സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക.. HUID മുദ്രയുണ്ടെങ്കിലും ഒർജിനല്‍ ആകണമെന്നില്ല: തട്ടിപ്പ് വ്യാപകം

എച്ച്‌യുഐഡി സുരക്ഷാ മുദ്രകൾ പോലും വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പുകാർ സ്വർണം വിപണിയിലിറക്കുന്നത്

സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക.. HUID മുദ്രയുണ്ടെങ്കിലും ഒർജിനല്‍ ആകണമെന്നില്ല: തട്ടിപ്പ് വ്യാപകം
അജ്മല്‍ എം കെ
2 min read|13 Jul 2026, 06:25 pm
dot image

സംസ്ഥാനത്ത് ഹാൾമാർക്ക് എച്ച്‌യുഐഡി മുദ്ര പതിച്ച വ്യാജ സ്വർണാഭരണങ്ങളുടെ വ്യാപക വിൽപ്പന നടക്കുന്നതായി കണ്ടെത്തല്‍. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുകയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢസംഘത്തെ കണ്ടെത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും ആവശ്യപ്പെട്ടു.

സ്വർണവിലയിൽ ഉണ്ടായ വൻ വർധനവിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സംഘടിത തട്ടിപ്പുകൾ വ്യാപകമായിരിക്കുന്നത്. കണ്ണൂർ ചക്കരക്കലിൽ വ്യാജ സ്വർണവുമായി തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതും, കോഴിക്കോട് കൊടുവള്ളിയിൽ വ്യാജ സ്വർണം വിൽക്കാനെത്തിയ സംഘം പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടതും ഈ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ സ്വർണാഭരണങ്ങൾ കൊൽക്കത്തയിലെ ഒരു ജ്വല്ലറിയിൽ മാറ്റി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവവും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യഥാർത്ഥ സ്വർണ്ണത്തെ തിരിച്ചറിയാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഹാൾമാർക്ക് എച്ച്‌യുഐഡി സുരക്ഷാ മുദ്രകൾ പോലും വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പുകാർ വിപണിയിലിറക്കുന്നത്. സാധാരണക്കാർക്കും വ്യാപാരികൾക്കും ബിഐഎസ് കെയർ (BIS Care) ആപ്പിൽ ആറക്ക ആൽഫാന്യൂമറിക് എച്ച്‌യുഐഡി നമ്പർ പരിശോധിച്ചാൽ ഹാൾമാർക്കിങ് കേന്ദ്രത്തിന്റെ പേരും വിലാസവും ആഭരണം വിറ്റ ജ്വല്ലറിയുടെ വിവരങ്ങളും ലഭിക്കുമെന്നിരിക്കെയാണ്, ഈ ഡിജിറ്റൽ സുരക്ഷാ സംവിധാനത്തെപ്പോലും തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത്.

ജ്വല്ലറികളെ മാത്രമല്ല, വ്യാജ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വായ്പ തട്ടിയെടുക്കുന്ന സംഭവങ്ങളും സംസ്ഥാനത്ത് വർധിച്ചുവരികയാണ്. ഇത്തരം വ്യാജാഭരണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന വൻകിട റാക്കറ്റുകളുടെ പ്രവർത്തനവും എച്ച്‌യുഐഡി മുദ്രയുടെ ദുരുപയോഗവും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.

Content Highlights: Gold buyers are being warned about fraud involving fake or misused HUID markings on jewellery. A HUID stamp alone may not guarantee authenticity if the code or hallmark has been tampered with. Consumers are advised to verify HUID details through official BIS channels, check the jeweller's registration, and obtain a proper purchase invoice before buying gold jewellery.

dot image
To advertise here,contact us
dot image