

സാധാരണ പ്രായമായവരില്‍ കാണപ്പെടുന്ന 'പ്രൈമറി' അല്ലെങ്കില്‍ 'എസന്‍ഷ്യല്‍' ഹൈപ്പര്‍ടെന്‍ഷനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി, ചെറുപ്പക്കാരില്‍ കണ്ടുവരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പിന്നില്‍ കൃത്യമായതും തിരിച്ചറിയാന്‍ സാധിക്കുന്നതുമായ മറ്റ് ഗുരുതര രോഗാവസ്ഥകള്‍ ഉണ്ടാകാറുണ്ട്. വൈദ്യശാസ്ത്രത്തില്‍ ഇതിനെ 'സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന്‍' (Secondary Hypertension) എന്ന് വിളിക്കുന്നു. 30 വയസ്സിന് താഴെയുള്ളവരില്‍, പ്രത്യേകിച്ച് 20കളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടെത്തിയാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

ചെറുപ്പക്കാരില്‍ രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്

ചെറുപ്പക്കാരില്‍ സെക്കന്‍ഡറി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളെ താഴെ പറയുന്ന രീതിയില്‍ തരംതിരിച്ചിരിക്കുന്നു
1 വൃക്കസംബന്ധമായ രോഗങ്ങള്‍
ചെറുപ്പക്കാരിലെ ഉയര്‍ന്ന ബിപിക്ക് ഏറ്റവും പ്രധാന കാരണം വൃക്കകളുടെ തകരാറുകളാണ്. വൃക്കകളുടെ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ (Renal parenchymal disease) മൂലം ശരീരത്തില്‍ ഉപ്പും വെള്ളവും കെട്ടിക്കിടക്കുകയും രക്തസമ്മര്‍ദ്ദം ഉയരുകയും ചെയ്യുന്നു. ഗ്ലോമെറുലോനെഫ്രൈറ്റിസ്, റിഫ്‌ലക്‌സ് നെഫ്രോപതി, പോളിസിസ്റ്റിക് കിഡ്‌നി രോഗം, ക്രോണിക് കിഡ്‌നി ഡിസീസ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. കൂടാതെ, യുവതികളില്‍ സാധാരണയായി കാണുന്ന 'ഫൈബ്രോമസ്‌കുലര്‍ ഡിസ്പ്ലാസിയ' മൂലം വൃക്കയിലെ ധമനികള്‍ ചുരുങ്ങുന്നതും (Renovascular hypertension) ഇതിലേക്ക് നയിക്കാം.
2 ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (Endocrine Causes)
ഫിയോക്രോമോസൈറ്റോമ (Pheochromocytoma)
അഡ്രീനല്‍ ഗ്രന്ഥികളിലുണ്ടാകുന്ന ഈ ട്യൂമര്‍ ബിപി പെട്ടെന്ന് ഉയര്‍ത്തുകയും ചിലപ്പോള്‍ പാരമ്പര്യ രോഗങ്ങളായ MEN2, VHL, NF1 എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം.
കുഷിംഗ് സിന്‍ഡ്രോം
ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ കൂടുന്ന അവസ്ഥയാണിത്. ഇത് അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നു.
കോണ്‍ സിന്‍ഡ്രോം (Conn's syndrome)
അമിതമായി ആല്‍ഡോസ്റ്റെറോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വഴി ശരീരത്തില്‍ പൊട്ടാസ്യം നഷ്ടപ്പെടുകയും ബിപി ഉയരുകയും ചെയ്യുന്നു.
തൈറോയ്ഡ് രോഗങ്ങള്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യങ്ങള്‍ വ്യത്യസ്ത രീതികളിലാണ് രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നത്.
ഹൈപ്പര്‍തൈറോയ്ഡിസം (Hyperthyroidism)
ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും സിസ്റ്റോളിക് ബിപി (Systolic BP) കൂട്ടുകയും ചെയ്യുമ്പോള്‍, ഹൈപ്പോതൈറോയ്ഡിസം (Hypothyroidism) പ്രധാനമായും ഡയസ്റ്റോളിക് ബിപി (Diastolic BP) ഉയരുന്നതിനാണ് കാരണമാകുന്നത്. ഇതോടൊപ്പം, ഹൈപ്പര്‍പാരാതൈറോയ്ഡിസം (Hyperparathyroidism) മൂലം രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് അമിതമാകുന്നതും (Hypercalcemia) രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടയാക്കും.
3 ജന്മനായുള്ള ഹൃദയവൈകല്യങ്ങള്‍ (Coarctation of Aorta)
ഹൃദയത്തില്‍ നിന്നുള്ള പ്രധാന ധമനി ജന്മനാ ചുരുങ്ങിയിരിക്കുന്ന അവസ്ഥയാണിത്. ഇതിന്റെ ഫലമായി കൈകളില്‍ ഉയര്‍ന്ന ബിപിയും കാലുകളില്‍ കുറഞ്ഞ ബിപിയും അനുഭവപ്പെടുന്നു.
4 ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ (OSA)
അമിതവണ്ണമുള്ള ചെറുപ്പക്കാരില്‍ കണ്ടുവരുന്ന ഈ അവസ്ഥ ഉറക്കത്തില്‍ ശ്വാസതടസ്സം സൃഷ്ടിക്കുകയും ബിപി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
5 മരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും ഉപയോഗം (Drug-Induced)
ഗര്‍ഭനിരോധന ഗുളികകള്‍, സ്റ്റിറോയിഡുകള്‍, വേദനസംഹാരികള്‍ (NSAIDs), ഡികണ്‍ജസ്റ്റന്റ്‌സ് (Decongestants) ഗുളികകള്‍, ചിലതരം വിഷാദരോഗ മരുന്നുകള്‍ എന്നിവയും. കൊക്കെയ്ന്‍, ആംഫെറ്റാമൈന്‍, എം.ഡി.എം.എ പോലെയുള്ള ലഹരിവസ്തുക്കളും ബിപി കൂട്ടാം. അതുകൂടാതെ ജിമ്മുകളില്‍ പോകുന്നവര്‍ ഉപയോഗിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍, അനാബോളിക് സ്റ്റിറോയിഡുകള്‍, ക്ലെന്‍ബുട്ടെറോള്‍, ഗ്രോത്ത് ഹോര്‍മോണ്‍ എന്നിവ ഹൃദയപേശികളുടെ തകരാറുകള്‍ക്കും (LV dysfunction, Cardiomyopathy) ക്രമം തെറ്റിയ ഹൃദയമിടിപ്പിനും (Arrhythmias) ഉയര്‍ന്ന ബിപിക്കും കാരണമാകുന്നു.

30 വയസ്സിന് മുന്‍പ് പെട്ടെന്നുണ്ടാകുന്ന കഠിനമായ രക്തസമ്മര്‍ദ്ദം (>180/120), മൂന്നില്‍ കൂടുതല്‍ മരുന്നുകള്‍ കഴിച്ചിട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ (Resistant hypertension), കൈകളിലും കാലുകളിലും വ്യത്യസ്തമായ ബിപി നിരക്ക്, ചെറുപ്പകാലത്തുണ്ടാകുന്ന അവയവങ്ങളുടെ തകരാറുകള്‍ (End-organ damage) എന്നിവയെല്ലാം അതീവ ജാഗ്രത വേണ്ട അപകടസൂചനകളാണ്.
ചെറുപ്പക്കാരിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കൃത്യമായ കാരണം (Secondary etiology) ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി താഴെ പറയുന്ന ക്ലിനിക്കല്‍ പരിശോധനകളാണ് ശുപാര്‍ശ ചെയ്യുന്നത്.

കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), സെറം ക്രിയാറ്റിനിന്‍ (Serum Creatinine/eGFR)
രക്തത്തിലെ ഇലക്ട്രോലൈറ്റ് നിരക്കുകള്‍. കൂടാതെ മൂത്രത്തിന്റെ ഘടനാപരമായ പരിശോധനയും പ്രോട്ടീന്റെ സാന്നിധ്യവും വിലയിരുത്തല്‍ (Urinalysis and Routine Protein assessment).
ഹൃദയ-വൃക്ക സംബന്ധമായ പരിശോധനകള്‍ക്കായി (Cardiovascular & Renal Imaging)
ഹൃദയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ഇലക്ട്രോകാര്‍ഡിയോഗ്രാം (ECG), എക്കോകാര്‍ഡിയോഗ്രാം (Echocardiogram) തുടങ്ങിയ പരിശോധനകളാണ് നിര്‍ദ്ദേശിക്കുക. വൃക്കകളുടെ ഘടനയും വലിപ്പവും പരിശോധിക്കാന്‍ റീനല്‍ അള്‍ട്രാസോണോഗ്രഫിയും (Renal Ultrasound) മുഖാന്തരം രോഗം നിര്‍വചിക്കാം.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ (Endocrine Workup)
തൈറോയ്ഡ് ഉത്തേജക ഹോര്‍മോണ്‍ നിരക്കുകള്‍ (TSH), പ്രൈമറി ആല്‍ഡോസ്റ്റെറോണിസം തിരിച്ചറിയുന്നതിനുള്ള ആല്‍ഡോസ്റ്റെറോണ്‍-റെനിന്‍ അനുപാതം (Aldosterone-Renin Ratio).
പ്രത്യേക സാഹചര്യങ്ങളിലെ കൃത്യമായ പരിശോധനകള്‍ (Advanced / Indicated Investigations)
ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ (OSA) സംശയിക്കുന്ന രോഗികളില്‍ പോളിസോമ്‌നോഗ്രഫി അഥവാ സ്ലീപ് സ്റ്റഡി (Sleep Study) പരിശോധന വഴി കണ്ടെത്താനാകും. റെനോവാസ്‌കുലര്‍ തകരാറുകള്‍ (Fibromuscular dysplasia പോലുള്ള അവസ്ഥകള്‍) കൃത്യമായി നിര്‍ണ്ണയിക്കുന്നതിനായി റീനല്‍ ആര്‍ട്ടറി ഡോപ്ലര്‍ (Renal Artery Doppler) അല്ലെങ്കില്‍ സി.ടി ആന്‍ജിയോഗ്രഫിയിലൂടെ (CT Angiography) തിരിച്ചറിനാകും.

കടുത്ത അമിതവണ്ണം, ഭക്ഷണത്തില്‍ ഉപ്പിന്റെ അമിത ഉപയോഗം, അമിത മദ്യപാനം, വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം (Chronic stress), എനര്‍ജി ഡ്രിങ്കുകളുടെയും സ്റ്റിമുലന്റുകളുടെയും അമിത ഉപയോഗം എന്നിവ ചെറുപ്പക്കാരിലെ രക്തസമ്മര്‍ദ്ദ സാധ്യത ഇരട്ടിയാക്കുന്നു.
ആരോഗ്യകരമായ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ ചെറുപ്പത്തിലേ തന്നെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കര്‍ശനമായി നിയന്ത്രിക്കുക, അമിതവണ്ണം കുറയ്ക്കുക, മദ്യപാനവും എനര്‍ജി ഡ്രിങ്കുകളുടെ ഉപയോഗവും പൂര്‍ണ്ണമായി ഒഴിവാക്കുക എന്നിവ പ്രധാനമാണ്.
Content Highlights :Blood pressure in young people; Know about some important symptoms and danger signs that the body shows