

യാത്ര relaxing ആകണം. ഇതാണ് പൊതുവെ നമ്മൾ കേട്ടിരിക്കുന്ന വിനോദയാത്രയെ കുറിച്ചുള്ള കോൺസെപ്റ്റ്. കാടും മേടും കടന്ന് പ്രകൃതിയോട് ഇണങ്ങിയുള്ള കുറിച്ച് ദിവസങ്ങൾ, അല്ലെങ്കിൽ സൂര്യോദയവും അസ്തമയവും എല്ലാം ആസ്വദിക്കാൻ പറ്റുന്ന മനോഹരമായ കടൽത്തീരങ്ങൾ, അതുമല്ലെങ്കിൽ ആഡംബര റിസോർട്ടുകളിലെ താമസം, ഭക്ഷണം അങ്ങനെ നീളുന്നു വിനോദയാത്രയെ കുറിച്ച് മനസ്സിൽ ഉദിക്കുന്ന ചിത്രങ്ങൾ.
എന്നാൽ കാലം മാറുകയാണ്. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ കോൺസെപ്റ്റുകളും മാറുന്നു. ഒറ്റക്കുള്ള യാത്രകൾ ഇന്ന് വർധിക്കുകയാണ്. പ്രത്യേകിച്ചും യുവ തലമുറയുടെ ഇടയിൽ solo trip ഇന്നൊരു ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. എങ്കിൽ ഒരു ചോദ്യം: ഭയപ്പെടുത്തുന്ന ഇടങ്ങളിലേക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ ആരെങ്കിലും താത്പര്യപ്പെടുമോ?
എന്നാൽ കേട്ടോളൂ, അതും ഇന്നൊരു ട്രെൻഡ് തന്നെയാണ്. ഈ പ്രത്യേക തരം വിനോദയാത്രക്ക് ഒരു പേരും ലഭിച്ചിട്ടുണ്ട് 'ഡെയർക്കേഷൻ' (Darecation).

Dare, vacation എന്നീ ഇംഗ്ലീഷ് വാക്കുകൾ സംയോജിപ്പിച്ചാണ് Darecation എന്ന വാക്ക് രൂപപ്പെടുത്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഭയത്തെയും വെല്ലുവിളികളെയും നെഞ്ചോട് ചേർത്ത്, സ്വന്തം പരിമിതികളെ മറികടക്കാനുള്ള യാത്രകളാണിത്. കംഫർട്ട് സോണുകളിൽ നിന്ന് മാറി, ഉള്ളിലെ ഭയത്തെ നേരിട്ട് അനുഭവിച്ചറിയുക അതിലൂടെ ഭയത്തെ മറികടക്കുക. അതാണ് Darecation യാത്രകൾ ഉദ്ദേശിക്കുന്നത്. എന്തൊരു ഭീകരമായ ആശയം!
എന്താണ് ഡെയർക്കേഷൻ?
കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലാണ് ഈ ട്രെൻഡിന് വലിയ സ്വീകാര്യത ലഭിച്ചത്. ലോകം മുഴുവൻ രണ്ട് വർഷത്തോളം അടച്ചിട്ട ജീവിതം നയിച്ചതിൽ നിന്നുള്ള വിരസതയെ മറികടക്കാൻ പുതിയ യാത്ര രീതികൾ പരീക്ഷിച്ചു തുടങ്ങി. അതിൽ ഒന്നാണ് ഈ ഡെയർക്കേഷൻ.
ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇത്തരം സാഹസിക യാത്രകളുടെ ദൃശ്യങ്ങൾക്ക് വലിയ പ്രചാരം നൽകിയതും ഈ ട്രെൻഡ് വളരാൻ കാരണമായി. അങ്ങനെ അത് ആഗോളതലത്തിൽ വലിയൊരു യാത്രാസംസ്കാരമായി മാറി. ഡെയർക്കേഷൻ എന്നത് ഒരു സാധാരണ അഡ്വഞ്ചർ ടൂറിസമല്ല. ഡെയർക്കേഷനിൽ ഓരോരുത്തരുടെയും വെല്ലുവിളികൾ വ്യത്യസ്തമായിരിക്കും.
ചിലർക്ക് ഒറ്റയ്ക്ക് ഒരു ബാഗും എടുത്ത് കുത്തനെയുള്ള ഒരു മലകയറ്റം ആയിരിക്കാം ഡെയർക്കേഷൻ. എന്നാൽ വേറെ ചിലർക്ക് മരുഭൂമിയിലൂടെയുള്ള യാത്ര, ആഴമേറിയ ഗുഹകൾ കീഴടക്കൽ, പ്രകൃതിയുടെ വന്യതയിലേക്ക് തനിയെ ഇറങ്ങിത്തിരിക്കുക, കുത്തിയൊഴുകുന്ന നദികളിലൂടെ തുഴഞ്ഞുപോവുക, സബ് സീറോ ആൾറ്റിറ്റ്യൂഡിൽ ക്യാമ്പ് ചെയ്യുക തുടങ്ങി ഭയത്തെ ആവേശമാക്കി മാറ്റുന്നതെന്തും ഡെയർക്കേഷനിൽ ഉൾപ്പെടുന്നു.
ഭീകരമായ ഒരു ആശയമാണെങ്കിലും ഇതിന് പിന്നിലും ഒരു മനഃശാസ്ത്രമുണ്ട്
ഓരോ യാത്രയും മനുഷ്യനിൽ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉതകുന്നവയാണ് എന്ന് ശാസ്ത്രം തന്നെ തെളിയിച്ചിട്ടുണ്ട്. ഡെയർക്കേഷൻ യാത്രകൾ മനുഷ്യനിൽ 'യൂസ്ട്രെസ്' (Eustress) അഥവാ പോസിറ്റീവ് ആയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു. ഇത് ശ്രദ്ധ കൂട്ടാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. പേടിയെ അതിജീവിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന ഈ മാറ്റം വലിയ മാനസിക ഉല്ലാസമാണ് നൽകുന്നത്. ആത്മവിശ്വാസം വീണ്ടെടുക്കാനും ഉത്കണ്ഠ കുറയ്ക്കാനുമുള്ള ഒരു തെറാപ്പിയായി പോലും ഇന്ന് പല വിദഗ്ദ്ധരും ഇത്തരം നിയന്ത്രിതമായ സാഹസിക യാത്രകളെ നിർദ്ദേശിക്കുന്നുമുണ്ട്.

ഡെയർക്കേഷന് മികച്ച സ്ഥലങ്ങൾ
ഡെയർക്കേഷൻ നടത്താൻ വിദേശത്തേക്കൊന്നും പോകേണ്ടതില്ല. ഇന്ത്യയിൽ തന്നെ ധാരാളം സ്ഥലങ്ങൾ ഉണ്ട്. അതിൽ ചിലത് ഒന്ന് പരിചയപ്പെട്ടാലോ?
സൻസ്കാർ വാലി - ലഡാക്ക് (Zanskar Valley)
ജനുവരി ഫെബ്രുവരി മാസങ്ങളിൽ മൈനസ് 25 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ, ഉറഞ്ഞുപോയ സൻസ്കാർ നദിയിലൂടെയുള്ള നടപ്പ് അതായത് Chadar Trek ഡെയർക്കേഷന് പറ്റിയ ഒന്നാണ്. കാൽച്ചുവട്ടിലെ മഞ്ഞുപാളികൾ എപ്പോൾ വേണമെങ്കിലും മാറാം എന്ന അവസ്ഥയിൽ, കഠിനമായ തണുപ്പിനെ അതിജീവിച്ചുള്ള ഈ യാത്ര കടുത്ത മാനസിക-ശാരീരിക കരുത്ത് ആവശ്യപ്പെടുന്ന ഒന്നാണ്.
ചിറാപുഞ്ചി - മേഘാലയ
മഴയുടെ നാടായ ചിറാപുഞ്ചിയിൽ സാഹസികരെ കാത്തിരിക്കുന്നത് ആഴമേറിയ മലയിടുക്കുകളും കറുത്തിരുണ്ട ഗുഹകളുമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ ഗുഹാ ശൃംഖലകളിലൊന്നായ Krem Liat Prah ഗുഹകളിലൂടെയുള്ള യാത്ര ഡെയർക്കേഷന് മികച്ച ഒന്നാണ്.
ഋഷികേശ് - ഉത്തരാഖണ്ഡ്
ഇന്ത്യയിലെ അഡ്വഞ്ചർ തലസ്ഥാനമായ ഋഷികേശിലെ ഗംഗാനദിയിലെ ഗ്രേഡ് IV, V റാഫ്റ്റിംഗുകൾ, നീർ ഗഡ്ഡിലെ ക്ലിഫ് ജമ്പിംഗ്, മലയിടുക്കുകൾക്ക് മുകളിലൂടെയുള്ള ബംഗീ ജമ്പിംഗ് എന്നിവ ഭയത്തിന്റെ പരകോടിയിലെത്തിക്കുന്ന അനുഭവങ്ങളാണ് സമ്മാനിക്കുക. അപ്പോൾ, നിങ്ങളുടെ ഉള്ളിലെ ഭയത്തെ നേരിടാൻ അടുത്ത യാത്ര ഒരു ഡെയർക്കേഷൻ ആയാലോ?
Content Highlight: Darecation, a travel trend where individuals embrace scary, extreme solo adventures to overcome fears and boost mental confidence.