3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണം; വേറിട്ട ചുവടുവെപ്പുമായി അല്ലു അർജുൻ ആരാധകർ

എട്ട് സംസ്ഥാനങ്ങളിലായാണ് അല്ലു അര്‍ജുന്‍ ആരാധക കൂട്ടായ്മ ഈ ബോധവത്കരണ പരിപാടി നടത്തുന്നത്

3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണം; വേറിട്ട ചുവടുവെപ്പുമായി അല്ലു അർജുൻ ആരാധകർ
dot image

സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഹ്യൂമൻ പാപ്പിലോമാവൈറസിനെക്കുറിച്ചും (HPV) ഗർഭാശയ ഗള അർബുദ (Cervical Cancer) പ്രതിരോധത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്ന വമ്പൻ പദ്ധതിക്കാണ് ആരാധകർ തുടക്കമിട്ടത്. ഇതിനോടകം 820 സ്‌കൂളുകളിലായി നടക്കുന്ന ഈ പരിപാടിയിലൂടെ ഏകദേശം 3 ലക്ഷം വിദ്യാർത്ഥിനികളിലേക്ക് നിർണായകമായ ആരോഗ്യസന്ദേശം എത്തിക്കാൻ സാധിച്ചു.

'അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ' (AAFA) നേതൃത്വം നൽകുന്ന ഈ പരിപാടി ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, കർണാടക, അന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് നടപ്പിലാക്കുന്നത്. വിദ്യാർത്ഥിനികൾക്കിടയിൽ HPV വൈറസ് ബാധ, അതിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ, വാക്‌സിനേഷന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയാണ് ഈ ബോധവൽക്കരണ പരിപാടികളുടെ പ്രധാന ലക്ഷ്യം.

അതോടൊപ്പം അനാവശ്യ ഭയങ്ങൾ മാറ്റിവെച്ച്, ആരോഗ്യ വിദഗ്ധരിൽ നിന്ന് കൃത്യമായ ഉപദേശവും ചികിത്സയും തേടാൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേവലം സിനിമയുടെ പ്രൊമോഷനുകളിലോ ആഘോഷങ്ങളിലോ മാത്രം ഒതുങ്ങാതെ, ശക്തമായൊരു നെറ്റ്വർക്കിനെ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തി എന്നതാണ് ഈ മുന്നേറ്റത്തെ വേറിട്ടു നിർത്തുന്നത്.

ഗർഭാശയ ഗള അർബുദ പ്രതിരോധത്തെക്കുറിച്ചും വാക്‌സിനേഷനെക്കുറിച്ചും സംസാരിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രാപ്തരാക്കുക എന്ന ലളിതവും എന്നാൽ വളരെ പ്രാധാന്യമുള്ളതുമായ ദൗത്യമാണ് AAFA ഏറ്റെടുത്തിരിക്കുന്നത്. അല്ലു അർജുൻ എന്ന താരത്തിന്റെ പാൻ-ഇന്ത്യൻ ജനപ്രിയതയെ വെറുമൊരു സിനിമാ വിജയത്തിനപ്പുറം അർത്ഥവത്തായ സാമൂഹിക ഉന്നമനത്തിനായി ഉപയോഗിക്കുന്ന ഒരു പുതിയ അധ്യായമാണിതെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Content Highlights: Allu Arjun fans started HPV awareness campaign in schools in 8 states

dot image
To advertise here,contact us
dot image