

യുഎഇയിൽ ഞായറാഴ്ച കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്രം പറഞ്ഞു.
ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പത്തിന്റെ അളവ് കൂടാനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അബുദാബിയിൽ ഈർപ്പത്തിന്റെ അളവ് 30 മുതൽ 90 ശതമാനം വരെയും ദുബായിൽ 25 മുതൽ 85 ശതമാനം വരെയും ആയിരിക്കാനാണ് സാധ്യതയെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
രാജ്യത്ത് പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 42 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. അതേസമയം കുറഞ്ഞ താപനില അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 31 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. പൊതുവെ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം കൂടാനും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് ചിലപ്പോൾ 35 കിലോമീറ്റർ വരെ എത്താം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും എന്നാണ് കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Content Highlight: UAE is expected to experience hot weather today, with temperatures reaching up to 45°C in some areas, according to the National Centre of Meteorology.