

കർണാടകയിലെ ആശുപത്രികളിൽ മരുന്നുകളുടെ വിലയിൽ നടക്കുന്നത് വൻ കൊള്ള. മരുന്ന് എത്തിക്കാനുള്ള ചെലവിനേക്കാൾ 50 മടങ്ങ് വരെ കൂടുതൽ വിലയിലാണ് മരുന്നുകൾ രോഗികൾക്ക് വിൽക്കുന്നത് എന്ന് കണ്ടെത്തി. കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനകളിലാണ് കൊള്ള കണ്ടെത്തിയത്.
കാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളും കൂടിയാണ് ഇത്തരത്തിൽ കൂടിയ വിലയ്ക്ക് വിൽക്കുന്നത് എന്നും കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തി. 86 രൂപ മാത്രം ലാൻഡിംഗ് ചെലവ് വരുന്ന മരുന്നുകൾ വിൽക്കുന്നത് 4,528 രൂപയ്ക്കാണ്. ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ആശുപത്രികൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്നത് വിലക്കിഴിവ് അടക്കം നൽകിക്കൊണ്ടാണ്. ഇങ്ങനെയിരിക്കെയാണ് ആശുപത്രികൾ രോഗികളിൽ നിന്ന് കൊള്ളവില ഈടാക്കുന്നത്.
മരുന്നുകളുടെ വിലയിലെ ഈ കൊള്ള പുറത്തുവന്നതിന് പിന്നാലെ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദർ കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്.എല്ലാ ആശുപത്രികളും ഫാർമസികളും ഓരോ മരുന്നിന്റെ ലാൻഡിംഗ് ചെലവും വിൽപ്പന വിലയും പരസ്യമായി പ്രദർശിപ്പിക്കാനുള്ള നിയമനിർമാണം ആവശ്യപ്പെട്ടാണ് യു ടി ഖാദർ കത്തെഴുതിയത്. മരുന്നുകളുടെ വില നിയന്ത്രണം പ്രാഥമികമായി കേന്ദ്ര അധികാരപരിധിയിൽ വരുന്നതിനാലാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മരുന്നുകൾക്ക് ഈടാക്കുന്ന അമിത വിലയ്‌ക്കെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചിരുന്നു. കാൻസർ മരുന്നുകളുടെ നിർമ്മാതാക്കൾ റീട്ടെയിലർമാർക്ക് വിൽക്കുന്ന വിലയും മരുന്നുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പന വിലയും (എംആർപി) തമ്മിലുള്ള അന്തരത്തിൽ വലിയ ആശങ്കയാണ് സുപ്രീംകോടതി രേഖപ്പെടുത്തിയത്. 2,700 രൂപയ്ക്ക് വാങ്ങുന്ന മരുന്ന് 27,000 രൂപ എംആർപിയിൽ വിൽക്കാൻ അനുവദിക്കുന്നത് ‘കൊള്ളയടിക്കലിന്’ തുല്യമാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അത് കൊള്ളയടിക്കലല്ലെങ്കിൽ പിന്നെ മറ്റെന്താണ്? മരുന്ന് വാങ്ങുന്നതിനായി ആളുകൾ വീടും ആഭരണങ്ങളും വരെ വിൽക്കുന്നു എന്നായിരുന്നു മരുന്നുകളുടെ വില നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞത്. മരുന്നുകളിൽ അച്ചടിച്ചിരിക്കുന്ന എംആർപിയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് റീട്ടെയിലർമാർക്ക് വിൽക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Inspections by Karnataka’s Food Safety and Drug Administration found that medicines sold at private hospitals were priced up to 5,000 times higher than their reported delivery costs. The findings have highlighted concerns over medicine pricing and sales practices in private healthcare facilities.