70,000 കോടിയുടെ മുങ്ങിക്കപ്പല്‍ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഗ്രീൻ സിഗ്നൽ: ഈ ഓഹരി ഉടമകള്‍ക്ക് കോളടിക്കും

ഇന്ത്യയും ജർമ്മനിയും ചേർന്ന് ആറ് ആധുനിക ഡീസൽ-ഇലക്ട്രിക് സബ്മറീനുകൾ നിർമ്മിക്കാനാണ് പദ്ധതി

70,000 കോടിയുടെ മുങ്ങിക്കപ്പല്‍ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ ഗ്രീൻ സിഗ്നൽ: ഈ ഓഹരി ഉടമകള്‍ക്ക് കോളടിക്കും
dot image

ഇന്ത്യയുടെ പ്രതിരോധ മേഖല അതിവേഗത്തിലാണ് വളരുന്നത്. കര, നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം മെയ്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്കും വലിയ പ്രാധാന്യമാണ് സർക്കാർ കല്പിക്കുന്നത്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ ഇപ്പോൾ വിദേശ ആശ്രയത്വം കുറച്ച്, സ്വയം പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്. അതിന്റെ ഭാഗമായി യുദ്ധവിമാനങ്ങൾ, മിസൈൽ സിസ്റ്റങ്ങൾ, യുദ്ധക്കപ്പലുകൾ, സബ്മറീനുകൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന പദ്ധതികൾ വേഗത്തിൽ മുന്നേറുകയാണ്.

ഡിആർഡിഒ , പൊതുമേഖലാ പ്രതിരോധ കമ്പനികൾ, സ്വകാര്യ മേഖല എന്നിവ ചേർന്ന് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഈ മേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. ഇന്ത്യയുടെ സൈനിക ശേഷി മാത്രമല്ല, സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിക്കുകയാണ്.

ഇതിന്റെ ഭാഗമായി Project-75(I) സബ്മറീൻ കരാറിന് കേന്ദ്ര ഫിനാൻസ് മന്ത്രാലയം അനുമതി നൽകിരിക്കുകയാണ്. ഇന്ത്യൻ നേവിയുടെ സബ്മറൈൻ ശേഷി വർധിപ്പിക്കുന്നതിനായി 70,000 കോടി രൂപയാണ് വകയിരുത്തിയത്. ഇന്ത്യയുടെ സബ്മറൈൻ മേഖലയ്ക്ക് കരുത്തു പകരുന്ന മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനാണ് കരാർ ലഭിച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിക്കുകയും ഓഹരിയിൽ വാങ്ങൽ താൽപ്പര്യം ഉയരുകയും ചെയ്തു. ഇതോടെ ഓഹരികൾ 3%ത്തിലധികം മുന്നേറ്റം പ്രകടമാക്കിയിരുന്നു.

ഇന്ത്യയും ജർമ്മനിയും ചേർന്ന് ആറ് ആധുനിക ഡീസൽ-ഇലക്ട്രിക് സബ്മറീനുകൾ നിർമ്മിക്കാനാണ് പദ്ധതി. ജർമ്മൻ ഡിഫൻസ് കമ്പനിയായ thyssenkrupp Marine Systems (tkMS) മായി സഹകരിച്ചാണ് മസഗോൺ ഡോക് അന്തർവാഹനികൾ നിർമിക്കുക. മുംബൈ യാർഡിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ നടക്കുക.റിപ്പോർട്ടുകൾ പ്രകാരം, കരാർ അന്തിമമായി ഒപ്പുവെച്ചാൽ ആദ്യ സബ്മറിൻ ഏകദേശം 7 വർഷത്തിനകം നാവികസേനയ്ക്ക് കൈമാറും. തുടർന്ന് ബാക്കിയുള്ള സബ്മറീനുകൾ ഓരോ വർഷം വീതം ഘട്ടം ഘട്ടമായി ഉൾപ്പെടുത്തും.

Project-75(I) ഇന്ത്യയുടെ നാവിക ശക്തി വർധിപ്പിക്കാനുള്ള വലിയ പ്രതിരോധ നവീകരണ പദ്ധതികളിലൊന്നാണ്. ആധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയുള്ള സബ്മറീനുകൾ ഉൾപ്പെടുത്തി ഇന്ത്യൻ സമുദ്ര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

വികസിത് ഭാരത്

സ്വാതന്ത്ര്യത്തിന്റെ 100 വർഷങ്ങൾ ആഘോഷിക്കുന്ന 2047 ആകുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ഇന്ത്യാ ഗവൺമെന്റിന്റെ ദീർഘകാല ദർശനമാണ് വിക്സിത് ഭാരത് 2047. മേക് ഇൻ ഇന്ത്യ പദ്ധതി ഇതിനു വേണ്ട പിന്തുണ നൽകുന്നു. നിലവിൽ ഏകദേശം 60 യുദ്ധക്കപ്പലുകളാണ് വിവിധ ഇന്ത്യൻ യാർഡുകളിലായി നിർമാണത്തിലിരിക്കുന്നത്.

നാറ്റോയുടെ നിരവധി നേവി വിഭാഗങ്ങൾ പോലും ഉപയോഗിക്കുന്ന HDW ക്ലാസ് 24 ഡിസൈനിന്റെ വേരിയന്റുകളാണ് പുതുതായി നിർമ്മിക്കുക. ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ അന്തർവാഹനികൾക്ക് ദീർഘകാലം സമുദ്രത്തിനടിയിൽ തുടരാനാകും.ബാറ്ററി റീചാർജ്ജ് ചെയ്യുന്നതിനായി സമുദ്രോപരിതലത്തിലേക്ക് വരേണ്ട സമയം കുറയുന്നതിലൂടെയാണിത്. ഇവിടെ, പരമ്പരാഗത ഡീസൽ ഇലക്ട്രിക് സബ്മറൈനുകളെപ്പോലെ വേഗത്തിൽ ഡിറ്റക്ട് ചെയ്യാൻ സാധിക്കുകയില്ല എന്നതാണ് നേട്ടം. തുടർച്ചയായ കരാർ നേട്ടങ്ങൾക്ക് പിന്നാലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരികളിൽ കുതിപ്പ് തുടരാനുള്ള സാധ്യതയാണ് അനലിസ്റ്റുകൾ പങ്കുവെയ്ക്കുന്നത്. അതായത് പുതിയ കരാറിലൂടെ കമ്പനിയുടെ ഓഹരികള്‍ കൈവശം വെച്ചവർക്കും നേട്ടമുണ്ടാകാന്‍ പോകുന്നു.

Content Highlights: With Finance Ministry Nod, Long-Stalled Rs 70,000-Crore Submarine Project Moves Closer to Reality

dot image
To advertise here,contact us
dot image