ശരീരം മുഴുവൻ വേദനിക്കുന്നു;പക്ഷേ എല്ലാ പരിശോധനാഫലങ്ങളും നോർമൽ ആണ്; എന്താണ് 'ഫൈബ്രോമയാൾജിയ' എന്ന ദുരൂഹമായ രോ

കഴിഞ്ഞ ദിവസമാണ് ചലച്ചിത്രതാരം അനശ്വര രാജന്റെ സഹോദരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഐശ്വര്യ രാജന്‍ തനിക്ക് 'ഫൈബ്രോമയാള്‍ജിയ' എന്ന രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയത്. എന്താണ് ശരീരമാസകലം വേദനയുണ്ടാക്കുന്ന ഫൈബ്രോമയാള്‍ജിയ?ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍ എഴുതുന്നു

ശരീരം മുഴുവൻ വേദനിക്കുന്നു;പക്ഷേ എല്ലാ പരിശോധനാഫലങ്ങളും  നോർമൽ ആണ്; എന്താണ് 'ഫൈബ്രോമയാൾജിയ' എന്ന ദുരൂഹമായ രോ
ഡോ അരുണ്‍ ഉമ്മന്‍
1 min read|09 Jul 2026, 12:30 pm
dot image

വേദനയിലൂടെയാണ് ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് ശരീരം നമ്മളെ അറിയിക്കുന്നത്. ഒരു അസ്ഥി ഒടിഞ്ഞാല്‍ വേദനിക്കുന്നു, അണുബാധയുണ്ടായാല്‍ വേദനിക്കുന്നു, പരിക്ക് ഉണ്ടായാല്‍ വേദനിക്കുന്നു. തല മുതല്‍ കാല്‍ വരെ ഉണ്ടാകുന്ന വേദന, അമിതമായ ക്ഷീണം, ഉറക്കമില്ലാത്ത രാത്രികള്‍, വയറുവേദന, മനസ്സിന്റെ മരവിപ്പ് എന്നിവയാല്‍ ജീവിക്കുന്നത് സങ്കല്‍പ്പിക്കുക. ഇക്കാരണങ്ങള്‍കൊണ്ട് ഡോക്ടറെ സമീപിച്ചാലും പരിശോധന നടത്തി ഡോക്ടര്‍മാര്‍ പറയുന്നത് നിങ്ങളുടെ എല്ലാ ക്ലിനിക്കല്‍ പരിശോധനകളും, രക്തപരിശോധനകളും, സ്‌കാനുകളും, എക്‌സ്-റേകളും തികച്ചും സാധാരണമാണെന്നും നിങ്ങള്‍ക്ക് ഒരു അസുഖവും ഇല്ലെന്നുമാണ്.

എന്താണ് ഫൈബ്രോമയാള്‍ജിയ

ഫൈബ്രോമയാള്‍ജിയ ബാധിച്ച ലക്ഷക്കണക്കിന് ആളുകളുണ്ട്. ഫൈബ്രോമയാള്‍ജിയ വൈദ്യശാസ്ത്രത്തിലെ ഏറ്റവും ആശ്ചര്യകരവും തെറ്റിദ്ധരിക്കപ്പെട്ടതുമായ അവസ്ഥകളില്‍ ഒന്നാണ്. Fibromyalgia - അധികം ആളുകള്‍ക്ക് അത്ര സുപരിചിതമായ ഒരു പേരല്ലെങ്കിലും മൊത്തം ജനസംഖ്യയുടെ 2-8% വ്യക്തികളില്‍ സ്ത്രീപുരുഷ അനുപാതം 9:1 ആയി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ശരീരം മുഴുവനും ഉളള വേദനയാണ് ഫൈബ്രോമയാല്‍ജിയയുടെ പ്രധാന ലക്ഷണമായി കരുതുന്നത്.

ഫൈബ്രോമയാല്‍ജിയ എന്നത് ഒരു 'functional somatic syndrome' ആണ്. അതായത് ഒരു വ്യക്തി രോഗാവസ്ഥയിലാണെന്ന് തോന്നിപ്പിച്ചാലും പ്രത്യക്ഷത്തില്‍ ഒന്നും തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുകയില്ലെന്നു സാരം. വിഷാദരോഗത്തിനോടും സമ്മര്‍ദത്തിനോടുമുള്ള ശാരീരിക പ്രതികരണം ആണ് ഫൈബ്രോമയാല്‍ജിയ. ഇതിന് കൃത്യമായ കാരണം കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.

fibromyalgia

ഫൈബ്രോമയാല്‍ജിയയുടെ ലക്ഷണങ്ങള്‍

Rheumatological(സന്ധി - പേശിസംബന്ധമായവ), Neurological(നാഡീവ്യൂഹസംബന്ധമായവ), Gastrointestinal(ഉദരം - കുടല്‍ സംബന്ധമായവ), Urological (മൂത്രസംബന്ധമായ) എന്നീ രോഗങ്ങളുമായി തെറ്റിദ്ധരിക്കപ്പെടുവാന്‍ സാധ്യത അധികമാണ്. ഫൈബ്രോമയാല്‍ജിയ മാരകമല്ലെങ്കിലും അതിന്റെ വേദന വിട്ടുമാറാത്തതും വ്യാപകവുമാണ്. ഇതു പേടിക്കേണ്ട ഒരു അസുഖമല്ല .എങ്കിലും രോഗികള്‍ക്ക് ദുസ്സഹമായി തോന്നാം. പൂര്‍ണശമനം കിട്ടാത്തതുകൊണ്ട് പലപ്പോഴും പല ഡോക്ടര്‍മാരുടെ സേവനം തേടേണ്ടി വരുന്നു.

ഫൈബ്രോമയാല്‍ജിയ പ്രധാനമായും താഴെ പറയുന്ന നാല് ഘടകങ്ങളുടെ സമ്മിശ്രണമാണ്

  • മനഃശാസ്ത്രപരമായ ഘടകങ്ങള്‍
  • ജനിതകമായ ഘടകങ്ങള്‍
  • Neurobiological ഘടകങ്ങള്‍
  • പാരിസ്ഥിതിക ഘടകങ്ങള്‍

ഫൈബ്രോമയാല്‍ജിയക്ക് കാരണമാകുന്ന അതേ ജീനുകള്‍ തന്നെ മറ്റു 'functional somatic syndrome' - കള്‍ക്കും വിഷാദരോഗത്തിനും കാരണമായി കരുതപ്പെടുന്നു.
ദേഹം മുഴുവനും ഉളള വേദനയാണ് ഫൈബ്രോമയാല്‍ജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്. ഇത് സംഭവിക്കുന്നതിന്റെ മുഖ്യകാരണം ന്യൂറോകെമിക്കല്‍ അസന്തുലിതാവസ്ഥയാണ്. തലച്ചോറിലെ കോശജ്വലന പാതകള്‍ (Inflammatory Pathways) ന്യൂറോകെമിക്കല്‍ അസന്തുലിതാവസ്ഥമൂലം ത്വരിതപ്പെടുകയും അതുവഴി വേദന സംസ്‌കരണത്തില്‍ അസാധാരണത്വത്തിന് കാരണമാവുകയും ചെയ്യുന്നു.

fibromyalgia

തലച്ചോറിലെയും സ്‌പൈനല്‍കോര്‍ഡിലെയും pain-sensitive നാഡീകോശങ്ങളുടെ പ്രതിപ്രവര്‍ത്തനം വര്‍ധിച്ചിരിക്കുന്നകൊണ്ട് ഫൈബ്രോമയാല്‍ജിയ രോഗികളില്‍ വേദനയുടെ പരിധി (pain threshold) തീര്‍ത്തും കുറവായാണ് കാണപ്പെടുന്നത്. ഇതിനെല്ലാം ഉപരിയായി ഫൈബ്രോമയാല്‍ജിയയും ന്യൂറോപ്പതിക് വേദനകളും വിഷാദരോഗവും ഒരേസമയം ഒരേ വ്യക്തിയില്‍ നിലകൊള്ളുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇവ മൂന്നും ഒരേ ജനിതക തകരാറുകള്‍ കാരണമാണ് ഉണ്ടാവുന്നത്. ഫൈബ്രോമയാല്‍ജിയയില്‍ സംഭവിക്കുന്ന ന്യൂറോകെമിക്കല്‍ തകരാറുകള്‍ അതുമായി ബന്ധപ്പെട്ട വ്യക്തിയുടെ മാനസികാവസ്ഥയെയും, ഉറക്കത്തെയും, ഉന്മേഷത്തേയും നിയന്ത്രിച്ചുപോരുന്നു. ഇതുകൊണ്ടു തന്നെയാണ് ഫൈബ്രോമയാല്‍ജിയയുള്ള വ്യക്തിയില്‍ ഉന്‍മേഷമില്ലായ്മ, തളര്‍ച്ച, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഒരുമിച്ചു കണ്ടുവരുന്നത്.

'Mode of Inheritance' എന്നത് അജ്ഞാതമാണ് എങ്കിലും ഫൈബ്രോമയാല്‍ജിയ പൊതുവായി പോളിജെനിക് ആയാണ് കരുതപ്പെടുന്നത്. പോളിജെനിക് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒന്നില്‍ അധികം ജീനുകളുടെ സ്വാധീനം എന്നതാണ്. ശരീരമാസലമുള്ള വേദനയും 'Allodynia' അഥവാ സ്പര്‍ശനത്തോടുളള വേദനാജനകമായ പ്രതികരണവുമാണ് ലക്ഷണങ്ങളായി കരുതപ്പെടുന്നത്.

fibromyalgia

വേദന കൂടാതെ ഫൈബ്രോമയാല്‍ജിയയുടെ മറ്റ് പൊതുവായുള്ള ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്

  • ശരീരത്തെ ദുര്‍ബലമാക്കുന്ന ക്ഷീണം
  • അസ്വസ്ഥമായ ഉറക്കം
  • സന്ധികളിലെ കാഠിന്യം
  • വിഴുങ്ങുമ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെടുക
  • മലവിസര്‍ജ്ജനം, മൂത്രസഞ്ചി എന്നിവയുടെ തകരാറുകള്‍
  • മരവിപ്പ്, തരിപ്പ് തുടങ്ങിയവ അനുഭവപ്പെടുക
  • കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലുള്ള അപര്യാപ്തത (Cognitive Dysfunction)
  • കഴുത്ത്, തോള്‍, നടുവ്, ഇടുപ്പ് എന്നിവിടങ്ങളിലെ അസാധാരണമായ വേദന..

എങ്കിലും എല്ലാ വ്യക്തികളിലും ഈ ലക്ഷണങ്ങള്‍ എല്ലാം കണ്ടുവരണമെന്നു നിര്‍ബന്ധമില്ല.സ്‌ട്രെസ് സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ ഫൈബ്രോമയാല്‍ജിയയുമായി പരസ്പരബന്ധമുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഏതൊക്കെയാണ് സ്‌ട്രെസ് സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ എന്ന് നമുക്ക് നോക്കാം:

  • വിട്ടുമാറാത്ത ക്ഷീണം (Chronic Fatigue Syndrome)
  • Post Traumatic Stress Disorder ( ഏതെങ്കിലും അപകടം കൊണ്ടോ അല്ലെങ്കില്‍ കടുത്ത മാനസിക ആഘാതത്തിന്റെ ഫലമായോ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദം)
  • സ്‌ട്രെസ് മൂലം ഉണ്ടാവുന്ന Irritable Bowel Syndrome (വലിയ കുടലിനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണിത്. മലബന്ധം, വയറുവേദന, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍)

Also Read:

ഫൈബ്രോമയാല്‍ജിയ ഉണ്ടാകാനുള്ള കാരണങ്ങള്‍

ഒരു വ്യക്തിക്ക് കുട്ടിക്കാലത്തും യൗവനത്തിലും കിട്ടിയിരിക്കുന്ന ശാരീരികവും ലൈംഗികവുമായ ചൂഷണവും ഫൈബ്രോമയാല്‍ജിയായും തമ്മില്‍ കാര്യമായ ബന്ധം ഉണ്ട്.

പുകവലി, അമിതവണ്ണം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം (Lack of Physical Activity) തുടങ്ങിയ മോശമായ ജീവിതശൈലികള്‍ ഒരു വ്യക്തിയില്‍ കാലക്രമേണ ഫൈബ്രോമയാല്‍ജിയ രൂപപ്പെട്ടു വരാനുള്ള സാധ്യതകള്‍ കൂട്ടുന്നു.

ഫൈബ്രോമയാല്‍ജിയയുടെ രോഗനിര്‍ണ്ണയം

ഫൈബ്രോമയാല്‍ജിയ ഒരു Clinical Diagnosis ആണ്.
രക്തപരിശോധനകളും x-ray,സ്‌കാനി0ഗ് മുതലായ പരിശോധനകളും മിക്കപ്പോഴും നോര്‍മലായിരിക്കും.ഫൈബ്രോമയാല്‍ജിയയുടെ രോഗനിര്‍ണയം പ്രധാനമായും Scoring System ആസ്പദമാക്കിയാണ്. വ്യാപകമായ വേദന സൂചികയെയും രോഗലക്ഷണ തീവ്രതയെയും അടിസ്ഥാനമാക്കിയാണ് സ്‌കോറിംഗ് സിസ്റ്റം ഉപയോഗിക്കുന്നത്.


fibromyalgia

ഫൈബ്രോമയാല്‍ജിയയുടെ രോഗനിര്‍ണ്ണയത്തിന്റെ ഭാഗമായി രോഗികളില്‍ ഇനിപ്പറയുന്ന മാനദണ്ഡങ്ങള്‍ തീര്‍ച്ചയായും വേണ്ടുന്നതാണ്. എന്നാല്‍ മാത്രമേ രോഗനിര്‍ണയത്തില്‍ 90% എങ്കിലും കൃത്യത കൈവരിക്കാന്‍ സാധിക്കുകയുള്ളു.

മൂന്നുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ വേദന.

18 ടെന്‍ഡര്‍ പോയിന്റുകളില്‍ കുറഞ്ഞത് 11 എണ്ണത്തിലും ഉളള വേദന.

(ഫൈബ്രോമയാല്‍ജിയയുടെ രോഗനിര്‍ണ്ണയത്തിന്റെ ഭാഗമായി നിയുക്തമാക്കപ്പെട്ടിരിക്കുന്ന 18 സ്ഥാനങ്ങള്‍ പ്രധാനമായും കാണപ്പെടുന്നത് കഴുത്ത്, തോള്‍, നെഞ്ച്, ഇടുപ്പ്, കൈകാല്‍മുട്ട് എന്നിവിടങ്ങളിലാണ്)

ഫൈബ്രോമയാല്‍ജിയയുള്ള രോഗികളുടെ ശരീരത്തിലുടനീളം ഉള്ള പേശികളുടെ ഉപരിതലത്തില്‍ (പ്രത്യേകിച്ചും രോഗനിര്‍ണയത്തിനായി ഉപയോഗിക്കുന്ന നിര്‍ദ്ദിഷ്ട ടെന്‍ഡര്‍ പോയിന്റ് ഏരിയകള്‍) നേരിയ മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ അവര്‍ക്കതു തികച്ചും വേദനാജനകമായി ഭവിക്കുന്നു.

ഫൈബ്രോമയാല്‍ജിയ ചികിത്സാരീതി

ഫൈബ്രോമിയല്‍ജിയയ്ക്ക് സാര്‍വ്വത്രികമായി അംഗീകരിച്ച ചികിത്സ ഒന്നും തന്നെയില്ല എന്നുതന്നെയല്ല ചികിത്സയോടുള്ള പ്രതികരണവും കുറവാണ്. മരുന്നുകള്‍, രോഗികളില്‍ അവബോധം സൃഷ്ടിക്കല്‍, എയ്‌റോബിക് എക്‌സര്‍സൈസ്, Cognitive Behavioral Therapy എന്നിവ ഉള്‍ക്കൊള്ളുന്ന ചികിത്സാ പദ്ധതികള്‍, ഫൈബ്രോമയാല്‍ജിയാ സംബന്ധിച്ച ലക്ഷണങ്ങളും അതോടൊപ്പം തന്നെ വേദനയും ലഘൂകരിക്കാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നു.
Cognitive Behavioral Therapy- കളും അനുബന്ധ മാനസിക, പെരുമാറ്റ ചികിത്സാരീതികളും താരതമ്യേന കുറച്ചു മാത്രം ഫലപ്രാപ്തിനല്കുന്നവയയാണ്. Cognitive Behavioral Therapy യൂടെ ഒപ്പം വ്യായാമം കൂടെ ഉള്‍പ്പെടുത്തുമ്പോള്‍ മികച്ച ഫലപ്രാപ്തി കാണുന്നു.

fibromyalgia

രോഗലക്ഷണങ്ങള്‍ മെച്ചപ്പെടുത്താന്‍ 3-6 മാസം വരെ Antidepressants - Anti എപിലെപ്റ്റിക് എന്നിവ ഉള്‍പ്പെടെയുള്ള പല മരുന്നുകളും പരീക്ഷിക്കാം . സാധാരണ വേദനസംഹാരികള്‍ തൃപ്തികരമായ ആശ്വാസം നല്‍കില്ല.. ഫൈബ്രോമയാല്‍ജിയയുള്ള ചില വ്യക്തികളില്‍ വ്യായാമം മൂലം ശാരീരികക്ഷമത വര്‍ധിക്കുകയും ഉറക്കം നല്ല രീതിയില്‍ വരികയും അതോടൊപ്പം തന്നെ ക്ഷീണവും, വേദനയും കുറഞ്ഞതായും കാണപ്പെടുന്നു. ചിലരില്‍ Cardio-Vascular വ്യായാമങ്ങള്‍ ഫലം ഉളവാക്കുന്നു. Cardio-Vascular വ്യായാമത്തെ പ്രതിരോധ പരിശീലനവുമായി സംയോജിപ്പിക്കുന്നത് നല്ലതാണ്. ദീര്‍ഘകാല ജല അധിഷ്ഠിത വ്യായാമം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫൈബ്രോമിയല്‍ജിയ ബാധിച്ച രോഗികളില്‍ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ( Happiness hormone) കുറവ് കാണാം. വിഷാദവും ഉത്കണ്ഠയും ജീവിതസമ്മര്‍ദ്ദവും കുറച്ചാല്‍ ഒരുപരിധിവരെ ഫൈബ്രോമയാല്‍ജിയ നിയന്ത്രിക്കുവാന്‍ സാധിക്കും.

Content Highlights : You experience unbearable pain throughout your body, yet the doctor says your test results show nothing is wrong. What is the mysterious condition known as 'fibromyalgia'?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image