

പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. ഇന്ന് പുലർച്ചെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതോടെ മേഖലയിലെ ജൂണിലെ വെടിനിർത്തൽ കരാർ പൂർണ്ണമായും തകരുകയും പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധമുനമ്പായി മാറുകയും ചെയ്യുകയാണ്.
ഇറാന്റെ തന്ത്രപ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക്, ജാസ്ക് എന്നിവടങ്ങളിലും ഖഷം മേഖലയിലുമാണ് യുഎസ് സൈന്യം വൻതോതിൽ വ്യോമാക്രമണം നടത്തിയത്. ഖഷം ദ്വീപിൽ മാത്രം 11 മിസൈലുകളാണ് പതിച്ചത്. ഇതിന് മറുപടിയായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ടെഹ്‌റാൻ പ്രഖ്യാപിച്ചു. ഇതോടെ ഇറാനെതിരെ കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സുരക്ഷ ഉറപ്പാക്കി ഈ വഴി കടന്നുപോകുന്ന ഇറാന്റേതല്ലാത്ത കപ്പലുകളിൽ നിന്ന് 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഹോർമുസിൽ അമേരിക്കൻ ഇടപെടൽ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. തങ്ങളുടെ അതിർത്തി ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അന്തരീക്ഷത്തിൽ വെച്ച് തന്നെ വിജയകരമായി തകർത്തതായി കുവൈറ്റ് അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും വ്യാജ വാർത്തകളിൽ വീഴരുതെന്നും കുവൈറ്റ് സൈന്യം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതോടൊപ്പം ബഹ്റൈനിലെ തന്ത്രപ്രധാനമായ ഷെയ്ഖ് ഈസ വ്യോമതാവളത്തിന് നേരെയും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി.
സൈനിക സംഘർഷം കടുത്തതോടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. നിരവധി വാണിജ്യ-ചരക്ക് കപ്പലുകളാണ് ഇപ്പോൾ കടലിൽ കുടുങ്ങിക്കിടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ക്രൂഡ് ഓയിൽ വില ഒറ്റദിവസം കൊണ്ട് മൂന്ന് ശതമാനത്തിലേറെ വർദ്ധിച്ച് ബാരലിന് 78 ഡോളർ കടന്നു. അതേസമയം, പശ്ചിമേഷ്യയിലെ ഈ കടുത്ത പ്രതിസന്ധി പരിഹരിക്കാനും യുദ്ധസാഹചര്യം ഒഴിവാക്കാനുമായി മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ അടിയന്തര നയതന്ത്ര നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്.
Content Highlights: Tensions remain high in West Asia as Iran continues retaliatory actions against Gulf countries. The developments have increased concerns over a wider regional conflict.