

ബെംഗളൂരു: ഒരു ഇടവേളയ്ക്ക് ശേഷം കർണാടകയിൽ വീണ്ടും മുഖ്യമന്ത്രിക്കസേര യുദ്ധം ആരംഭിക്കുന്നുവെന്ന് സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച പ്രീ-ബജറ്റ് യോഗത്തിന് നിൽക്കാതെ ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാർ ഡൽഹിക്ക് പോകുന്നതാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായത്. ശിവകുമാറിന്റെ ജലവിതരണ വകുപ്പിന്റെയും, ബെംഗളൂരു അർബൻ ഡെവലപ്മെന്റ് വകുപ്പിന്റെയും യോഗമാണ് സിദ്ധരാമയ്യ വിളിച്ചത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ ശിവകുമാർ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു.
ഇന്ന് രാവിലെയാണ് ശിവകുമാർ ഡൽഹിക്ക് തിരിക്കുക. വകുപ്പുകളുടെ പ്രവർത്തനം നല്ലനിലയിലാണ് പോകുന്നതെന്നും തന്റെ സാന്നിധ്യം ആവശ്യമില്ല എന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. എന്നാൽ കോൺഗ്രസ് നേതാക്കളെയടക്കം കാണാനാണ് ശിവകുമാർ ഡൽഹിയിലേക്ക് പോകുന്നത്. കേന്ദ്രമന്ത്രിമാർ, പാർട്ടിയുടെ ലീഗൽ ടീം, കോൺഗ്രസ് നേതാക്കൾ, ഹൈക്കമാൻഡ് എന്നിവരെയെല്ലാം ശിവകുമാർ കാണും. തന്റെ വേദനകൾ പാർട്ടി നേതാക്കളുമായി പങ്കുവെക്കും എന്ന് ശിവകുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് അധികാരയുദ്ധം വീണ്ടും ആരംഭിക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്.
രാഹുൽ ഗാന്ധിയാണോ വിളിപ്പിച്ചത് എന്ന ചോദ്യത്തിന് അതൊന്നും പരസ്യപ്പെടുത്താൻ പറ്റില്ല എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. താൻ കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമാണെന്നും പറഞ്ഞ ശിവകുമാർ കോൺഗ്രസ് നേതാക്കളെയും എംപിമാരെയുമെല്ലാം കാണേണ്ടത് തന്റെ കടമയാണെന്നും കൂട്ടിച്ചേർത്തു. പിന്നാലെ തന്റെ വേദനകളും പ്രശ്നങ്ങളും തുറന്നുപറയുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പദം സംബന്ധിച്ചുള്ള കാര്യങ്ങളും സംസാരിക്കുമെന്നും ശിവകുമാർ സൂചന നൽകി.
നിരവധി എംഎൽഎമാർ മുഖ്യമന്ത്രിയാകാൻ താങ്കളെ പിന്തുണയ്ക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങളും അതാഗ്രഹിക്കുന്നില്ലേ എന്നായിരുന്നു ഡി കെയുടെ മറുപടി. താൻ ആരെയൊക്കെ കണ്ടു, എന്തൊക്കെയാണ് സംസാരിച്ചത് എന്ന് പിന്നീട് മാധ്യമങ്ങളോട് പറയുമെന്നും ശിവകുമാർ പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി പദ തർക്കം വീണ്ടും മുഖ്യധാരയിലേക്ക് എത്തുന്നത്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കത്തിന് ഹൈക്കമാൻഡ് താത്കാലികമായി കർട്ടനിട്ടതാണ്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും രണ്ടരവർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന രീതിയില്‍ നേരത്തെ ധാരണയുണ്ടായിരുന്നു. സിദ്ധരാമയ്യ രണ്ടരവർഷം പൂർത്തിയാക്കിയതിനാൽ ഡികെ ശിവകുമാർ പക്ഷത്തെ എംഎൽഎമാർ നേതൃമാറ്റത്തിനായി സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇത് തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. സിദ്ധരാമയ്യ തന്നെ അഞ്ച് വർഷം പൂർത്തിയാകുമെന്നാണ് ഹൈക്കമാൻഡ് അറിയിച്ചത്.
Content Highlights: Fresh indications of a power struggle for the chief minister’s post have emerged in Karnataka. Speculation intensified after Deputy Chief Minister D. K. Shivakumar left for Delhi without attending a pre-budget meeting convened by Chief Minister Siddaramaiah