, പിൽക്കാലത്ത് പുരുഷന്മാർ വ്യാഖ്യാനിച്ചെടുത്ത നിയമങ്ങളും സാമൂഹികാചാരങ്ങളുമാണ് സ്ത്രീകൾക്ക് എതിരായി മാറിയതെന്നുമാണ് ഈ ആശയധാര അടിസ്ഥാനപരമായി വാദിക്കുന്നത്. കലാലയങ്ങളിലും അക്കാദമികമായും വലിയ സ്വാധീനമുണ്ടാക്കിയ ഇസ്‌ലാമിക ഫെമിനിസം നേർക്ക് നേരെ പോരാടുന്നത് മതത്തിനുള്ളിലെ പുരുഷാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്ന പൗരോഹിത്യത്തോടാണ്. അനേകം പുസ്തകങ്ങളും മറ്റ് രചനകളും ഈ വിഷയത്തിൽ ലോകത്തെ വിവിധ ഭാഷകളിലായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ലോകത്തെ അനേകം മുസ്‌ലിം കലാലയങ്ങളിൽ ശക്തമായ വേരുകളോടെ ഇത് പ്രവർത്തിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഇസ്‌ലാമിക ഫെമിനിസം ഒരു ഇസ്‌ലാം വിരുദ്ധ ആശയമാണെന്ന് പ്രചരിപ്പിക്കാനാണ് പൗരോഹിത്യം നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

1988 ൽ മലേഷ്യയിൽ രൂപംകൊണ്ട ഒരു സ്ത്രീ മുന്നേറ്റ സംഘടനയാണ് സിസ്റ്റേഴ്സ് ഇൻ ഇസ്ലാം. ഇസ്ലാമിക ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുൻനിരക്കാരിൽ ഉൾപ്പെടുന്ന ഒരു സംഘടനയാണിത്. ​മുസ്ലിം കുടുംബ നിയമങ്ങളിലെയും ശരീഅത്ത് നിയമങ്ങളിലെയും സ്ത്രീവിരുദ്ധ വ്യാഖ്യാനങ്ങൾക്കെതിരെ ശക്തമായി അവർ പ്രചാരണം നടത്തി. ​ബഹുഭാര്യത്വം, ശൈശവ വിവാഹം, ഗാർഹിക പീഡനം, സ്ത്രീകളുടെ വസ്ത്രധാരണത്തിലെ സദാചാര പോലീസിംഗ് എന്നിവയ്‌ക്കെതിരെ അവർ ബോധവൽക്കരണം നടത്തി. ഖുർആൻ മുന്നോട്ടുവെക്കുന്ന നീതിയുടെയും സമത്വത്തിന്റെയും ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നിയമപരിഷ്കരണങ്ങൾക്കായി സർക്കാറുകളിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് അവർ മലേഷ്യൻ മുസ്‌ലിം സമൂഹത്തിൽ നിർണായകമായ തിരുത്തൽ ശക്തിയായി നിലകൊണ്ടു. 2009ൽ മലേഷ്യയിൽ തന്നെ രൂപം കൊണ്ട ഒരു ആഗോള പ്രസ്ഥാനമാണ് മുസാവഹ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിം സ്ത്രീ സംഘടനകളും ആക്ടിവിസ്റ്റുകളും ഇതിൽ അംഗങ്ങളായി അണിനിരന്നിട്ടുണ്ട്. മുസ്‌ലിം കുടുംബങ്ങളിൽ മതത്തിൻ്റെ പേരിൽ നിലനിൽക്കുന്ന പാട്രിയാർക്കിയൽ കാഴ്ചപ്പാടുകൾക്കെതിരെ ബോധവത്കരണം നടത്തലും ​മുസ്‌ലിം കുടുംബങ്ങളിലും സമൂഹങ്ങളിലും തുല്യതയും നീതിയും ഉറപ്പാക്കലുമാണ് സംഘടനയുടെ മുഖ്യമായ ലക്ഷ്യം.​ഇസ്ലാമിക നിയമശാസ്ത്രത്തെ/ ഫിഖ്ഹിനെ സ്ത്രീകളുടെ ജീവിതാനുഭവങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വെളിച്ചത്തിൽ പുനർവായിക്കാനായി അനേകം പദ്ധതികൾ ഈ പ്രസ്ഥാനം ആവിഷ്കരിച്ചിട്ടുണ്ട്.

മീന കേശ്വർ കമാൽ എന്ന ധീരവനിതയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിൽ സ്ഥാപിതമായ സ്ത്രീ മുന്നേറ്റ പ്രസ്ഥാനമാണ് റെവല്യൂഷണറി അസോസിയേഷൻ ഓഫ് ദി വിമൻ ഓഫ് അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണകൂടത്തിന്റെയും മൗലികവാദികളുടെയും കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ രഹസ്യമായും പരസ്യമായും ഇവർ പോരാടി

1977ൽ മീന കേശ്വർ കമാൽ എന്ന ധീരവനിതയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിൽ സ്ഥാപിതമായ സ്ത്രീ മുന്നേറ്റ പ്രസ്ഥാനമാണ് റെവല്യൂഷണറി അസോസിയേഷൻ ഓഫ് ദി വിമൻ ഓഫ് അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണകൂടത്തിന്റെയും മൗലികവാദികളുടെയും കടുത്ത സ്ത്രീവിരുദ്ധ നിയമങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ രഹസ്യമായും പരസ്യമായും ഇവർ പോരാടി. ​അഫ്ഗാൻ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രഹസ്യമായി വിദ്യാലയങ്ങളും ആരോഗ്യ കേന്ദ്രങ്ങളും നടത്തിക്കൊണ്ട് വിദ്യാഭ്യാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശം അഫ്ഗാനിസ്താനിലെ വനിതകൾക്കിടയിൽ ഇവർ എത്തിച്ചു.
​പുരുഷാധിഷ്ഠിത ഇസ്‌ലാമിക ഭാഷ്യത്തിൻ്റെ മൂർത്തിമ രൂപമായ താലിബാൻ്റെ കിരാതമായ സ്ത്രീ വിരുദ്ധതക്കെതിരെയായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. മതത്തെ പുരുഷൻ പുരുഷൻ്റെ താത്പര്യങ്ങൾ മുൻ നിർത്തി വ്യാഖാനിക്കുന്ന രീതിശാസ്ത്രമാണ് സമകാലിക ലോകത്ത് ഇസ്‌ലാം നേരിടുന്ന യഥാർത്ഥ പ്രശ്നമെന്ന് അവർ തിരിച്ചറിഞ്ഞു. ഖുർആനും ഹദീസുകളും ചരിത്രപരമായി പുരുഷന്മാരാണ് വ്യാഖ്യാനിച്ചിട്ടുള്ളതെന്നും, അതിനാൽ ഇന്നത്തെ കാലഘട്ടത്തിലെ നീതിബോധത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനത്തിൽ ആ ഗ്രന്ഥങ്ങളെ സ്ത്രീകൾ തന്നെ മുൻകൈയെടുത്ത് പുനർവായിക്കണമെന്നും ഇവർ വാദിച്ചു. ഇസ്ലാമിന്റെ പേരിൽ സമൂഹത്തിൽ നിലനിൽക്കുന്ന പല അടിച്ചമർത്തലുകളും മതപരമല്ലെന്നും അവ പുരുഷമേധാവിത്വപരമായ നാട്ടുനടപ്പുകളാണെന്നും ഇവർ വിശ്വാസി സമൂഹത്തെ ബോധവത്കരിച്ചു. ഒരു സ്ത്രീക്ക് മുസ്ലിമായിരിക്കെ തന്നെ തുല്യനീതിയും സ്വാതന്ത്ര്യവും മതേതര സമൂഹത്തിലെ പൗരാവകാശങ്ങളും ആസ്വദിക്കാൻ കഴിയുമെന്ന് ഇവർ പ്രവൃത്തിയിലൂടെ തെളിയിച്ചു. ​മതപരമായ ഇടങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് പകരം, മതത്തിനുള്ളിൽ നിന്ന് തന്നെ അതിരുകളെ ചോദ്യം ചെയ്യുകയും ലിംഗനീതിക്കായുള്ള അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുക വഴി ഈ പ്രസ്ഥാനങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലിം സ്ത്രീകൾക്ക് വലിയൊരു ഊർജ്ജമാണ് നൽകിയിട്ടുള്ളത്.

ഇന്ത്യയിൽ മുസ്ലിം സ്ത്രീകളുടെ സാമൂഹികമായ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഏറ്റവും പ്രമുഖമായ ദേശീയ പ്രസ്ഥാനങ്ങളിലൊന്നാണ് ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളൻ. 2007ലാണ് ഇത് രൂപീകൃതമായത്. ​മുസ്ലിം വ്യക്തിനിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിരന്തരമായ പോരാട്ടം നടത്തിക്കൊണ്ടാണ് സംഘടന ശ്രദ്ധേയമാകുന്നത്. സ്വഭാവികമായും പുരുഷാധിഷ്ഠിതമായ മുഖ്യധാര മുസ്‌ലിം സംഘടനകൾക്ക് ഇവരെയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.​ഉത്തരേന്ത്യയിലും മറ്റും സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനായി സ്ത്രീകൾ തന്നെ ഖാസിമാരായി പ്രവർത്തിക്കുന്ന സമാന്തര 'ശരീഅത്ത് കോടതികൾ' സ്ഥാപിച്ചു കൊണ്ട് സ്ത്രീ വിഷയങ്ങളെ ഇവർ കൈകാര്യം ചെയ്ത് തുടങ്ങിയത് വലിയ വിവാദമായിരുന്നു. ​മുത്തലാഖ് സമ്പ്രദായത്തിനെതിരെ ശക്തമായ നിയമപരമായ പോരാട്ടങ്ങൾ നയിക്കുന്നതിലും ഈ സംഘടന നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്

സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങൾ കേരളത്തിൽ

പടിഞ്ഞാറൻ മാതൃകയിലുള്ള വിമർശനാത്മകമായ കടുത്ത ശൈലികളിൽ നിന്നും വ്യത്യസ്തമായി, ഇസ്ലാമിക വിശ്വാസത്തോടും പാരമ്പര്യത്തോടും കൂടുതൽ ചേർന്നുനിന്നുകൊണ്ട് മതപരമായ പ്രമാണങ്ങളുടെ പിൻബലത്തോടെ സ്ത്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനും ദൃശ്യവൽക്കരണത്തിനും വേണ്ടി ശബ്ദമുയർത്തുന്ന വ്യക്തികളും ചെറുകൂട്ടായ്മകളുമാണ് കേരളത്തിൽ കൂടുതൽ സജീവമായുള്ളത്. യാഥാസ്ഥിതിക സുന്നി മത സംഘടനകളല്ലാത്ത മറ്റ് സംഘടനകൾ അവരുടേതായ സ്ത്രീ സംഘടനകൾക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും അവർക്കൊന്നും ആഖ്യാന സ്വാതന്ത്ര്യമില്ല. പുരുഷാധിഷ്ഠിത മതാഖ്യാനങ്ങളെ ഉൾക്കൊള്ളാനല്ലാതെ സ്ത്രീകളുടെ സാമൂഹിക ജീവിതത്തെക്കൂടി ഉൾക്കൊണ്ട് കൊണ്ടും അവരെ സ്വതന്ത്രരാക്കിയുമുള്ള ഒരു ഖുർആൻ വ്യാഖ്യാനത്തിനോ മതവീക്ഷണ രൂപീകരണത്തിനോ ഉള്ള ശ്രമങ്ങൾ അവിടെ നിന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല. എന്നാൽ ഇത്തരം സംഘടനാധിഷ്ഠിത മേഖലകൾക്ക് പുറത്ത് ഒറ്റക്കും തെറ്റക്കും അത്തരം ലക്ഷ്യങ്ങൾക്കായി പല ശ്രമങ്ങളും നടന്നിട്ടുണ്ട്. മുഖ്യധാരാ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പുരുഷകേന്ദ്രീകൃത നിലപാടുകളെ വിമർശിച്ചും, അതേസമയം മതത്തിൻ്റെയും വിശ്വാസത്തിന്റെയും അടിത്തറ കൈവിടാതെയും നിലകൊണ്ട ചില രീതികൾ കേരളത്തിലും ദൃശ്യമായിട്ടുണ്ട്.

​കേരളത്തിൽ എവിടെയെങ്കിലും ഔദ്യോഗികമായി ഒരു സംഘം ഇസ്ലാമിക ഫെമിനിസ്റ്റ് സംഘടന എന്ന ലേബലിൽ രജിസ്റ്റർ ചെയ്യപ്പെട്ട് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. എന്നാൽ അക്കാദമിക തലത്തിലും സാംസ്കാരിക രംഗത്തും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഈ ആശയം ശക്തമായി മുന്നോട്ടുവെക്കപ്പെടുന്നുണ്ട്. ഈ ആശയത്തിൽ സ്വതന്ത്രമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന എഴുത്തുകാരും ചിന്തകരും അക്കാദമികരുമായ ധാരാളം മുസ്ലിം സ്ത്രീകളുമുണ്ട്.​ മതഗ്രന്ഥങ്ങളുടെയും ചരിത്രത്തിന്റെയും പുരുഷാധിപത്യ വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യുക, ഖുർആനിക വചനങ്ങളെ ലിംഗനീതിയുടെ വെളിച്ചത്തിൽ പുനർവായിക്കുക തുടങ്ങിയ മൗലികപരമായ കാര്യങ്ങളിൽ ഇവർ ശ്രദ്ധേയമായ ചർച്ചകൾ രൂപപ്പെടുത്തുന്നു. ​പരമ്പരാഗത മഹല്ല് സംവിധാനങ്ങൾ, വിവാഹമോചന നിയമങ്ങൾ, സ്വത്തവകാശം, പൊതുവിടങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം എന്നിവയിലെ അനീതികൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് ഇത്തരം വ്യക്തികളും സ്വതന്ത്ര ആക്ടിവിസ്റ്റുകളുമാണ്.

ഒരു സംഘടന എന്ന നിലയിൽ പ്രവർത്തന മേഖലയിൽ നൈരന്തര്യമില്ലായ്മയുണ്ടെങ്കിലും മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ടുയർന്ന് വന്നിട്ടുള്ള അനേകം പ്രശ്നങ്ങളിൽ ധീരമായ നിലപാടുകൾ കൈക്കൊണ്ടിട്ടുള്ള ഒരു സംഘടനയാണിത്. മുസ്ലിം വ്യക്തിനിയമങ്ങളിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾക്കെതിരെയും, ലിംഗനീതി നിഷേധിക്കുന്ന പുരുഷാധിപത്യ പ്രവണതകൾക്കെതിരെയും ശക്തമായ നിയമപോരാട്ടങ്ങളും ചർച്ചകളും നിസ സംഘടിപ്പിച്ചിട്ടുണ്ട്

കേരളത്തിൽ മുസ്ലിം സ്ത്രീകൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു പുരോഗമന ത്വരയുള്ള സ്വതന്ത്ര സംഘടനയാണ് നിസ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം മതസംഘടനകളുടെ യാതൊരുവിധ ഔദ്യോഗിക നിയന്ത്രണങ്ങൾക്കോ പുരോഹിത മേൽക്കോായ്മയ്ക്കോ വിധേയമല്ലാതെയാണ് രൂപം കൊണ്ടിട്ടുള്ളത്. ഒരു സംഘടന എന്ന നിലയിൽ പ്രവർത്തന മേഖലയിൽ നൈരന്തര്യമില്ലായ്മയുണ്ടെങ്കിലും മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ടുയർന്ന് വന്നിട്ടുള്ള അനേകം പ്രശ്നങ്ങളിൽ ധീരമായ നിലപാടുകൾ കൈക്കൊണ്ടിട്ടുള്ള ഒരു സംഘടനയാണിത്. മുസ്ലിം വ്യക്തിനിയമങ്ങളിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾക്കെതിരെയും, ലിംഗനീതി നിഷേധിക്കുന്ന പുരുഷാധിപത്യ പ്രവണതകൾക്കെതിരെയും ശക്തമായ നിയമപോരാട്ടങ്ങളും ചർച്ചകളും ഈ സംഘടന സംഘടിപ്പിച്ചിട്ടുണ്ട്. മുത്തലാഖ് വിഷയം, അനന്തരാവകാശ തുല്യത, പള്ളിപ്രവേശന അവകാശം, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യധാരാ മതപുരോഹിതന്മാരുടെ നിലപാടുകളെ തുറന്നെതിർക്കാനും സ്ത്രീകൾക്ക് സ്വതന്ത്രമായ അവകാശങ്ങൾ വാദിച്ചെടുക്കാനും നിസ നടത്തിയിട്ടുള്ള നീക്കങ്ങൾ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുടെ അടിത്തറയായിട്ടുണ്ട്.

കേരളത്തിലെ മുസ്ലിം വ്യക്തിനിയമങ്ങളിലെ അസമത്വങ്ങൾക്കും ലിംഗവിവേചനത്തിനുമെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കാനായി പുരോഗമന സ്വഭാവമുള്ള സ്ത്രീകളും സാമൂഹിക പ്രവർത്തകരും ചേർന്ന് രൂപീകരിച്ച ഒരു സ്വതന്ത്ര കൂട്ടായ്മയാണ് ഫോറം ഫോർ മുസ്ലിം വിമൻ ജെൻഡർ ജസ്റ്റിസ്. മുസ്ലിം അനന്തരാവകാശ നിയമത്തിലെ വിവേചനങ്ങൾക്കും, സ്ത്രീകൾക്ക് തുല്യ സ്വത്തവകാശം നിഷേധിക്കുന്ന വ്യവസ്ഥകൾക്കും എതിരെ ശക്തമായ നിയമപരമായ തിരുത്തലുകൾ ആവശ്യപ്പെടുന്ന ഈ പ്രസ്ഥാനം പൗരോഹിത്യത്തിൻ്റെ സ്ത്രീ വിരുദ്ധ ആഖ്യാനങ്ങളെ രാജ്യത്തിൻ്റെ ഭരണഘടനയും നിയമവും ഉയർത്തി പ്രതിരോധിക്കാനാണ് കൂടുതൽ ശ്രമിക്കുന്നത്. മത സംഘടനകളുടെ യാഥാസ്ഥിതിക നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് ലിംഗനീതി അടിയന്തരമായി നടപ്പിലാക്കണമെന്ന് ഇവർ വാദിക്കുന്നു. നിരന്തരമായ ബോധവത്കരണങ്ങളും പ്രശ്നാധിഷ്ഠിതമായ നിരവധി പരിപാടികളുമായി മുസ്‌ലിം സാമൂഹിക പരിസരങ്ങളിൽ ശക്തമായ ഒരു സാന്നിധ്യമായി ഈ സംഘടന ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.

ഇത് കൂടാതെ ​കേരളത്തിലെ സർവ്വകലാശാലകളിലും കാമ്പസുകളിലുമുള്ള മുസ്ലിം പെൺകുട്ടികളുടെ കൂട്ടായ്മകൾ ഇസ്ലാമിക പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ ലിംഗനീതിയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തിരികൊളുത്താറുണ്ട്.
​പള്ളിപ്രവേശം, അനന്തരാവകാശം, പ്രാതിനിധ്യം, ഖബറടക്ക ചടങ്ങുകളിലെ സ്ത്രീ സാന്നിധ്യം, മഹല്ല് കമ്മറ്റികളിലെ സ്ത്രീ സാന്നിധ്യം തുടങ്ങിയ പരമ്പരാഗത വിലക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമുള്ള ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നത് ഈ യുവതലമുറയാണ്. ഇവരെല്ലാം ചേർന്ന് വലിയൊരു ആശയപരമായ മാറ്റം വളരെ പതുക്കെയാണെങ്കിലും ഇവിടെ നടക്കുന്നുണ്ട്. മതത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുന്ന സാംസ്കാരിക യാഥാസ്ഥിതികതയെയും പുരുഷാധിപത്യത്തെയും ചോദ്യം ചെയ്യുക വഴി, മുസ്ലിം സ്ത്രീകളുടെ ദൃശ്യവൽക്കരണത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള ശക്തമായ അടിത്തറയാണ് ഇവർ കേരളത്തിൽ പാകുന്നത്.

സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കുമ്പോൾ അടവെച്ച് വിരിക്കുന്നത് പോലെ തങ്ങൾ രൂപപ്പെടുത്തുന്ന സ്ത്രീ വിരുദ്ധതയുടെ നിർമിത മനോഭാവങ്ങളുമായി വളരുന്ന തങ്ങളുടെ തന്നെ സ്ത്രീ കൂട്ടങ്ങളെ ചൂണ്ടിക്കാണിച്ചാണ് അവർ ഇപ്പോഴും പ്രതിരോധിക്കുന്നത്. തങ്ങൾ സ്ത്രീകൾക്ക് ' നൽകുന്ന' സ്വാതന്ത്ര്യത്തെ പറ്റിയാണ് അവർ വാചാലരാകുന്നത്

ലോകത്തെല്ലായിടത്തേയും പോലെ പൗരോഹിത്യവും പൗരോഹിത്യത്തെ മുറുകെപ്പിടിക്കുന്ന സംഘടനകളും കേരളത്തിലും പരിഭ്രാന്തിയിലാണ്. മുമ്പെങ്ങുമില്ലാത്ത വിധം തങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതും മതമുയർത്തി തങ്ങൾ നിലനിർത്തിയിട്ടുള്ള ഒരു പ്രതിരോധത്തിൻ്റെ മതിൽ തകർന്ന് വീഴുന്നതും മതത്തിനുള്ളിലെ പുരുഷാധിപത്യ ധാരയെ വലിയ നിലയിൽ അസ്വസ്ഥപ്പെടുത്തുന്നു. അപ്പോഴും തങ്ങളുടെ സ്ഥാനങ്ങളെയും നിലപാടുകളെയും സംരക്ഷിക്കാൻ സാധ്യമാകുന്ന എല്ലാ പ്രതിരോധവും അവർ തീർക്കുന്നുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കുമ്പോൾ അടവെച്ച് വിരിക്കുന്നത് പോലെ തങ്ങൾ രൂപപ്പെടുത്തുന്ന സ്ത്രീ വിരുദ്ധതയുടെ നിർമിത മനോഭാവങ്ങളുമായി വളരുന്ന തങ്ങളുടെ തന്നെ സ്ത്രീ കൂട്ടങ്ങളെ ചൂണ്ടിക്കാണിച്ചാണ് അവർ ഇപ്പോഴും പ്രതിരോധിക്കുന്നത്. തങ്ങൾ സ്ത്രീകൾക്ക് ' നൽകുന്ന' സ്വാതന്ത്ര്യത്തെ പറ്റിയാണ് അവർ വാചാലരാകുന്നത്. മതവുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യമുള്ള അനേകക്കണക്കിന് പ്രശ്നങ്ങൾ രൂപപ്പെടുമ്പോഴും സ്ത്രീകളുടെ അവകാശങ്ങളുമായോ പ്രാതിനിത്യങ്ങളുമായോ ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങളിൽ മാത്രം ഇത്രയേറെ ആവലാതികൾ എന്ത് കൊണ്ടുയരുന്നു എന്ന ചോദ്യത്തിനുത്തരം, അത്രമാത്രം പുരുഷ മേധാവിത്വമുള്ള ഒരു ഘടനയെയാണ് മതമെന്ന പേരിൽ പൗരോഹിത്യം നിർമിച്ചിരിക്കുന്നതെന്നത് മാത്രമാണ്. തങ്ങളുടെ സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും മതത്തിൻ്റെ പേരിൽ കവർന്നെടുത്തു കൊണ്ടിരിക്കുന്ന പൗരോഹിത്യത്തിൻ്റെ ഇരകളാണ് തങ്ങളെന്ന് മഹാഭൂരിപക്ഷം സ്ത്രീകളും തിരിച്ചറിയാതെ പോകുകയാണ്. സ്ത്രീകളുടെ സാമൂഹിക അവകാശങ്ങൾക്കും തുല്യതക്കും വേണ്ടി ചരിത്രത്തിലുടനീളം പൗരോഹിത്യത്തോട് യുദ്ധം പ്രഖ്യാപിച്ച് നടന്നിട്ടുള്ള സമര പോരാട്ടങ്ങളുടെ അനന്തര ഫലമാണ് പുരോഹിതർ തങ്ങൾക്ക് 'അനുവദിച്ച് തന്നിട്ടുള്ള' ഈ പരിമിതമായ സ്വാതന്ത്ര്യമെന്ന് പോലും അവർ തിരിച്ചറിയുന്നില്ല. പൗരോഹിത്യത്തെയും പുരുഷാധിപത്യ ആഖ്യാനങ്ങളെയും സ്ഥാപിച്ചെടുക്കാനുള്ള ഇരകൾ മാത്രമാണ് തങ്ങളെന്ന് മുസ്‌ലിം സ്ത്രീകൾ മനസിലാക്കുന്ന ഒരു കാലമുണ്ടാകും. മതത്തിൻ്റെ അതിർത്തികൾക്കുള്ളിൽ നടന്ന് കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരങ്ങൾ അതിനായി ഇനിയും തുടരട്ടെ.

Content Highlights: An exploration of gender restrictions within religious priesthood and the struggles for women’s freedom and equality within its boundaries.

dot image
To advertise here,contact us
dot image