

ഭരണഘടനയുടെ 324-ാം അനുഛേദം തെരഞ്ഞെടുപ്പ് കമ്മീഷന് വലിയ അധികാരങ്ങള്‍ നല്‍കുന്നുണ്ട്. അതിനര്‍ത്ഥം, തെരഞ്ഞെടുപ്പ് കമ്മീഷണന്‍ നിയങ്ങള്‍ക്ക് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സംരക്ഷണമുള്ള ഏകാധിപതി എന്നല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്ര വലിയ ഭരണഘടനാ സ്ഥാപനമായാലും, അവര്‍ രാജ്യത്തെ നിയമങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥക്കും വിധേയമായിരിക്കണം, നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ല എന്നര്‍ത്ഥം.
എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തെ വിരല്‍ചൂണ്ടി ഇങ്ങനെ പറയേണ്ടിവരുന്നത്. അതിന്റെ കാരണം ഗ്യാനേഷ് കുമാര്‍ എന്ന ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്നെ. ഇന്ത്യന്‍ ജനാധിപത്യത്തെ കുഴിവെട്ടിമൂടാനാണോ ഗ്യാനേഷ് കുമാറിന്റെ ശ്രമങ്ങളെന്ന ചോദ്യങ്ങളാണ് ഇന്ന് രാജ്യത്ത് ഉയരുന്നത്. വോട്ട് ചെയ്യുക എന്നത് ഒരു ഇന്ത്യന്‍ പൗരന്റെ അവകാശമാണ്. ആ അവകാശം ഉറപ്പാക്കി, ജനാധിപത്യ പ്രക്രിയയില്‍ എല്ലാ പൗരന്മാരെയും അണിനിരത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിറവേറ്റേണ്ടിയിരുന്നത്. പക്ഷെ, ഗ്യാനേഷ് കുമാര്‍ എന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചെയ്തത്, ഇന്ത്യന്‍ പൗരന്മാരുടെ വോട്ടുകള്‍ ഇല്ലാതാക്കുകയാണ്, ഇന്ത്യ എന്ന സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യത്തെ മനുഷ്യരില്‍ ഒരു വിഭാഗത്തെ ഇന്ത്യന്‍ പൗരന്മാരാക്കിയും മറ്റൊരു വിഭാഗത്തെ ഇന്ത്യന്‍ പൗരന്മാരെന്ന് തെളിയിക്കാനാകാത്ത വിഭാഗമാക്കിയും ഗ്യാനേഷ് കുമാര്‍ വെട്ടിമാറിച്ചു. ഒമ്പതര കോടി വോട്ടര്‍മാരെയാണ് പുറത്താക്കിയത്. ഏറ്റവും അപകടകരമായ രാഷ്ട്രീയമാണ് ഗ്യാനേഷ് കുമാര്‍ നടപ്പാക്കിയത്. അതും തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ എതിര്‍പ്പുകള്‍ തള്ളി.
ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ അട്ടിമറിക്കാനുള്ള ധൈര്യം കാട്ടിയ ഈ ഗ്യാനേഷ് കുമാര്‍ ആരാണ്…. എന്തിന് വേണ്ടിയാണ് ഗ്യാനേഷ് കുമാര്‍ ഇതൊക്കെ ചെയ്യുന്നത്… ആരാണ് ഗ്യാനേഷ് കുമാറിന്റെ പിന്നില്‍…. എന്താണ് ഗ്യാനേഷ് കുമാറിന്റെ അടുത്ത പദ്ധതി…. ഗ്യാനേഷ് കുമാര്‍ രാജിവെക്കുമോ…വലിയ സമ്മര്‍ദ്ദത്തിലാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും
ഗ്യാനേഷ് കുമാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറയുന്നു. മോദിയും അമിത്ഷായും ഗ്യാനേഷ് കുമാരും ചേര്‍ന്ന് ഈ രാജ്യത്തെ ജനങ്ങളെ ഇരുട്ടില്‍നിര്‍ത്തി. ജനങ്ങളില്‍ ഒരു വിഭാഗത്തെ ഇന്ത്യന്‍ പൗരന്മാരല്ലെന്ന് മുദ്രകുത്തി അധിക്ഷേപിച്ചു. ബിഹാറിലും പശ്ചിമബംഗാളിലും നടന്നത് തെരഞ്ഞെടുപ്പ് അട്ടിമറി തന്നെയെന്ന് രാഹുൽ ഗാന്ധി പറയുന്നു. ഡൽഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തി എന്തുകൊണ്ട് ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി അക്കമിട്ട് പറഞ്ഞു.
എസ്ഐആര്‍ എന്ന വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിലൂടെ അത്യന്തം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളാണ് ഗ്യാനേഷ് കുമാര്‍ സ്വീകരിച്ചത്. വലിയ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ത്യാസഖ്യത്തിന്റെ യോഗവുമൊക്കെ ഡൽഹിയില്‍ നടന്നു. ഇൻഡ്യ സഖ്യം തെരുവിലേക്ക് ഇറങ്ങാന്‍ പോവുകയാണ്. ഒക്ടോബര്‍ 2ന് ഇടതുപക്ഷ പാര്‍ടികള്‍ തെരുവിലേക്കിറങ്ങി. സിപിഐഎം ജന.സെക്രട്ടറി എം എ ബേബി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റുവരിച്ചു. ആര്‍ജെഡി, ആംആദ്മി പാര്‍ടി ഉള്‍പ്പടെ പ്രതിപക്ഷ നിരയിലെ പ്രധാനപ്പെട്ട പാര്‍ട്ടികളുടെ വലിയ നിര തന്നെയാണ് പ്രതിപക്ഷ നിരയിലുണ്ടായത്.

മൂന്ന് കമ്മീഷണര്‍മാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. അതിലൊരാള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷറായിരിക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാണല്ലോ ഗ്യാനേഷ് കുമാര്‍. ഏന്ത് തീരുമാനം എടുക്കുമ്പോള്‍ മറ്റ് രണ്ട് കമ്മീഷണര്‍മാരുടെ അനുമതി ഗ്യാനേഷ് കുമാര്‍ ഉറപ്പാക്കണമെന്നാണ് നിയമം. അത് ചെയ്തില്ല എന്നുമാത്രമല്ല, മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ നല്‍കിയ വിയോജിപ്പുകള്‍ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞാണ് ഗ്യാനേഷ് കുമാര്‍ മുന്നോട്ടുപോയത്. കമ്മീഷണര്‍മാരായ ഡോ. സുഗ്ബീര്‍ സിംഗ് സന്ധുവും ഡോ. വിവേക് ജോഷിയും 10 മാസത്തിനിടയില്‍ 14 തവണയാണ് വിയോജിപ്പിച്ച് അറിയിച്ചുള്ള കത്തുകള്‍ നല്‍കിയത്. വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ ഓരോ മണ്ഡലങ്ങളിലും പൂര്‍ത്തിയാക്കിയിരുന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണ്. അത് റദ്ദാക്കി വോട്ടര്‍ പട്ടികയുടെ പൂര്‍ണ്ണ നിയന്ത്രണം ഡൽഹിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണനിലുള്ള ഐടി വിഭാഗത്തിന്റെ മേധാവിയായ സീമാ ഖന്നയ്ക്ക് കീഴിലേക്ക് മാറ്റി. മറ്റൊന്ന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഫോം 6ല്‍ വരുത്തിയ ഭേദഗതികളാണ്. എസ്ഐആര്‍ പ്രക്രിയയിലൂടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ അവരുടെ പൂര്‍വ്വികര്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു എന്നതില്‍ സത്യവാംങ്മൂലം നല്‍കണം എന്ന വ്യവസ്ഥയാണ് കൊണ്ടുവന്നത്. യഥാർത്ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന് നടപ്പാക്കേണ്ടതായിരിന്നു ഈമാറ്റം. നിയമവിരുദ്ധമാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ തീരുമാനമെന്ന് സഹകമ്മീഷണര്‍മാര്‍ പലതവണ പറഞ്ഞിട്ടും ഗ്യാനേഷ് കുമാര്‍ അത് കേട്ടില്ല. കാരണം അത്രക്ക് വലിയ ഭരണ-രാഷ്ട്രീയ പിന്തുണ ഗ്യാനേഷ് കുമാറിന് ഉണ്ടായിരുന്നു എന്നുതന്നെ പറയാം.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 30 ഇടങ്ങളിലെ എസ്ഐആര്‍ നടപടികളിലൂടെ പുറത്താക്കിയത് 13 കോടി 80 ലക്ഷം വോട്ടര്‍മാരെയാണ്. ഇതില്‍ ഒമ്പതര കോടി വോട്ടര്‍മാരെ ഒഴിവാക്കിയത്, നിസാര കാരണങ്ങളുടെ പേരിലാണ്. പരമാവധി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയിലേക്ക് കൊണ്ടുവരിക, അതുവഴി ജനാധിപത്യത്തെ സമ്പന്നമാക്കുക എന്നതില്‍ നിന്ന് മാറി, പരമാവധി വോട്ടര്‍മാരെ പുറത്താക്കുക എന്ന ലക്ഷ്യമായിരുന്നു ഗ്യാനേഷ് കുമാറിന് ഉണ്ടായിരുന്നതെന്ന് വ്യക്തം. ഇന്ത്യന്‍ ജനാധിപത്യത്തോടും ഈ രാജ്യത്തെ പൗരന്മാരോടുമുള്ള ഏറ്റവും വലിയ വലഞ്ചനയാണ് ഗ്യാനേഷ് കുമാര്‍ കാട്ടിയത്. അതിപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭങ്ങള്‍ ഡൽഹിയെ പിടിച്ചുകുലുക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്കുവേണ്ടി ഉണ്ടായ പ്രക്ഷോഭങ്ങള്‍ പോലെ, ഒരുപക്ഷെ അതിനെക്കാള്‍ ശക്തമായ മുന്നേറ്റങ്ങളാണ് ഇപ്പോള്‍ ഡൽഹിയിലും രാജ്യത്താകെയും തുടരുന്നത്. ഗ്യാനേഷ് കുമാര്‍ രാജിവെക്കാനുള്ള സാധ്യത കൂടുതലാണ്. അത്രമേല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംശയത്തിന്റെ നിഴലിലാണ്. ഗ്യാനേഷ് കുമാര്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇംപീച്ച് ചെയ്ത് പുറത്താക്കുകയാണ് മാര്‍ഗം. ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളെ മോദിയും അമിത്ഷായും ഒരുക്കാലത്തും പിന്തുണക്കില്ല. കാരണം അതിബുദ്ധിമാനാണ് ഗ്യാനേഷ് കുമാറെന്ന് അറിയാത്തവരല്ല മോദിയും അമിത്ഷായും.
കേരളത്തിനും മലയാളികള്‍ക്കും നന്നായി അറിയാം ഗ്യാനേഷ് കുമാറിനെ. കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ കളക്ടാറായും വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായുമൊക്കെ കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002-2003 കാലഘട്ടത്തില്‍ ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു. അന്ന് കേരളത്തില്‍ മലേഷ്യന്‍ കമ്പനിയുടെ സഹകരണത്തോടെ രണ്ട് റോഡ് പദ്ധതികള്‍ നടപ്പാക്കി. ലോകബാങ്ക് സഹായത്തോടെ കെഎസ്ടിപി നടപ്പാക്കിയ പതിബെല്‍ റോഡ് പദ്ധതി. മലേഷ്യന്‍ റോഡ് എന്ന് അറിയപ്പെടുന്ന ആ റോഡുകളുടെ നിര്‍മ്മാണത്തിന് ശേഷം അതിന്റെ കരാറുകാരന്‍ ആത്മഹത്യ ചെയ്തു. അഴിമതി താല്പര്യം വെച്ചുള്ള ഉദ്യോഗസ്ഥ പീഡനങ്ങളില്‍ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു ആത്മഹത്യാ കുറിപ്പ്. മലേഷ്യന്‍ റോഡ് പദ്ധതിയിലെ അഴിമതി ആരോപണങ്ങളില്‍ പിന്നീട് വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നടന്നു. അന്വേഷണങ്ങളും അച്ചടക്ക നടപടികളും തുടരുന്നതിനിടയില്‍ ഗ്യാനേഷ് കുമാര്‍ കേന്ദ്ര സര്‍വ്വീസിലേക്ക് ചുവടുമാറ്റി. ഡെപ്യുട്ടേഷനില്‍ പ്രവര്‍ത്തന മേഖല ഡൽഹിയിലേക്ക് മാറ്റിയ ഗ്യാനേഷ് കുമാര്‍ യുപിഎ ഭരണകാലത്ത് രാഷ്ട്രീയ സൗഹൃദങ്ങള്‍ ഉറപ്പിച്ച് പ്രതിരോധ വകുപ്പില്‍ ജോ. സെക്രട്ടറിയായി. എ കെ ആന്റണിയായിരുന്നു അന്ന് പ്രതിരോധ മന്ത്രി. നരേന്ദ്ര മോദിയുടെ വരവിന് ശേഷം കോണ്‍ഗ്രസ് നേതാക്കളെ വിട്ട് ബിജെപി നേതാക്കളില്‍ പിടിമുറുക്കി. അക്കാലത്ത് ഡൽഹി കേരളാ ഹൗസിന്റെ റസിഡന്റ്സ് കമ്മീഷണറായും ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. കേരളാ ഹൗസിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒട്ടനവധി ആരോപങ്ങള്‍ ഗ്യാനേഷ് കുമാറിനെതിരെ ഉണ്ടായിരുന്നു. ബിസിനസ് കോര്‍പ്പറേറ്റ് നിഗൂഢ ബന്ധങ്ങളും രാഷ്ട്രീയ നേതൃത്വവുമായുള്ള രഹസ്യകൂട്ടുക്കെട്ടുകളുമൊക്കെയായി ബ്യൂറോക്രസിയിലെ ഒരു ഇടനിലക്കാരന്‍ തന്നെയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഗ്യാനേഷ് കുമാര്‍. ഡൽഹി കേരളാ ഹൗസിലെ റസിഡന്‍സ് കമ്മീഷണര്‍ പദവി കാലം ഒരു ട്രാന്‍സ്ഫോമേഷന്‍ കാലമായിരുന്നു.
യഥാര്‍ത്ഥത്തില്‍ 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മാസ്റ്റര്‍ പ്ളാന്‍ തന്നെയായിരുന്നു ഗ്യാനേഷ് കുമാര്‍ തയ്യാറാക്കിയത് എന്നതില്‍ സംശയം വേണ്ട. ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാനുള്ള തന്ത്രമായിരുന്നു ഗ്യാനേഷ് കുമാര്‍ നടപ്പാക്കിയതെന്ന സംശയമാണ് ബലപ്പെടുന്നത്
കോണ്‍ഗ്രസ് ബന്ധങ്ങള്‍ ഉപേക്ഷിച്ച്, ബിജെപി ബന്ധങ്ങളിലേക്ക് കൂടുമാറാനുള്ള കാലം… പിടിക്കുമ്പോള്‍ പുളിങ്കൊമ്പില്‍ തന്നെ പിടിക്കണമല്ലോ… അങ്ങനെ പുളിങ്കൊമ്പില്‍ തന്നെ പിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അമിത്ഷാക്ക് കീഴില്‍ ജോ. സെക്രട്ടറിയായി. ഗ്യാനേഷ് കുമാറിനെ സംബന്ധിച്ച് ഒരു പുതുയുഗ യാത്ര തന്നെയായിരുന്നു അത്. ചുരുങ്ങിയ കാലം കൊണ്ട് മോദിയുടെയും അമിത്ഷായുടെയും വിശ്വസ്ഥനായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ എത്തിയ ഗ്യാനേഷ് കുമാറിന്റെ ആദ്യത്തെ ചുമതല അയോദ്ധ്യ രാമക്ഷേത്ര പദ്ധതിക്കായുള്ള സംഭാവന പിരിവും, പദ്ധതി നടപ്പാക്കുന്നതിനുള്ള ഏകോപനവുമായിരുന്നു. 3500 കോടി രൂപയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി പിരിച്ചെടുത്തത്. അദ്ദേഹത്തിന് പറ്റുന്ന പണി കൃത്യമായി ചെയ്തു എന്നുതന്നെ പറയാം. അയോദ്ധ്യ ഫണ്ട് പിരിവും ഏകോപനവും കൃത്യമായി നടപ്പാക്കിയ ഗ്യാനേഷ് കുമാറാര്‍ പിന്നീടെത്തിയത് ആഭ്യന്തര മന്ത്രാലയത്തിലെ കശ്മീര്‍ ഡെസ്കിലേക്കാണ്. കശ്മീരിന്റെ 370-ാം അനുഛേദം റദ്ദാക്കാനുള്ള സംഘപരിവാര്‍ തീരുമാനവും ഭംഗിയായി ഗ്യാനേഷ് കുമാര്‍ നിറവേറ്റി. 2024 മാര്‍ച്ച് മാസത്തിലാണ് ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി എത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ്. 2025 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രി ചേര്‍ന്ന യോഗത്തില്‍ മോദിയും അമിത്ഷായും ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാക്കി. 2025 ജൂണ്‍ മാസത്തില്‍ ബിഹാറില്‍ ആദ്യ എസ്ഐആര്‍ പ്രഖ്യാപിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി. 2025 നവംബര്‍മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം വലിയ മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു. എസ്ഐആറിന് ശേഷം ബംഗാളില്‍ ബിജെപി നേടിയ രാഷ്ട്രീയ മുന്നേറ്റവും അവിശ്വസനീയമാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബംഗാളിലുമൊക്കെ പ്രത്യേക മത വിഭാഗങ്ങളെ കൂട്ടത്തോടെ എസ്ഐആറില്‍ നിന്ന് ഒഴിവാക്കിയതിന്റെ തെളിവുകള്‍ പുറത്തുവന്നു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ പൗരത്വം തെളിയിക്കണം എന്ന വ്യവസ്ഥയാണ് ഗ്യാനേഷ് കുമാര്‍ മുന്നോട്ടുവെച്ചത്. എങ്ങനെയാണ് പൗരത്വം തെളിയിക്കേണ്ടത്. അതിന് അധാര്‍ കാര്‍ഡോ, റേഷന്‍ കാര്‍ഡോ, എന്തിന് ഇന്ത്യന്‍ പാസ്പോര്‍ട് പോലും മതിയാകില്ല. പകരം ഒരോ വ്യക്തിയുടെയും പൂര്‍വ്വീകര്‍ മുന്‍കാലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ നല്‍കണം. അത് തെളിയിക്കുന്ന സത്യവാംങ്മൂലം നല്‍കണം. അങ്ങനെയാണ് രാജ്യത്ത് ഇതുവരെ എസ്ഐആറിലൂടെ ഒമ്പതര കോടി വോട്ടര്‍മാര്‍ പുറത്തായത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ കൊല്‍ക്കത്തയില്‍ മാധ്യമ പ്രവര്‍ത്തകനായ രാജഗോപാലിന് പാസ്പോര്‍ട് നിഷേധിച്ചത് വലിയ വിവദമായിരുന്നല്ലോ. ഈ നിലയില്‍ എസ്ഐആര്‍ എന്ന തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം പൗരത്വ പരിശോധന കൂടിയാക്കി ഗ്യാനേഷ് കുമാര്‍ മാറ്റി. യഥാര്‍ത്ഥത്തില്‍ 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മാസ്റ്റര്‍ പ്ളാന്‍ തന്നെയായിരുന്നു ഗ്യാനേഷ് കുമാര്‍ തയ്യാറാക്കിയത് എന്നതില്‍ സംശയം വേണ്ട. ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാനുള്ള തന്ത്രമായിരുന്നു ഗ്യാനേഷ് കുമാര്‍ നടപ്പാക്കിയതെന്ന സംശയമാണ് ബലപ്പെടുന്നത്.
കേരളത്തില്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന് ഗ്യാനേഷ് കുമാര്‍ നല്‍കിയ ഒരു ഓഫറിനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. ജിജി തോംസണ്‍ തന്നെയാണ് അത് വെളിപ്പെടുത്തിയത്. 'വിരമിച്ച സാഹചര്യത്തില്‍ എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നുകൂടാ, പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കു, വിജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകും', ഗ്യാനേഷ് കുമാര്‍ ജിജി തോംസണ് നല്‍കിയ ഓഫറായിരുന്നുവത്രേ.. 2016 ലാണ് സംഭവം. 2016 എന്നുപറയുമ്പോള്‍ ഗ്യാനേഷ് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അമിത്ഷായുടെ കീഴില്‍ കശ്മീര്‍ ഡസ്കിന്റെ ചുമതലയുള്ള ഡോ.സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു എന്ന് ഓര്‍ക്കണം. അന്നുമുതലേ ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു ഗ്യാനേഷ് കുമാര്‍. ആ ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുമായി മാറുമ്പോള്‍ ഇപ്പോള്‍ ചെയ്തതൊക്കെ ചെയ്തില്ലെങ്കിലോ അത്ഭുതമുള്ളു. പക്ഷെ, പല നാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്നാണല്ലോ… ഇപ്പോള്‍ ഗ്യാനേഷ് കുമാര്‍ പിടിക്കപ്പെട്ടിരിക്കുന്നു.. ഈ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുകയായിരുന്നില്ല ഗ്യാനേഷ് കുമാറിന്റെ ലക്ഷ്യമെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു…

ഉത്തര്‍പ്രദേശിലും ഗുജറാത്തിലും പഞ്ചാബിലും ഹിമാചല്‍പ്രദേശിലുമൊക്കെ തെരഞ്ഞെടുപ്പ് വരികയാണ്. എസ്ഐആറിലൂടെ ഉത്തര്‍പ്രദേശില്‍ വെട്ടിമാറ്റിയിരിക്കുന്നത് 2 കോടി വോട്ടര്‍മാരെയാണ്. പശ്ചിമബംഗാളില്‍ ഏത് വിധത്തിലാണോ വോട്ടര്‍മാരെ ഒഴിവാക്കിയത് അതേ രൂപത്തില്‍ തന്നെയാണ് യുപിയിലും വോട്ട് വെട്ടിയിരിക്കുന്നത്. വോട്ട് വെട്ടിയതിനെതിരെ മുഖ്യമന്ത്രിയായിരിക്കെ മമത ബാനര്‍ജി സുപ്രീംകോടതിയില്‍ എത്തി കേസ് വാദിച്ചത് ഓര്‍മ്മയില്ലേ. അന്ന് സുപ്രീംകോടതിയും അത് കേട്ടില്ല. ഇപ്പോള്‍ ഗ്യാനേഷ് കുമാര്‍ പ്രതികൂട്ടില്‍ നില്‍ക്കുമ്പോള്‍ പഴയ കേസൊക്കെ പൊടിതട്ടിയെടുക്കാന്‍ നോക്കുകയാണ് സുപ്രീംകോടതിയും. സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരുപക്ഷെ മറ്റൊരു വലിയ പ്രക്ഷോഭത്തിനാണ് ഇന്ന് രാജ്യം സാക്ഷിയാവുന്നത്. എന്തും അട്ടിമറിക്കാം എന്ന രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും എന്ന് തെളിയിച്ച പല സംഭവങ്ങളും ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ ചോദ്യം ചെയ്തുതുടങ്ങിയിരിക്കുന്നു. നഗരങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളും ഉണര്‍ന്നുതുടങ്ങിയിരിക്കുന്നു... അക്ഷരാര്‍ത്ഥത്തില്‍ ഒരു ദേശീയ മുന്നേറ്റം തന്നെ ആരംഭിച്ചിരിക്കുന്നു എന്നുപറയാം. ഇവിടെ ഗ്യാനേഷ് കുമാറും ഗ്യാനേഷ് കുമാറിനെ നയിച്ചവരും വിജയിക്കാനുള്ള സാധ്യത കുറവാണ്. കാരണം ജനരോക്ഷം അതിശക്തമാണ്. രാജ്യം മുഴുവന്‍ പടരുന്ന മുന്നേറ്റമായി അത് മാറിക്കൊണ്ടിരിക്കുകയാണ്.
Content Highlights: Gyanesh Kumar may not be able to continue for long amid growing public anger, opinion.