ലോര്‍ഡ്‌സില്‍ ഇതിഹാസ ചരിതം; ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ

ചരിത്രവേദിയിലെ ആദ്യ വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് 270 റണ്‍സിന്

ലോര്‍ഡ്‌സില്‍ ഇതിഹാസ ചരിതം; ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ
dot image

ക്രിക്കറ്റിന്റെ ഇതിഹാസ ഭൂമിയില്‍ ചരിത്രവിജയം കുറിച്ച് ഇന്ത്യന്‍ വനിതകള്‍. ലോര്‍ഡ്‌സിലെ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ 270 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. ആറുവിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയില്‍, അവസാന ദിനം 327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 186 റണ്‍സിന് പുറത്തായി.

പുരുഷന്മാരുടെ ആദ്യ ടെസ്റ്റ് മത്സരം നടന്ന് 142 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോര്‍ഡ്സ് ആദ്യ വനിതാ ടെസ്റ്റിന് വേദിയായത്. പുരുഷന്മാരുടെ 150 ടെസ്റ്റ് മത്സരങ്ങള്‍ക്ക് ലോര്‍ഡ്സ് വേദിയായിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 37 റണ്‍സ് വഴങ്ങി ഇംഗ്ലണ്ടിന്റെ 5 വിക്കറ്റ് സ്വന്തമാക്കിയ ക്രാന്തി ഗൗഡ് ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ടെസ്റ്റ് ഓണേഴ്സ് ബോര്‍ഡില്‍ പേര് കുറിക്കപ്പെടുന്ന ആദ്യ വനിതയെന്ന അപൂര്‍വ നേട്ടം കരസ്ഥമാക്കി. സെഞ്ചുറി കുറിച്ച (113) യാസ്തിക ഭാട്യ, ലോര്‍ഡ്സില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതയെന്ന അപൂര്‍വ നേട്ടത്തോടെ ഓണേഴ്സ് ബോര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടിരുന്നു.

Also Read:

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ നേടിയ 285 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് 170 റണ്‍സിന് ഓള്‍ഔട്ടായി. 115 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 456 വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലായിരുന്നു. നാലാം ദിനം 56 റണ്‍സ് എടുത്തപ്പോഴേക്ക് ഇംഗ്ലണ്ടിന് ശേഷിച്ച വിക്കറ്റുകള്‍ കൂടി നഷ്ടമായി. ഇതോടെ ഇന്ത്യ ചരിത്ര ജയം സ്വന്തമാക്കിയാണ് മടങ്ങിയത്.

content highlights: Legendary History at Lord's; India defeats England

dot image
To advertise here,contact us
dot image