'നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല, വില്പനയ്ക്കും വെച്ചിട്ടില്ല, കൈമാറുന്നത് നിയമവിരുദ്ധം'; പെൻഗ്വിൻ

കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു

'നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല, വില്പനയ്ക്കും വെച്ചിട്ടില്ല, കൈമാറുന്നത് നിയമവിരുദ്ധം'; പെൻഗ്വിൻ
dot image

ന്യൂ ഡൽഹി: ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പ് 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്‌. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും കമ്പനി പറഞ്ഞു. ഇത്തരത്തിൽ കൈമാറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. പിഡിഎഫ് രൂപമാണ് പ്രചരിക്കുന്നത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികൾ ഓൺലൈനിൽ ലഭ്യമാണ് എന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്ന് ചോർന്നു, ആര് ചോർത്തി എന്നുമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

ഇതിന് പുറമെ പല വെബ്‌സൈറ്റുകളും പുസ്തകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെൻഗ്വിൻ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്‌സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇനിയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. അതിന് മുൻപേതന്നെ എങ്ങനെ പ്രചരിച്ചു എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്സഭയില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യനങ്ങളിലടക്കം പുസ്തകത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. 2020ലെ ചൈന- ഇന്ത്യ സംഘര്‍ഷം ഉന്നയിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.

ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ രാജ്‌നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ആ രാത്രിയില്‍ താന്‍ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്.

ഏറെ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ 75 ശതമാനം പേരെയും നിലനിര്‍ത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്നിവീറുകള്‍ക്ക് ശമ്പളമായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. പിന്നീട് ഈ സംഖ്യ 30,000 ആക്കി ഉയര്‍ത്തുകയായിരുന്നുവെന്നും പുസ്തകത്തില്‍ നരവനെ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Penguin Books has issued a clarification regarding the reported circulation of “Four Stars of Destiny,” the memoir of former Indian Army chief General Manoj Mukund Naravane. The publisher stated that the book has not been officially released, nor has it been put up for sale or distribution

dot image
To advertise here,contact us
dot image