പേനയുടെ അടപ്പിലെ ആ ചെറിയ ദ്വാരം എന്തിനാണ്? കാരണം അറിയണോ?

ബോള്‍ പോയിന്റ് പേനയുടെ ക്യാപ്പിന് മുകളില്‍ കാണപ്പെടുന്ന ആ ചെറിയ ദ്വാരം എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പേനയുടെ അടപ്പിലെ ആ ചെറിയ ദ്വാരം എന്തിനാണ്? കാരണം അറിയണോ?
dot image

നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന പേനയുടെ മൂടി നോക്കിയാല്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് അതിന്റെ നിറമോ രൂപമോ ആയിരിക്കും. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാല്‍ മിക്ക ബോള്‍പോയിന്റ് പേനകളുടെയും മൂടിയില്‍ ചെറിയൊരു ദ്വാരം കാണാം. പേനയുടെ എഴുത്തുമായി നേരിട്ട് ബന്ധമില്ലാത്ത ഈ ദ്വാരം എന്തിനാണെന്ന ചോദ്യം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും.പേനയുടെ മൂടിയിലെ ദ്വാരം മഷി ഉണങ്ങാതിരിക്കാനോ പേന ശരിയായി പ്രവര്‍ത്തിക്കാനോ വേണ്ടിയുള്ളതാണെന്ന് പലരും കരുതാറുണ്ട്. എന്നാല്‍ പ്രധാന കാരണം അതല്ല. ഈ ചെറിയ ദ്വാരത്തിന് പിന്നില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാരണമാണ് ഉളളത്.

കാരണം ഇതാണ്

small hole in the pen cap

പേനയുടെ മൂടി ചെറിയ വലുപ്പത്തിലുള്ള വസ്തുവായതിനാല്‍ കുട്ടികള്‍ അബദ്ധത്തില്‍ വായിലിടാനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ ചില മുതിര്‍ന്നവര്‍ക്കും അറിയാതെ പേനയുടെ മൂടി വായിലിട്ട് കടിക്കുന്ന ശീലമുണ്ടാകാം. ഇങ്ങനെ ചെയ്യുമ്പോള്‍ അപൂര്‍വമായി മൂടി ശ്വാസനാളത്തിലേക്ക് കയറിപ്പോയാല്‍ അത് വായുപ്രവാഹം തടസ്സപ്പെടുത്തുകയും ഗുരുതരമായ ശ്വാസംമുട്ടലിന് കാരണമാകുകയും ചെയ്യാം. ഇത്തരം സാഹചര്യത്തില്‍ മൂടിയില്‍ നല്‍കിയിരിക്കുന്ന ചെറിയ ദ്വാരം വായു കടന്നുപോകാനുള്ള ഒരു അധിക വഴി നല്‍കാന്‍ സഹായിക്കും. അതുവഴി ശ്വാസനാളം പൂര്‍ണമായി അടയാനുള്ള സാധ്യത കുറയും.

കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം

പേനയും മാര്‍ക്കറും കുട്ടികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളാണ്. അതിനാല്‍ പേനയുടെ മൂടി പോലുള്ള ചെറിയ ഭാഗങ്ങള്‍ കുട്ടികള്‍ വായിലിടാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷാ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ISO 11540:2021 എന്ന അന്താരാഷ്ട്ര മാനദണ്ഡത്തില്‍ എഴുത്തുപകരണങ്ങളുടെ മൂടികള്‍ മൂലമുണ്ടാകാവുന്ന ശ്വാസംമുട്ടല്‍ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ആവശ്യകതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 14 വയസ്സ് വരെയുള്ള കുട്ടികള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള എഴുത്തുപകരണങ്ങളെയാണ് ഇത് പരിഗണിക്കുന്നത്.

small hole in the pen cap

ഈ ദ്വാരം ഉണ്ടായത് എപ്പോള്‍ മുതല്‍?

ഇന്നത്തെ പേനകളില്‍ ഇത് സ്വാഭാവികമായൊരു ഡിസൈന്‍ ഘടകമായി തോന്നുമെങ്കിലും സുരക്ഷാ ആവശ്യകതകള്‍ക്കനുസരിച്ച് ഇത്തരം രൂപകല്‍പ്പനകള്‍ മുന്‍പ് വ്യാപകമായിത്തുടങ്ങിയിരുന്നു. BICയുടെ ചരിത്ര വിവരങ്ങള്‍ പ്രകാരം, BIC Cristal പേനയുടെ മൂടിയില്‍ 1991-ല്‍ ദ്വാരം നല്‍കിയത് ബ്രിട്ടീഷ് സുരക്ഷാ മാനദണ്ഡമായ BS 72721 പാലിക്കുന്നതിനായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു. അപകടത്തില്‍ മൂടി വിഴുങ്ങിയാല്‍ ശ്വാസംമുട്ടാനുള്ള സാധ്യത കുറയ്ക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

small hole in the pen cap

പേനയിലെ എല്ലാ ദ്വാരങ്ങളും ഒരേ ആവശ്യത്തിനല്ല

പേനയുടെ മൂടിയിലുള്ള ദ്വാരവും പേനയുടെ മറ്റ് ഭാഗങ്ങളിലുള്ള ദ്വാരവും ഒരേ ആവശ്യത്തിനായിരിക്കണമെന്നില്ല. ഉദാഹരണത്തിന് BIC Cristal പോലുള്ള ചില പേനകളുടെ ബാരലില്‍ കാണുന്ന ദ്വാരം അകത്തും പുറത്തുമുള്ള വായുമര്‍ദ്ദം സന്തുലിതമാക്കാനും മഷി ചോര്‍ച്ച കുറയ്ക്കാനും സഹായിക്കുന്നതാണ്. അത് മൂടിയിലെ സുരക്ഷാ ദ്വാരത്തില്‍ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും സാധാരണമായ വസ്തുക്കളില്‍ പോലും സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ചിന്തകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നതിന്റെ ചെറിയൊരു ഉദാഹരണമാണ് അത്.

Content Highlights :Have you ever wondered what that small hole on top of a ballpoint pen's cap is for?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image