

ഭുവനേശ്വർ: വീട്ടിലുണ്ടായ തർക്കത്തിനിടയിൽ ഫോൺ കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചതായി പരാതി. സ്വപ്‌നേശ്വർ മിശ്രയാണ് മരിച്ചത്. ഇയാളുടെ ഭാര്യയാണ് ദേഷ്യത്തിൽ ഫോൺ ഉപയോഗിച്ച് തലയ്ക്കടിച്ചതെന്നാണ് പരാതി. ജൂലായ് 9നാണ് മിശ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവഷളായതിനെ തുടർന്ന് മിശ്രയെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അയാൾ മരിച്ചിരുന്നു. കടുത്ത വയറുവേദനയുമായാണ് ഇയാളെ ആശുപത്രിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഇതിന് പിന്നാലെ മിശ്രയുടെ പിതാവ് പൊലീസിൽ പരാതി നൽകി. പരാതിയിൽ ജൂൺ 21ന് നടന്ന വഴക്കിനിടയിൽ മരുമകൾ അനാമിക സത്പതി മൊബൈൽ ഫോൺ എടുത്തെറിഞ്ഞെന്നും ഇത് തലയിൽ കൊണ്ട മിശ്രയ്ക്ക് സ്റ്റിച്ച് ഇടേണ്ടി വന്നെന്നും പറയുന്നു. ഈ സംഭവമാണ് മിശ്രയുടെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകുവെന്നാണ് പൊലീസ് പറയുന്നത്.
വീട്ടിലുണ്ടായ വഴക്കിന് പിന്നാലെ പൊലീസ് പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ദമ്പതികളുടെ കുടുംബങ്ങളെ വിളിച്ചുവരുത്തി കാര്യങ്ങൾ പൊലീസ് സമവായത്തിലാക്കിയതുമാണ്. എന്നാൽ മിശ്ര മരിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വഴക്കിന് ശേഷം അനാമികയുടെ കുടുംബം മിശ്രയുടെ ഇളയ മകളെ കൂട്ടിക്കൊണ്ടുപോയെന്നും മരിക്കുന്നതിന് മുമ്പ് മകളെ കാണാനുള്ള അയാളുടെ ആഗ്രഹം സാധിച്ച് കൊടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു.
അതേസമയം മിശ്രയ്ക്ക് കരൾ സംബന്ധമായ അസുഖം ഉണ്ടായിരുന്നെന്ന് പൊലീസിലെ ചില വൃത്തങ്ങൾ പറയുന്നുണ്ട്.
Content Highlights: A man in Odisha died after his wife allegedly hit him on the head with a mobile phone during an argument. Following the incident, the deceased man's family lodged a complaint, seeking an investigation into the circumstances surrounding his death.