അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം പോലെ 42 എണ്ണം പണിയാം! റെയില്‍വെ ഭൂമികളിൽ വൻകയ്യേറ്റം; RTI റിപ്പോര്‍ട്ട്

എന്നാല്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് വലിയ പുരോഗതിയില്ലെന്നും വ്യക്തമായിട്ടുണ്ട്

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം പോലെ 42 എണ്ണം പണിയാം!  റെയില്‍വെ ഭൂമികളിൽ വൻകയ്യേറ്റം; RTI റിപ്പോര്‍ട്ട്
dot image

ന്യൂഡല്‍ഹി: രാജ്യത്തെ റെയിൽവെ ഭൂമികൾ വൻനിലയിൽ കൈയേറിയതായി വിവരാവകാശ പ്രകാരമുള്ള മറുപടി. നിലവിൽ കയ്യേറിയിരിക്കുന്ന ഭൂമിയുടെ അളവ് അതിഭീമമാണെന്നാണ് ഇന്ത്യാ ടുഡേ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റെയിൽവെ നൽകിയിരിക്കുന്ന മറുപടി. നിലവിൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം പോലെ 42 എണ്ണം പണിയാനുള്ള അത്രയും ഭൂമിയാണ് കയ്യേറിയിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ 1496 ഫിഫ സ്റ്റാന്‍ഡേര്‍ഡ് ഫുട്‌ബോള്‍ ഫീല്‍ഡുകള്‍ ഉള്‍ക്കൊള്ളാവുന്ന അത്രയും ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം. ഇത് 62ഏക്കറിലാണ് പരന്നു കിടക്കുന്നത്. അതായത് 25.5ഹെക്ടര്‍.

ഇന്ത്യാ ടുഡേ നല്‍കിയ ആര്‍ടിഐയ്ക്കാണ് റെയില്‍വെ ബോര്‍ഡ് മറുപടി നല്‍കിയത്. 1,068.54 ഹെക്ടര്‍ റെയില്‍വെ ഭൂമിയാണ് മാര്‍ച്ച് 2025വരെയുള്ള വിവരങ്ങള്‍ പ്രകാരം കയ്യേറിയിരിക്കുന്നത്. ഇത് വ്യാപിച്ച് കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കയ്യേറ്റം വന്‍തോതില്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് വലിയ പുരോഗതിയില്ലെന്നും ആർടിഐ രേഖ വ്യക്തമാക്കുന്നുണ്ട്.

ആര്‍ടിഐ അപേക്ഷയില്‍ ഇന്ത്യാ ടുഡേ ഇരുപത്തിയഞ്ച് വര്‍ഷത്തെ കണക്കാണ് ആവശ്യപ്പെട്ടത്. എന്നാല്‍ റെയില്‍വെ ബോര്‍ഡ് വെറും അഞ്ച് വര്‍ഷത്തെ കണക്കുകള്‍ മാത്രമേ നല്‍കിയിട്ടുള്ളു. 2020-21 കാലയളവില്‍ 810.31 ഹെക്ടര്‍, 2024 -25 സമയത്ത് 1,064.54 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്കിലുള്ളത്. 32 ശതമാനം വര്‍ധനവാണ് അഞ്ച് വര്‍ഷത്തില്‍ കയ്യേറ്റത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 1ന് ഇന്ത്യന്‍ റെയില്‍വെയുടെ കീഴിലുള്ള 4.99 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍, 0.21 ശതമാനം, ഏകദേശം 1,068 ഹെക്ടര്‍ കയ്യേറിയെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നു.

2021-22 കാലയളവില്‍ കയ്യേറ്റം താത്കാലികമായി 782.81 ഹെക്ടറായി ചുരുങ്ങിയെങ്കിലും പിന്നീട് അത് 2023-24 സമയത്ത് 1,078 ഹെക്ടറായി ഉയര്‍ന്നു. 25വര്‍ഷത്തെ കണക്ക് ചോദിച്ച ആര്‍ടിഐയില്‍ ലഭിച്ച ഏറ്റവും പ്രധാന മറുപടി, റെയില്‍വെ ബോര്‍ഡ് വെറും അഞ്ച് വര്‍ഷത്തെ കണക്ക് മാത്രമേ സൂക്ഷിക്കുന്നുള്ളുവെന്നതാണ്. ഏറ്റവും കൂടുതല്‍ കയ്യേറ്റമുള്ള സംസ്ഥാനമേതാണ് എന്ന ചോദ്യത്തിനും അത്തരം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡ് സൂക്ഷിക്കുന്നില്ലെന്നും അതിനായി ഓരോ സംസ്ഥാനത്തെയും സോണല്‍ റെയില്‍വെയിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സമീപിക്കാനാണ് മറുപടി ലഭിച്ചതെന്നാണ് ഇന്ത്യാ ടുഡേ വ്യക്തമാക്കുന്നത്.

Content Highlights: An RTI report has revealed that railway land equivalent to the size of 42 Narendra Modi Stadiums has been encroached upon. The findings highlight the scale of land encroachment involving Indian Railways and have drawn attention to the issue.

dot image
To advertise here,contact us
dot image