അപകട സാധ്യത കൂടുതൽ; ഒമാനിൽ പ്രധാന റോഡുകളിൽ ഫുഡ് ​ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണം

മോട്ടോർ സൈക്കിൾ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഓർമ്മിപ്പിച്ചു.

അപകട സാധ്യത കൂടുതൽ; ഒമാനിൽ പ്രധാന റോഡുകളിൽ ഫുഡ് ​ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണം
dot image

ഒമാനിൽ പ്രധാന റോഡുകളിൽ ഫുഡ് ഡെലിവറി മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നതിന് നിരോധനം. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റേതാണ് തീരുമാനം. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഫുഡ് ഡെലിവറി ഡ്രൈവർമാരുടെയും മറ്റ് യാത്രക്കാരുടെയും ജീവന് സംരക്ഷണം നൽകുന്നതിനുമാണ് ഈ പുതിയ നടപടി.

മന്ത്രാലയത്തിന് കീഴിലുള്ള ലോജിസ്റ്റിക്സ് മേഖലയിലെ ലേബർ മാർക്കറ്റ് റെഗുലേഷൻ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. മോട്ടോർ സൈക്കിൾ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം ഓർമ്മിപ്പിച്ചു.

റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് അനുസരിച്ചാണ് ഫുഡ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന റോഡുകളിൽ വിലക്കേർപ്പെടുത്തിയത്. പ്രധാന റോഡുകളിലെ മറ്റ് വാഹനങ്ങളുടെ അമിതവേഗത, ഡെലിവറി ബൈക്ക് യാത്രക്കാർക്ക് വലിയ രീതിയിലുള്ള അപകടസാധ്യത ഉയർത്തുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

എല്ലാ ഫുഡ് ഡെലിവറി മോട്ടോർ സൈക്കിൾ ഡ്രൈവർമാരും പ്രധാന റോഡുകൾക്ക് പകരം ഉപറോഡുകളും ബൈക്കുകൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക റൂട്ടുകളും മാത്രമേ ഉപയോഗിക്കാവൂവെന്ന് പ്രസ്താവനയിൽ പറയുന്നു. അംഗീകൃത ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പൂർണ്ണമായും പാലിച്ചിരിക്കണം വാഹനങ്ങൾ ഓടിക്കേണ്ടത്.

ഫുഡ് ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും സ്ഥാപന ഉടമകളും തങ്ങളുടെ ഡ്രൈവർമാർക്ക് ഈ നിയമങ്ങളെക്കുറിച്ച് കൃത്യമായ ബോധവത്ക്കരണം നൽകണം. ഡ്രൈവർമാർ ഈ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കമ്പനികൾക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Oman has introduced restrictions on food delivery bikes using major roads amid growing concerns over road accidents. The move aims to improve traffic safety and reduce risks faced by delivery riders and other road users.

dot image
To advertise here,contact us
dot image