

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രഭാതഭക്ഷണത്തിന്റെ ഭാഗമാണ് ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ്. ചായയും കാപ്പിയും എന്ന പോലെ പലരും സ്വാഭാവികമായി തിരഞ്ഞെടുക്കുന്ന ഒരു പാനീയം. എന്നാല്‍ ഒരു കാലത്ത് ഓറഞ്ച് ജ്യൂസ് ഇത്തരത്തില്‍ ജനപ്രിയമായിരുന്നില്ല. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ, പ്രത്യേകിച്ച് ഫ്ലോറിഡയിലെയും കാലിഫോർണിയയിലെയും ഓറഞ്ച് ഉത്പാദനം വലിയ തോതിൽ വർധിച്ചു. ഉത്പാദനം കൂടിയതോടെ പഴങ്ങൾ വിറ്റഴിക്കുക എന്നത് കർഷകർക്ക് വലിയ വെല്ലുവിളിയായി. അതോടെയാണ് ഓറഞ്ചിനെ പുതിയ രീതിയിൽ ഉപയോഗിക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഇവിടെയാണ് മാർക്കറ്റിങ്ങിന്റെ പുതിയ കഥ തുടങ്ങുന്നത്. ഓറഞ്ച് ജ്യൂസിനെ വെറും ഒരു പാനീയമായി കാണിക്കാതെ അതിന്റെ ആരോഗ്യഗുണങ്ങൾ പ്രചരിപ്പിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് വിറ്റാമിന്‍ സി-യുടെ പ്രാധാന്യം ഉയർത്തിക്കാട്ടി. പിന്നീട് ഓറഞ്ച് ജ്യൂസിനെ പ്രഭാതഭക്ഷണവുമായി ശക്തമായി ബന്ധിപ്പിക്കുന്ന പരസ്യങ്ങളും പ്രചാരണങ്ങളും വന്നു. അങ്ങനെ പതിയെ ഒരു പുതിയ ശീലം രൂപപ്പെട്ടു,“രാവിലെ ബ്രേക്ക് ഫാസ്റ്റിനൊനൊപ്പം ഓറഞ്ച് ജ്യൂസ്.”
അന്നത്തെ പ്രശസ്ത പോഷകാഹാര വിദഗ്ദ്ധനായ എൽമർ മക്കോളത്തിന്റെ 'അസിഡോസിസ്' സിദ്ധാന്തത്തെ കൂട്ടുപിടിച്ച്, ബ്രെഡും പാലും ശരീരത്തിൽ ഉണ്ടാക്കുന്ന അസിഡിറ്റി ഇല്ലാതാക്കാൻ ഓറഞ്ചും അതിന്റെ നീരും ശീലമാക്കണമെന്ന് പരസ്യങ്ങളിലൂടെ പ്രചരിപ്പിച്ചു. വിറ്റാമിൻ സിയുടെ സാന്നിധ്യവും ഓറഞ്ചിന്റെ ആരോഗ്യഗുണങ്ങളും ഉയർത്തിക്കാട്ടി ജനങ്ങളിൽ വലിയൊരു ആവശ്യം കൃത്രിമമായി സൃഷ്ടിച്ചെടുത്തു.
പക്ഷേ മറ്റൊരു പ്രശ്നമുണ്ടായിരുന്നു. ഓറഞ്ച് ജ്യൂസ് എങ്ങനെ വർഷം മുഴുവൻ സൂക്ഷിക്കും? എങ്ങനെ ദൂരെയുള്ള വിപണികളിൽ എത്തിക്കും? ഇതിന് വലിയ മാറ്റമുണ്ടാക്കിയത് ഫ്രോസൻ കോൺസൻട്രേറ്റ് ഓറഞ്ച് ജ്യൂസ് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുശേഷവും നടന്ന ഗവേഷണങ്ങളുടെ ഫലമായി ഓറഞ്ച് ജ്യൂസ് കോൺസൻട്രേറ്റ് ചെയ്ത് ഫ്രീസ് ചെയ്യാനുള്ള സാങ്കേതികവിദ്യ വികസിച്ചു. ഇതോടെ ജ്യൂസ് കൂടുതൽ കാലം സൂക്ഷിക്കാനും എളുപ്പത്തിൽ കൊണ്ടുപോകാനും സാധിച്ചു.
1946-ൽ മെച്ചപ്പെടുത്തിയ ഫ്രോസൻ കോൺസൻട്രേറ്റ് വിപണിയിലെത്തിയതോടെ കഥ മാറി. ഫ്ലോറിഡ ഫുഡ്സ്, പിന്നീട് മിനുട് മെയിഡ് എന്ന പേരിൽ അറിയപ്പെട്ട കമ്പനി, ഡോർ ടു ഡോർ ഡെമോന്‍സ്ട്രേഷന്‍, റേഡിയോ പരസ്യങ്ങള്‍ തുടങ്ങിയ മാർക്കറ്റിങ് രീതികളിലൂടെ ഈ ഉൽപ്പന്നത്തെ ജനങ്ങളിലേക്ക് എത്തിച്ചു. ഇതോടെ പതിയെ പതിയെ ഓറഞ്ച് ജ്യൂസ് പലരുടേയും ശീലമായി മാറി. അതായത് ഒരിക്കൽ അധികമായി ഉത്പാദിപ്പിക്കപ്പെട്ട ഓറഞ്ചുകൾക്ക് വിപണി കണ്ടെത്താനുള്ള ശ്രമത്തിൽ നിന്ന് തുടങ്ങിയ യാത്ര, ഒടുവിൽ അമേരിക്കൻ പ്രഭാതഭക്ഷണത്തിന്റെ സ്ഥിരം ഭാഗമാകുന്നതിലേക്ക് എത്തി.
Content Highlights: A glass of orange juice became closely associated with breakfast through decades of marketing and promotion by the citrus industry. Campaigns highlighted orange juice as a healthy and convenient morning drink, helping shape consumer habits. The story shows how coordinated marketing can influence the way people consume everyday food and beverages.