സനയിലെ ആക്രമണം: സൗദിയ്ക്ക് തിരിച്ചടി നൽകുമെന്ന് ഹൂതികൾ; ബാബ് അൽ-മന്ദബ് കടലിടുക്ക് അടക്കുമെന്നും മുന്നറിയിപ്പ്

ലോകത്തെ സമുദ്രമാർഗമുള്ള എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ നിർണായക കടൽപാതയാണ് ബാബ് അൽ-മന്ദബ്

സനയിലെ ആക്രമണം: സൗദിയ്ക്ക് തിരിച്ചടി നൽകുമെന്ന് ഹൂതികൾ; ബാബ് അൽ-മന്ദബ് കടലിടുക്ക് അടക്കുമെന്നും മുന്നറിയിപ്പ്
dot image

സന: ഹൂതി നിയന്ത്രണത്തിവുള്ള സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഹൂതികൾ. സൗദി അറേബ്യയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്നാണ് ഹൂതി പൊളിക്കൽ ബ്യൂറോ അംഗം മുഹമ്മദ് അൽ-ബുഖൈത്തി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യെമനിലെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണം സൗദി തുടർന്നാൽ ബാബ് അൽ-മന്ദബ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും യെമൻ മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ ആഗോള എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ലോകത്തെ സമുദ്രമാർഗമുള്ള എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ നിർണായക കടൽപാതയാണ് ബാബ് അൽ-മന്ദബ്.

ഇതിനിടെ ഹൂതികളുടെ മിസൈലുകൾ തടഞ്ഞതായി സൗദി സഖ്യസേന അവകാശപ്പെടുന്നുണ്ട്. യെമനിലെ ഹൂതികൾ സൗദിയുടെ തെക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തടഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചത്. ഇറാനിൽ നിന്നുള്ള ഒരു വിമാനം സനായ വിമാനത്താവളത്തിൽ ഇറങ്ങുന്നത് തടയുന്നതിനായാണ് ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നാണ് സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ വ്യക്തമാക്കുന്നത്.

സന അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. വിമാനത്താവളത്തിന് നേരെ ഇന്ന് നടന്ന ആക്രമണത്തെ ഇറാന്റെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി ആക്രമണത്തെ അപലപിച്ചിരിക്കുന്നത്. ഈ ആക്രമണം യെമന്റെ ദേശീയ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും അവഗണിക്കുന്ന നടപടിയാണെതെന്നും ബഗായി കുറ്റപ്പെടുത്തുന്നത്.

ഇതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ റഷ്യയുടെ ഊർജമന്ത്രി സെർഗെയ് സിവില്യോവുമായികൂടിക്കാഴ്ച നടത്തി. തെക്കൻ റഷ്യയിൽ നിന്ന് പരിമിത അളവിൽ വൈദ്യുതി ഇറാനിലേക്ക് എത്തിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും വൈദ്യുതി ഗ്രിഡുകൾ ബന്ധിപ്പിക്കുന്ന പദ്ധതിയും ചർച്ച ചെയ്തതായാണ് ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ പുതിയ വ്യോമാക്രമണങ്ങളിൽ ഇറാന്റെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായതായി സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയായ തവാനിർ അറിയിച്ചിരുന്നു. രാജ്യത്തെ വൈദ്യുതി ഗ്രിഡിലെ 2,000ലധികം കേന്ദ്രങ്ങളിൽ ആക്രമണം നടന്നതായും, വൈദ്യുതി ഉൽപാദന ശേഷി 4,200 മെഗാവാട്ട് കുറഞ്ഞതായും കമ്പനി വ്യക്തമാക്കിയിരുന്നു. കടുത്ത വേനൽച്ചൂട് വൈദ്യുതി ആവശ്യകത വർധിപ്പിച്ചത് നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതായി തവാനിർ അറിയിച്ചിരുന്നു.

നേരത്തെ ഹോർമൂസ് കടലിടുക്കിൻ്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഹോർമൂസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക നേരിട്ട് ഇടപെടുമെന്നും അതിനുള്ള ചെലവ് വഹിക്കാൻ മറ്റ് രാജ്യങ്ങൾ പ്രതിഫലം നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഞങ്ങളുടെ സൈനികരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് ഈ സുരക്ഷ ഉറപ്പാക്കുകയാണ്. അതിനാൽ ഈ ചെലവിന് പ്രതിഫലം ലഭിക്കണമെന്ന് മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' എന്നാണ് ട്രംപിൻ്റെ പ്രതികരണം. ഹോർമൂസിൽ ഇറാനിയൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം പുനഃരാരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

'ഇനി ഹോർമുസ് കടലിടുക്ക് ഞങ്ങളാണ് സംരക്ഷിക്കുക. അതിനായി ഞങ്ങൾക്ക് പ്രതിഫലവും ലഭിക്കും' എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

Content Highlights: The Houthis have threatened retaliation against Saudi Arabia following the attack on Sanaa, warning that they could shut down the strategic Bab al-Mandab Strait, raising concerns over regional security and global maritime trade.

dot image
To advertise here,contact us
dot image