

2027 അവസാനത്തോടെ ബെംഗളുരുവിനെ യാചകർ ഇല്ലാത്ത നഗരമാക്കി മാറ്റാൻ സർക്കാർ. ഇതിനായി 'ബോധവൽക്കരണം, രക്ഷാപ്രവർത്തനം, പുനരധിവാസം' എന്നീ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെട്ട ഒരു പദ്ധതി ആസൂത്രണം ചെയ്യുകയാണ് സർക്കാർ. വിദ്യാർത്ഥി വളണ്ടിയർമാരും എൻജിഒകളും ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കും. ഭിക്ഷാടനത്തെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുകയും യാചകർക്ക് പണം നൽകുന്നത് നിരുത്സാഹപ്പെടുത്തുകയും ചെയ്യും.
പരിപാടിയുടെ ആദ്യ ഘട്ടം നവംബറിൽ ആരംഭിക്കുമെന്ന് സാമൂഹികക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേന്ദ്ര ദുരിതാശ്വാസ സമിതിയുടെ ചെയർമാനായ ആഗ സുൽത്താൻ പറഞ്ഞു. യാചകർ ഇല്ലാത്ത ബെംഗളൂരു എന്ന പദ്ധതിക്ക് ശേഷം യാചകർ ഇല്ലാത്ത കർണാടകം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2011 സെൻസസ് ഡാറ്റ പ്രകാരം കർണാടകത്തിൽ ആകെ 12,270 പേരാണ് യാചകപ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്.
സംഘടിത ഭിക്ഷാടനം, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ഭിക്ഷാടനം, നിരവധി കുട്ടികൾ മാതാപിതാക്കളെ അടിമകളാക്കി വയ്ക്കുന്ന രീതി എന്നിവയാണ് ഭിക്ഷാടനത്തിന് പ്രധാന കാരണമെന്നും അവർ പറഞ്ഞു. നഗരത്തിൽ ഭിക്ഷാടനം ചെയ്യുന്നവർ തങ്ങൾ നിരീക്ഷിക്കുന്നുണ്ട് എന്നും റെയ്ഡുകൾ സംഘടിപ്പിക്കുന്നുണ്ട് എന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു. ഭിക്ഷാടനത്തിന് ഒരു വ്യക്തിയുമായോ ഗ്രൂപ്പുമായോ ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ കർശന വകുപ്പുകൾ ചുമത്തുമെന്നും ട്രാഫിക് ജങ്ഷനിലെ ഭിക്ഷാടനം കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു നഗരത്തിൽ തന്നെ നിരവധി ട്രാൻസ്‌ജെൻഡർ വ്യക്തികളാണ് ഭിക്ഷാടനം നടത്തുന്നത്. സാമ്പത്തകിക പരിമിധികളാണ് അവരെ ഭിക്ഷാടനത്തിലേക്ക് തള്ളിവിടുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ബദൽ തൊഴിലവസരങ്ങൾ നൽകുന്നിടത്തോളം, ഭിക്ഷാടനം ഇല്ലാതാക്കുന്നതിനുള്ള അത്തരം ശ്രമങ്ങൾ സ്വാഗതാർഹമാണെന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും ഇന്ത്യയിലെ ട്രാൻസ്‌ജെൻഡറുകൾക്കായി ഒരു നയം തയ്യാറാക്കാൻ സുപ്രീം കോടതി രൂപീകരിച്ച കമ്മിറ്റിയിലെ അംഗവുമായ മിസ് അക്കായ് പത്മശാലി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: The Karnataka government is planning a three-phase initiative to make Bengaluru a city without beggars by the end of 2027. The plan includes awareness, rescue operations and rehabilitation as its key stages.