കുവൈറ്റിൽ പുതിയ മാധ്യമ നിയമം; സ്ഥാപനങ്ങൾ ആറ് മാസത്തിനുള്ളിൽ ലൈസൻസുകൾ ക്രമീകരിക്കണം

ലൈസൻസില്ലാതെ മാധ്യമപ്രവർത്തനം നടത്തുന്നവർക്കെതിരെ വൻ തുക പിഴയും മറ്റ് നിയമനടപടികളും ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു

കുവൈറ്റിൽ പുതിയ മാധ്യമ നിയമം; സ്ഥാപനങ്ങൾ ആറ് മാസത്തിനുള്ളിൽ ലൈസൻസുകൾ ക്രമീകരിക്കണം
dot image

മാധ്യമ മേഖലയെ സമഗ്രമായി പരിഷ്കരിക്കാനും ആധുനികവത്കരിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങളുമായി കുവൈറ്റ്. പത്രങ്ങൾ, ഓഡിയോ വിഷ്വൽ മീഡിയ, ഇലക്ട്രോണിക് മാധ്യമങ്ങൾ എന്നിവയെ നിയന്ത്രിച്ചിരുന്ന നിലവിലുള്ള മൂന്ന് പഴയ നിയമങ്ങൾ റദ്ദാക്കിക്കൊണ്ടാണ് പുതിയ സംയോജിത നിയമനിർമ്മാണം നടത്തിയിരിക്കുന്നത്. കുവൈറ്റ് ഒഫീഷ്യൽ ഗസറ്റായ 'കുവൈറ്റ് ടുഡേ'യിലാണ് പുതിയ നിയമം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.

അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനാ തത്വങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് പുതിയ നിയമനിർമ്മാണം. വ്യക്തികൾക്ക് തങ്ങളുടെ ആശയങ്ങൾ ആവിഷ്കരിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അത് പൊതുക്രമം, സദാചാരം, മറ്റുള്ളവരുടെ അവകാശങ്ങൾ, അന്തസ്സ്, ദേശീയ സുരക്ഷ, രാജ്യത്തിന്റെ ഐക്യം എന്നിവയെ ബാധിക്കുന്നതാകരുത്. മാധ്യമ സ്ഥാപനങ്ങൾക്കും ഔദ്യോഗിക പുസ്തകമേളകളിൽ പ്രദർശിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കും മുൻകൂർ സെൻസർഷിപ്പ് ഉണ്ടായിരിക്കില്ല. എന്നാൽ രാജ്യത്തിനകത്ത് അച്ചടിക്കുന്ന പുസ്തകങ്ങൾക്കും സിനിമകൾക്കും വിതരണത്തിന് മുൻപായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

പത്രങ്ങൾ, റേഡിയോ-ടിവി ചാനലുകൾ, ഡിജിറ്റൽ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, പരസ്യ ഏജൻസികൾ, വിദേശ മാധ്യമ പ്രതിനിധികൾ, കലാസൃഷ്ടികൾ, സിനിമകൾ എന്നിവയെല്ലാം ഇനിമുതൽ ഈ ഒറ്റ നിയമത്തിന് കീഴിൽ വരും. ലൈസൻസില്ലാതെ മാധ്യമപ്രവർത്തനം നടത്തുന്നവർക്കെതിരെ വൻ തുക പിഴയും മറ്റ് നിയമനടപടികളും ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

വിപ്ലവകരമായ ഡിജിറ്റൽ മാറ്റങ്ങൾക്ക് അനുസൃതമായി മാധ്യമരംഗത്തെ നവീകരിക്കാനും നിലവിലുണ്ടായിരുന്ന നിയമപരമായ പോരായ്മകൾ പരിഹരിക്കാനുമാണ് പുതിയ പരിഷ്കാരം. ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷമായിരിക്കും പുതിയ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരിക.

പുതിയ നിയമം ഗസറ്റിൽ വന്ന് ആറ് മാസത്തിനകം ബന്ധപ്പെട്ട മന്ത്രി ഇതിന്റെ എക്സിക്യൂട്ടീവ് നിയമാവലികൾ പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതിനുശേഷം നിലവിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും തങ്ങളുടെ പ്രവർത്തനങ്ങളും ലൈസൻസുകളും പുതിയ വ്യവസ്ഥകൾക്ക് അനുസൃതമായി ക്രമീകരിക്കാൻ ആറ് മാസത്തെ സാവകാശം നൽകും. നിശ്ചിത സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

Content Highlights: Kuwait has enacted a new comprehensive Media Regulation Law replacing three earlier media laws. Existing media activities must regularise their status within six months after the executive regulations are issued, or their licences may be cancelled.

dot image
To advertise here,contact us
dot image