

രാജ്യത്തെ കറൻസി നോട്ടുകളിൽ പുതിയ ആശയം പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക്. നിലവിലെ പേപ്പർ കറൻസികൾക്ക് പകരം പോളിമർ കറൻസികൾ പ്രിന്റ് ചെയ്യുന്നതിനെക്കുറിച്ച് ആർബിഐ ആലോചിച്ചുതുടങ്ങി. കറൻസി നോട്ടുകളുടെ ആവശ്യകതയിൽ ഉണ്ടായ വർധനവ് നികത്തുന്നതിനായാണ് പോളിമർ നോട്ടുകൾ ആർബിഐ പരീക്ഷിക്കാൻ പദ്ധതിയിടുന്നത്.
പട്നയിലും മുംബൈയിലുമായി നടന്ന ആർബിഐയുടെ അവസാനത്തെ രണ്ട് ബോർഡ് മീറ്റിങുകളിലും ഇക്കാര്യം ചർച്ചയായി എന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ ഉത്പാദനച്ചിലവ്, കറൻസികളുടെ ഉയർന്ന ഷെൽഫ് ലൈഫ് എന്നിവ കണക്കിലെടുത്താണ് പോളിമർ നോട്ടുകളിലേക്ക് മാറാൻ ആർബിഐ പദ്ധതിയിടുന്നത്. പോളിമർ നോട്ടുകൾ ഉൾപ്പെടുത്തിയുള്ള ഒരു പൈലറ്റ് പദ്ധതി ആർബിഐ ഉടൻ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ. പോളിമർ നോട്ടുകൾ ലഭിക്കുന്നതിനായി എടിഎമ്മുകെളയും പ്രാപ്തമാക്കും.
പേപ്പർ നോട്ടുകൾ അച്ചടിക്കാൻ വലിയ ചിലവാണ് ഉള്ളത്.2024-25 സാമ്പത്തിക വർഷത്തിൽ മാത്രം പേപ്പർ കറൻസി നോട്ടുകൾ അച്ചടിക്കുന്നതിനായി 6372.8 കോടി രൂപയാണ് ചെലവഴിച്ചത്. മുൻ വർഷം ഇത് 5101.4 കോടി രൂപയായിരുന്നു, നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ഇൻഡന്റിലെ വർധനവ് മൂലമാണെന്ന് ചിലവ് വർധിച്ചത്.
നോട്ടുകളുടെ കാലയളവും ഈ തീരുമാനമെടുക്കാൻ ഒരു ഘടകമായിരുന്നു. നോട്ടുകൾ മുഷിയുന്നത് ആർബിഐയെ സംബന്ധിച്ച് തലവേദനയാണ്. 2025 സാമ്പത്തിക വർഷത്തിൽ 23.8 ബില്യൺ മുഷിഞ്ഞ നോട്ടുകളാണ് ആർബിഐ പിൻവലിച്ചത്. മിക്ക മുഷിഞ്ഞ നോട്ടുകളും 500 രൂപയുടെ നോട്ടുകളായിരുന്നു, തുടർന്ന് 100 രൂപയുടെ നോട്ടുകളുമായിരുന്നു. മുഷിഞ്ഞ നോട്ടുകളിൽ വലിയ വർധനവാണ് ഓരോ വർഷവും ഉണ്ടാകുന്നത്.
ഡിജിറ്റൽ പേയ്‌മെന്റുകളിൽ തുടർച്ചയായ വളർച്ച ഉണ്ടായിരുന്നിട്ടും ആളുകൾ കറൻസിയും ഉപയോഗിക്കുന്നുണ്ട് എന്നും ആർബിഐ കണ്ടെത്തിയിരുന്നു. പ്രചാരത്തിലുള്ള നോട്ടുകളിൽ മുൻവർഷത്തേതിനേക്കാൾ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 10, 20 രൂപ ബാങ്ക് നോട്ടുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
ഇതാദ്യമായല്ല പോളിമർ നോട്ടുകൾ പുറത്തിറക്കാനുള്ള ആലോചനകൾ ഉണ്ടാകുന്നത്. 2012ൽ യുപിഎ സർക്കാർ ഇക്കാര്യം ആലോചിച്ചിരുന്നു. അഞ്ച് നഗരങ്ങളിൽ ട്രയൽ അടിസ്ഥാനത്തിൽ 10 രൂപയുടെ ഒരു ബില്യൺ പോളിമർ നോട്ടുകൾ പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. ഷെൽഫ് ലൈഫ് വർധിപ്പിക്കുക എന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ആ നീക്കം. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ലോകത്ത് ഏകദേശം 60 രാജ്യങ്ങളിൽ നിലവിൽ പോളിമർ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. പോളിമർ കറൻസികളിലേക്ക് പല രാജ്യങ്ങൾ മാറുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
Content Highlights: The Reserve Bank of India is reportedly exploring the introduction of polymer-based currency notes to replace or supplement traditional paper notes. The move aims to improve durability, reduce counterfeit risks, and modernize the cash system in line with global trends in currency innovation and digital financial transformation.