

സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്ന ബാങ്ക് വായ്പകളുടെ നടപടി ക്രമങ്ങള്‍ ഇനി എളുപ്പത്തിലാകും. ഇന്‍ഡിവിജ്വല്‍ എന്റര്‍പ്രൈസ് ലോണ്‍ ആപ്ലിക്കേഷന്‍ (ഐ.ഇ.എല്‍.എ) പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ മുഖേന കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ രണ്ട് കൊല്ലമായി പ്രവര്‍ത്തിക്കുകയും സംരംഭ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതുമായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. ബാങ്കുകള്‍ മുഖേന ലഭ്യമാക്കുന്ന വായ്പകള്‍ക്കായി കുടുംബശ്രീ മുഖേന അപേക്ഷ നല്‍കാനാകും.
അയല്‍ക്കൂട്ടാംഗങ്ങളുടെ വിശദാംശങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ലോകോസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ഐ.ഇ.എല്‍.ഇ പദ്ധതി സംയോജിപ്പിച്ചിട്ടുണ്ട്.
നിലവില്‍ സംരംഭകര്‍ നേരിട്ട് ബാങ്കുകളിലെത്തിയാണ് വായ്പാ അപേക്ഷ നല്‍കുന്നത്. എന്നാല്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നതോടെ വായ്പ ആവശ്യമുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വിശദാംശങ്ങള്‍ ഡിജിറ്റലായി നല്‍കാം. ബിസിനസ് അനാലിസിസ് നടത്തല്‍, ബിസിനസ് പ്രൊപ്പോസല്‍ തയാറാക്കല്‍ കൂടാതെ അപേക്ഷയുള്‍പ്പെടെയുള്ള ബിസിനസ് പ്രൊപ്പോസലുകള്‍ വായ്പ നല്‍കാന്‍ സന്നദ്ധരായ ബാങ്കുകള്‍ക്ക് നല്‍കല്‍ എന്നിവയെല്ലാം മൈക്രോ എന്റെര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എംഇസി)മാരുടെ സഹായത്തോടെ ഓണ്‍ലൈനായി ചെയ്യാം.
ഓരോ ബാങ്കുകളും ഈ അപേക്ഷകള്‍ക്ക് എത്ര ശതമാനം പലിശയ്ക്ക് വായ്പ നല്‍കും എന്നതിനുള്ള മറുപടി ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ലഭിക്കും. തുടര്‍ന്ന് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് പലിശനിരക്കും മറ്റും അറിഞ്ഞ് ഇഷ്ടമുള്ള ബാങ്കില്‍ നിന്ന് വായ്പ എടുക്കാം. കൂടാതെ എന്‍ആര്‍എല്‍എം നല്‍കുന്ന പലിശ സബ്സിഡിയും ലഭ്യമാകും. പുതിയ രീതിയില്‍ അപേക്ഷ നല്‍കുന്നത് വഴി വായ്പകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസം, നിരവധി രേഖകളും മറ്റും സമര്‍പ്പിക്കേണ്ടി വരുന്നത് എന്നിങ്ങനെയുള്ള കടമ്പകള്‍ ഒഴിവാക്കാനാകും.
Content Highlights: Kudumbashree’s new IELA scheme will simplify access to low-interest bank loans for eligible neighbourhood group members engaged in enterprise activities through a digital application process