സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് തുടക്കം; ആവേശമായി 28 രാജ്യങ്ങളിൽ നിന്നായി 95 താരങ്ങൾ

ഖരീഫ് സീസണിന്റെ അവസാന ഘട്ടത്തിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കിയാണ് ടൂറിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്

സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് തുടക്കം; ആവേശമായി 28 രാജ്യങ്ങളിൽ നിന്നായി 95 താരങ്ങൾ
dot image

ഒമാൻ സൈക്ലിംഗ് ഫെഡറേഷനും ദോഫാർ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂറിന് ദോഫാർ ഗവർണറേറ്റിൽ ആവേശകരമായ തുടക്കം. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര കായിക മാമാങ്കത്തിൽ ആതിഥേയരായ ഒമാൻ ഉൾപ്പെടെ യുകെ, ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ, സൗദി അറേബ്യ തുടങ്ങി 28 രാജ്യങ്ങളിൽ നിന്നുള്ള 95 പ്രമുഖ സൈക്ലിസ്റ്റുകളാണ് മാറ്റുരയ്ക്കുന്നത്.

ദോഫാറിന്റെ പ്രകൃതിഭംഗിയും സാംസ്‌കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം ലോക സൈക്ലിംഗ് ഭൂപടത്തിൽ ഒമാന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയാണ് ടൂറിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, ഒമാനിലെ യുവ സൈക്ലിംഗ് പ്രതിഭകളുടെ കഴിവുകൾ വളർത്താനും ജനങ്ങൾക്കിടയിൽ ആരോഗ്യമുള്ള ഒരു ജീവിതശൈലിയായി സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കാനും ഈ ടൂർ ലക്ഷ്യമിടുന്നു. ഇന്റർനാഷണൽ സൈക്ലിംഗ് യൂണിയൻ അംഗീകരിച്ച മത്സരങ്ങളാണ് ടൂറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അൽ ഹാഫ സൂക്കിൽ നിന്ന് ആരംഭിച്ച 98 കിലോമീറ്റർ ദൈർഘ്യമുള്ള 'ദോഫാർ ക്ലാസിക്' ഏകദിന മത്സരത്തോടെയാണ് ടൂറിന് തുടക്കമായത്. തുടർന്ന് സെപ്റ്റംബർ ആറ് മുതൽ ഒമ്പത് വരെയുള്ള തീയതികളിലായി നാല് ഘട്ടങ്ങളിലായാണ് പ്രധാന സൈക്ലിംഗ് ടൂർ നടക്കുന്നത്. ദോഫാറിലെ ടൂറിസം കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് പാതകൾ ക്രമീകരിച്ചിരിക്കുന്നത്. മുഗ്‌സെയിലിൽ നിന്ന് മിർബാത്ത് കോട്ട വരെയുള്ള 127 കിലോമീറ്ററാണ് ഒന്നാം ഘട്ടം. ദഹാരിസ് ബീച്ചിൽ നിന്ന് വാദി ദർബാത്തേക്കുള്ള 108 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും താഖ കോട്ടയിൽ നിന്ന് സംഹാൻ മലനിരകളിലേക്കുള്ള ഏറ്റവും ദൈർഘ്യമേറിയ 156 കിലോമീറ്റർ മൂന്നാം ഘട്ടത്തിലും ഉൾപ്പെടുന്നു. അൽ റസാത്തിൽ നിന്ന് ആരംഭിക്കുന്ന 105 കിലോമീറ്റർ ദൈർഘ്യമുള്ള നാലാം ഘട്ടം സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്‌സിൽ സമാപിക്കും.

ഒമാനിലെ സൈക്ലിംഗ് കായികരംഗത്തിന്റെ വളർച്ചയിൽ സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂർ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഒമാൻ സൈക്ലിംഗ് ഫെഡറേഷൻ ചെയർമാൻ സെയ്ഫ് ബിൻ സിബാ അൽ റാഷിദി പറഞ്ഞു. ഖരീഫ് സീസണിന്റെ അവസാന ഘട്ടത്തിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കിയാണ് ടൂറിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. കായികരംഗത്തെ ആവേശവും ദോഫാറിന്റെ മനോഹരമായ പ്രകൃതിഭംഗിയും സമന്വയിപ്പിച്ച് ഈ വർഷത്തെ പതിപ്പ് അവിസ്മരണീയമാക്കാനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: The Salalah International Cycling Tour has officially begun in Oman, with 95 cyclists representing 28 countries participating in the event. The international competition is adding excitement to Salalah's sporting calendar and attracting cyclists from around the world.

dot image
To advertise here,contact us
dot image