ഉപദേശിയാകാനില്ലെന്ന് മുരളി മനോഹർ ജോഷി!; മോദി സർക്കാരിനെ ആ‍ർഎസ്എസ് സൈദ്ധാന്തികൻ വിമ‍ർശിക്കുമ്പോൾ

സെപ്റ്റംബർ 17ന് 76 വയസ്സ് പൂർത്തിയാക്കിയ നരേന്ദ്ര മോദിയെ സംബന്ധിച്ച് പ്രായപരിധി ചൂണ്ടിക്കാട്ടി ബിജെപിയുടെ നേതൃസ്ഥാനങ്ങളിൽ നിന്നും അധികാര പദവികളിൽ നിന്നും മാറ്റി നിർത്തിയ മുരളി മനോഹർ ജോഷിയുടെ വിമർശനങ്ങൾക്ക് ഇരുതല മൂർച്ചയുണ്ട്

ഉപദേശിയാകാനില്ലെന്ന് മുരളി മനോഹർ ജോഷി!; മോദി സർക്കാരിനെ ആ‍ർഎസ്എസ് സൈദ്ധാന്തികൻ വിമ‍ർശിക്കുമ്പോൾ
dot image

നരേന്ദ്ര മോദി സർക്കാരിനെ നിരന്തരം നയപരമായി വിമർശിച്ച് മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി രം​ഗത്ത് വരുന്നത് ബിജെപി നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. രാജ്യത്തെ ആർഎസ്എസ് സംവിധാനത്തെ സംബന്ധിച്ച് ശക്തമായ പ്രത്യയശാസ്ത്ര അടിത്തറയുള്ള നേതാവായാണ് മുരളി മനോഹർ ജോഷി കണക്കാക്കപ്പെടുന്നത്. ആർഎസ്എസിൻ്റെ ഹിന്ദുത്വ അജണ്ടയുടെ പ്രയോക്താക്കളായി കണക്കാക്കപ്പെടുന്ന ബിജെപി നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാർ മൂന്നാമത്തെ ടേം അധികാരത്തിൽ ഇരിക്കുമ്പോഴാണ് നയപരമായ വിഷയങ്ങളിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുരളി മനോഹർ ജോഷി രം​ഗത്ത് വരുന്നതെന്നതാണ് ശ്രദ്ധേയം. നരേന്ദ്ര മോദി-അമിത് ഷാ ദ്വയത്തിനെതിരെ ബിജെപിയിൽ നിന്ന് ചെറിയൊരു എതിർശബ്ദം പോലും ഉയരാതിരിക്കുന്ന ഘട്ടത്തിലാണ് മുരളി മനോഹർ ജോഷിയുടെ വിമർശനങ്ങൾ എന്നതും എടുത്ത് പറയേണ്ടതാണ്. ആർഎസ്എസിന്റെ അടിസ്ഥാന ഹിന്ദുത്വ, സ്വദേശി മൂല്യങ്ങളുമായി യോജിച്ച് പോകാത്ത സമീപനം നരേന്ദ്ര മോദി സർക്കാരിനുണ്ടെന്ന വിയോജിപ്പ് സംഘപരിവാർ നേതൃത്വത്തിൽ ഒരുവിഭാ​ഗം പുലർത്തുന്നുവെന്ന അഭ്യൂഹങ്ങൾ നേരത്തെയുണ്ട്. അതിനാൽ തന്നെയാണ് ആർഎസ്എസിൻ്റെ ഹിന്ദുത്വ, സ്വദേശി മൂല്യങ്ങളെ പ്രത്യയശാസ്ത്രപരമായി സമീപിച്ച മുരളി മനോഹർ ജോഷിയുടെ വിമർശനങ്ങൾ പുതിയ സാഹചര്യത്തിൽ സവിശേഷമാകുന്നത്.

Senior BJP leader Murli Manohar Joshi Monday sought to dismiss reports projecting him as saying there was no Modi wave in the country and denied there were any differences between them
നരേന്ദ്ര മോദിയും മുരളി മനോഹർ ജോഷിയും

ഏറ്റവും ഒടുവിൽ എസ്ഐആറുമായി ബന്ധപ്പെട്ട് മുരളി മനോഹർ ജോഷി സ്വീകരിച്ച നിലപാട് നരേന്ദ്ര മോദി സർക്കാരിൻ്റെ നയസമീപനങ്ങളോടുള്ള പ്രത്യയശാസ്ത്രപരമായി വിയോജിപ്പുകളായി കൂടിയാണ് വിലയിരുത്തപ്പെടുന്നത്. എക്കാലവും അധികാരത്തിൽ തുടരാനുള്ള മോദി സർക്കാരിന്റെ അടവാണ് വോട്ടർപട്ടിക പ്രത്യേക തീവ്ര പുനപരിശോധന (എസ്‌ഐആർ) എന്നായിരുന്നു ഏറ്റവും ഒടുവിൽ മുരളി മനോഹർ ജോഷി മോദി സർക്കാരിനെതിരെ ഉയർത്തിയ വിമർശനം. സർക്കാരുകൾക്ക്‌ അധികാരത്തിൽ തുടരണമെന്ന കടുത്ത യാഥാർഥ്യമാണ്‌ എസ്‌ഐആറിന്‌ പിന്നിലുള്ളത് എന്നും മുരളി മനോ​ഹർ ജോഷി പ്രതികരിച്ചത്. തെരഞ്ഞെടുപ്പുകൾ നല്ല രീതിയിൽ നടത്തുകയും സർക്കാരുകളുടെ ഉത്തരവാദിത്വം ഉറപ്പിക്കുകയും ഉദ്യോഗസ്ഥർ സുതാര്യത പുലർത്തുകയും ചെയ്‌താൽ ജനാധിപത്യം തന്നെയാണ്‌ ഏറ്റവും മികച്ച ഭരണസംവിധാനം എന്ന മുരളി മനോഹർ ജോഷിയുടെ ഒളിയമ്പ് മോദി സർക്കാരിനെതിരെയാണ് എന്നും വ്യക്തമാണ്. എസ്ഐആർ പ്രകിയയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ ​ഗ്യാനേഷ് കുമാർ ബിജെപിക്ക് വേണ്ടി ഭരണഘടനാ പദവി ദുരുപയോ​ഗിച്ചുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്ക് ഇടയിലാണ് ഇത്തരം രൂക്ഷ വിമർശനവുമായി മുരളി മനോഹർ ജോഷി രം​ഗത്ത് വന്നിരിക്കുന്നത്.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയ്‌ക്ക്‌ കേന്ദ്രസർക്കാരാണ്‌ ഉത്തരവാദിയെന്ന് രാമജന്മഭൂമി പ്രക്ഷോഭത്തിന് സൈദ്ധാന്തികമായി നേതൃത്വം നൽകിയ മുരളി മനോഹർ ജോഷി തന്നെ നിലപാട് സ്വീകരിക്കുമ്പോൾ അത് സംഘപരിവാർ കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്ന പ്രതിധ്വനിക്ക് നിരവധി മാനങ്ങളുണ്ട്

എതിർ ശബ്‌ദങ്ങൾ ഉയരുമ്പോൾ അത് കേൾക്കാനുള്ള സഹിഷ്‌ണുത ഭരണാധികാരികൾ പ്രകടിപ്പിക്കണമെന്ന മുരളി മനോഹർ ജോഷിയുടെ വിമർശനവും മോദിയെ തന്നെ നേരിട്ട് ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്. 'അടിച്ചമർത്താൻ ശ്രമിച്ചതുകൊണ്ട്‌ കാര്യമില്ല. എന്തുകൊണ്ടാണ്‌ യുവതലമുറ അസ്വസ്ഥരാകുന്നതെന്ന്‌ തിരിച്ചറിയണം. നിങ്ങൾ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതുകൊണ്ടാണ്‌ അവർ അസ്വസ്ഥരാകുന്നത്‌. നിങ്ങൾ അവർക്ക്‌ തൊഴിൽ വാഗ്‌ദാനം ചെയ്‌തു. ആ തൊഴിലുകൾ എവിടെ'യെന്ന മുരളി മനോഹർ ജോഷിയുടെ ചോദ്യത്തിൽ ഭരണകക്ഷിയുടെ ഒരു മുതിർന്ന നേതാവിൻ്റെ സ്വരമല്ല പ്രകടമാകുന്നത്. അത് പ്രതിപക്ഷത്തിൻ്റെ ശക്തമായ വിമർശനത്തിൻ്റെ ശബ്ദമാണ്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയ്‌ക്ക്‌ കേന്ദ്രസർക്കാരാണ്‌ ഉത്തരവാദിയെന്ന് രാമജന്മഭൂമി പ്രക്ഷോഭത്തിന് സൈദ്ധാന്തികമായി നേതൃത്വം നൽകിയ മുരളി മനോഹർ ജോഷി തന്നെ നിലപാട് സ്വീകരിക്കുമ്പോൾ അത് സംഘപരിവാർ കേന്ദ്രങ്ങളിൽ ഉണ്ടാക്കുന്ന പ്രതിധ്വനിക്ക് നിരവധി മാനങ്ങളുണ്ട്.

നേരത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുരളി മനോഹർ ജോഷി പ്രതികരിച്ചിരുന്നു. സമൂഹത്തിലും ഭരണനിർവ്വഹണത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതിയുമായി ചോദ്യപ്പേപ്പർ ചോർച്ചയെ ബന്ധിപ്പിച്ചായിരുന്നു മുരളി മനോഹർ ജോഷിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്ന ​ഗുരുതരമായ പരാമർശവും 'അമർ ഉജാല' എന്ന ഹിന്ദി ദിനപത്രത്തിന് നൽകിയ ദീർഘമായ അഭിമുഖത്തിൽ മുരളി മനോഹർ ജോഷി നടത്തിയിരുന്നു. പണവും അഴിമതിയും എല്ലാ മേഖലകളെയും സ്വാധീനിക്കുന്നത് കാണുമ്പോൾ ആളുകൾ ഇത്തരം പ്രവണതകളെ സാധാരണമായി കണ്ട് തുടങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ മോദി സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന നയങ്ങളെയും മുരളി മനോഹർ ജോഷി വിമർശിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് വ്യക്തമായ ദീർഘകാല ലക്ഷ്യമില്ലെന്നായിരുന്നു അദ്ദേ​ഹത്തിൻ്റെ വിമർശനം. വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുകയും സാമ്പത്തികമായി ഉൽപ്പാദനക്ഷമമാക്കുകയും വേണമെന്നും മുരളി മനോഹർ ജോഷി വിമർശിച്ചിരുന്നു. വിദ്യാഭ്യാസത്തിനായുള്ള ഫണ്ട് വിനിയോഗത്തിൽ സർക്കാർ സ്വീകരിച്ച മുൻഗണനാക്രമത്തെയും 'അമർ ഉജാല'യ്ക്ക് നൽകിയ അഭിമുഖത്തിൽ ജോഷി ചോദ്യം ചെയ്തിരുന്നു. റോഡുകൾക്കും റോഡ് ഗതാഗതത്തിനുമുള്ള ചെലവ് വർദ്ധിക്കുമ്പോൾ വിദ്യാഭ്യാസം, പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കുള്ള വിഹിതം കുറയുകയാണെന്നായിരുന്നു പ്രധാനവിമർശനം. ഏതൊരു വികസന നയവും ആദ്യം അതിന്റെ മുൻഗണനകൾ വ്യക്തമാക്കേണ്ടതുണ്ടെന്നും റോഡുകൾ നിർമ്മിക്കുന്നത് മാത്രം വികസനമാവില്ലെന്ന വിമർശനവും അദ്ദേഹം ഉയർത്തി. രാജ്യത്തിന് എൻജിനീയർമാരും എൻജിനീയറിംഗ് കോളേജുകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ആവശ്യമായ യന്ത്രസാമഗ്രികളും കൂടി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിൻ്റെ നയപരമായ നിലപാടുകളിൽ വിയോജിപ്പുണ്ടെന്ന് തന്നെയാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങളിലൂടെ മുരളി മനോഹർ ജോഷി അടിവരയിട്ടത്. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തെ ആശയപരമായി വ്യാഖ്യാനിച്ച സംഘപരിവാർ സൈദ്ധാന്തികനായ മുരളി മനോഹർ ജോഷി കേന്ദ്ര സർക്കാരിൻ്റെ നയപരപാടികളെ തള്ളിപ്പറയുമ്പോൾ അത് ആർഎസ്എസിൽ അടക്കം ഉണ്ടാക്കുന്ന ചലനങ്ങൾ നരേന്ദ്ര മോദിക്ക് അവ​ഗ​ണിക്കാൻ കഴിയില്ല.

പുതിയ തലമുറയിൽ നിന്ന് മോ​ദി സർക്കാർ ഏറ്റവും ശക്തമായ പ്രതിഷേധം നേരിട്ടുകൊണ്ടിരുന്ന സമയത്തായിരുന്നു മുരളി മനോഹർ ജോഷിയുടെ ഈ വിമർശനം എന്നതായിരുന്നു ശ്രദ്ധേയം. ഇതിന് പിന്നാലെ ജെൻ സി തലമുറയുടെ പിന്തുണ ആ‍ർജ്ജിക്കാൻ നരേന്ദ്ര മോദിയും ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതും നടത്തിയ നീക്കങ്ങൾ മുരളി മനോഹർ ജോഷിയുടെ ഇത്തരം അഭിപ്രായങ്ങളുമായി വേണം ചേർത്ത് വായിക്കാൻ

ഡൽഹിയിൽ സിജെപി നേതൃത്വത്തിലുള്ള വിദ്യാർത്ഥി സമരം ശക്തമായിരിക്കുന്ന ഘട്ടത്തിലും മോദി സർക്കാരിനെതിരെ വിമർശനവുമായി മുരളി മനോഹർ ജോഷി രം​ഗത്ത് വന്നിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു മുരളി മനോഹർ ജോഷിയുടെ പ്രതികരണം. 'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാർഥ്യമുള്ളവയാണ്. അതിനാൽ അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ ശ്രമത്തോടെയും സമീപിക്കേണ്ടതുണ്ട്. ഈ വിഷയത്തെ കേവലം നിയമ-സമാധാന പ്രശ്നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാൻ ശ്രമിക്കില്ലെന്ന് ഞാൻ ആത്മാർഥമായി പ്രത്യാശിക്കുന്നു. യുവതികളടക്കമുള്ള വിദ്യാർഥികളോട് അതിക്രൂരമായി പെരുമാറിയെന്ന വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതാണ്. ഇത്തരം ബലപ്രയോഗങ്ങൾ ഇന്ത്യയെ 'വിക്സിത് ഭാരത്' (വികസിത ഇന്ത്യ)' എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ ഇടയാക്കു'മെന്നും മുരളി മനോഹർ ജോഷി തൻ്റെ എക്സ് പോസ്റ്റിൽ കുറിച്ചിരുന്നു. പുതിയ തലമുറയിൽ നിന്ന് മോ​ദി സർക്കാർ ഏറ്റവും ശക്തമായ പ്രതിഷേധം നേരിട്ടുകൊണ്ടിരുന്ന സമയത്തായിരുന്നു മുരളി മനോഹർ ജോഷിയുടെ ഈ വിമർശനം എന്നതായിരുന്നു ശ്രദ്ധേയം. ഇതിന് പിന്നാലെ ജെൻ സി തലമുറയുടെ പിന്തുണ ആ‍ർജ്ജിക്കാൻ നരേന്ദ്ര മോദിയും ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതും നടത്തിയ നീക്കങ്ങൾ മുരളി മനോഹർ ജോഷിയുടെ ഇത്തരം അഭിപ്രായങ്ങളുമായി വേണം ചേർത്ത് വായിക്കാൻ.

മുരളി മനോഹർ ജോഷിയും പ്രായപരിധി ചർച്ചകളും

നേരത്തെ പ്രായപരിധി ഉയർത്തിക്കാട്ടി നിർബന്ധിത വിരമിക്കലിന് വിധേനായതിന് പിന്നാലെയാണ് ബിജെപിയുടെ ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മുരളി മനോഹർ ജോഷി പിന്മാറിയത്. അടൽ ബിഹാരി വാജ്‌പെയ്, എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നീ നേതാക്കളെയായിരുന്നു മോദി അധികാരത്തിൽ എത്തിയതിന് പിന്നാലെ പ്രായപരിധി പരി​ഗണിച്ച് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ സ്ഥാനങ്ങളിൽ നിന്നടക്കം മാറ്റി നിർത്തിയത്. 2014ൽ അമിത് ഷാ ബിജെപി അധ്യക്ഷനായിരിക്കെ മുതിർന്ന നേതാക്കളെ പരി​ഗണിക്കുന്നതിനായി 'മാർഗ്ഗനിർദ്ദേശ് മണ്ഡൽ' രൂപീകരിച്ചിരുന്നു. 1980-ൽ പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായി അടൽ ബിഹാരി വാജ്‌പെയ്, എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നീ മുതിർന്ന നേതാക്കൾ ബിജെപിയുടെ പാർലമെന്ററി ബോർഡിന് പുറത്തായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർട്ടി പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകാൻ ഈ വരിഷ്ഠ നേതാക്കളെ ഉൾപ്പെടുത്തി 'മാർഗ്ഗനിർദ്ദേശ് മണ്ഡൽ' രൂപീകരിച്ചതായി അമിത്ഷാ വ്യക്തമാക്കിയത്. അടൽ ബിഹാരി വാജ്പേയി, നരേന്ദ്ര മോദി, ലാൽകൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, രാജ്നാഥ് സിങ് എന്നിവരായിരുന്നു 'മാർഗ്ഗനിർദ്ദേശ് മണ്ഡലി'ലെ അംഗങ്ങൾ.

Former BJP president and Lok Sabha MP Murli Manohar Joshi has been asked by his party to not contest the coming general election, a development in line with its decision to not field many of its veterans, including its founding member and longest serving chief L.K. Advani, in the polls.
മുരളി മനോഹർ ജോഷിയും എൽ കെ അദ്വാനിയും

പാർട്ടി ഭരണഘടനയിൽ ഇത്തരമൊരു സമിതിക്ക് സ്ഥാനമില്ലെന്നും പാർലമെന്ററി ബോർഡ് തന്നെയാണ് പരമോന്നത തീരുമാനസമിതിയെന്നും പാർട്ടി വൃത്തങ്ങൾ അന്ന് വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാക്കൾ പാർട്ടി പ്രവർത്തനങ്ങൾക്ക് വഴികാട്ടണം. അവർ വഴി കാണിക്കും എന്നായിരുന്നു പാർട്ടി ലക്ഷ്യമായി അവതരിപ്പിക്കപ്പെട്ടത്. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും പാർട്ടിയുടെ തീരുമാനമെടുക്കുന്ന സമിതികളിൽ നിന്ന് മാറ്റിയെങ്കിലും പാർട്ടിയിൽ മാന്യമായി നിലനിർത്തുക എന്നതായിരുന്നു തീരുമാനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഇവരുടെ അധികാരം ഉപദേശ സ്വഭാവത്തിൽ മാത്രമാണ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. സ്ഥാനാർഥി നിർണ്ണയത്തിലോ സംഘടനാ തിരുമാനങ്ങളിലോ ഇടപെടാനുള്ള അധികാരം പക്ഷെ 'മാർഗ്ഗനിർദ്ദേശ് മണ്ഡലി'ലെ അംഗങ്ങൾക്ക് ഉണ്ടായിരുന്നില്ല. രൂപീകരണത്തിന് ശേഷം ഈ സംവിധാനം യോഗം ചേർന്നതായോ എന്തെങ്കിലും തീരുമാനങ്ങളിൽ ഉപദേശസ്വഭാവത്തിൽ നിർദ്ദേശം നൽകിയതായോ വിവരങ്ങൾ ലഭ്യമല്ല. കോൺഗ്രസ് ബിജെപിയുടെ മാർഗ്ഗനിർദ്ദേശ് മണ്ഡലിനെ 'വൃദ്ധസദനം' എന്നും 'മൂകദർശക മണ്ഡൽ' എന്നുമാണ് പരിഹാസ പൂർവ്വം വിശേഷിപ്പിച്ചത്.

പ്രായപരിധി മാനദണ്ഡ പ്രകാരം മോദി മാറിനിൽക്കേണ്ടതുണ്ടോ എന്ന ചർച്ചകൾ വീണ്ടും സജീവമാകാൻ മുരളി മനോഹർ ജോഷിയുടെ നിലവിലെ വിമർശനങ്ങൾ വഴിതെളിച്ചേക്കാം. മോദി സർക്കാരിൻ്റെ നയപരമായ തീരുമാനങ്ങളെ ഭരണപരാജയം എന്ന നിലയിലാണ് മുരളി മനോഹർ ജോഷി അഭിസംബോധന ചെയ്യുന്നത്. അതിനാൽ തന്നെ ഭരണപരാജയം എന്ന ചർച്ച നേതൃമാറ്റം എന്ന ചർച്ചയിലേയ്ക്ക് വഴിമാറാനുള്ള സാധ്യത പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം ഊഴവും തുടരുന്ന മോദിയെ സംബന്ധിച്ച് നിർണ്ണായകമാണ്

സെപ്റ്റംബർ 17ന് 76 വയസ്സ് പൂർത്തിയാക്കിയ നരേന്ദ്ര മോദിയെ സംബന്ധിച്ച് പ്രായപരിധി ചൂണ്ടിക്കാട്ടി ബിജെപിയുടെ നേതൃസ്ഥാനങ്ങളിൽ നിന്നും അധികാര പദവികളിൽ നിന്നും മാറ്റി നിർത്തിയ മുരളി മനോഹർ ജോഷിയുടെ വിമർശനങ്ങൾക്ക് ഇരുതല മൂർച്ചയുണ്ട്. പ്രായപരിധി മാനദണ്ഡ പ്രകാരം മോദി മാറിനിൽക്കേണ്ടതുണ്ടോ എന്ന ചർച്ചകൾ വീണ്ടും സജീവമാകാൻ മുരളി മനോഹർ ജോഷിയുടെ നിലവിലെ വിമർശനങ്ങൾ വഴിതെളിച്ചേക്കാം. മോദി സർക്കാരിൻ്റെ നയപരമായ തീരുമാനങ്ങളെ ഭരണപരാജയം എന്ന നിലയിലാണ് മുരളി മനോഹർ ജോഷി അഭിസംബോധന ചെയ്യുന്നത്. അതിനാൽ തന്നെ ഭരണപരാജയം എന്ന ചർച്ച നേതൃമാറ്റം എന്ന ചർച്ചയിലേയ്ക്ക് വഴിമാറാനുള്ള സാധ്യത പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം ഊഴവും തുടരുന്ന മോദിയെ സംബന്ധിച്ച് നിർണ്ണായകമാണ്. അധികാരമേറ്റതിന് പിന്നാലെ പ്രായപരിധി കഴിഞ്ഞ് തന്നെ നിർബന്ധിത വിശ്രമജീവിതത്തിലേയ്ക്ക് നയിച്ച മോദിയെ അതേവഴിക്ക് നടത്താൻ മുരളി മനോഹർ ജോഷിയുടെ നിലപാടുകൾക്ക് കഴിയുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Content Highlights: RSS ideologue Murli Manohar Joshi criticises the Narendra Modi government, saying he does not want to play the role of an adviser

dot image
To advertise here,contact us
dot image