കുട്ടികൾ സ്വയം കരുതിയിരുന്നത് കൊറിയൻ രാജകുമാരിമാരായി; UPയിൽ സഹോദരിമാർ ജീവനൊടുക്കിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊറിയയെ ഉപേക്ഷിക്കാൻ കഴിയില്ല, ജീവിതം അവസാനിപ്പിക്കുന്നുവെന്ന് യുപിയിൽ ജീവനൊടുക്കിയ സഹോദരിമാരുടെ കുറിപ്പ്

കുട്ടികൾ സ്വയം കരുതിയിരുന്നത് കൊറിയൻ രാജകുമാരിമാരായി; UPയിൽ സഹോദരിമാർ ജീവനൊടുക്കിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
dot image

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സഹോദരിമാരായ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടികൾ സ്വയം കരുതിയിരുന്നത് കൊറിയൻ രാജകുമാരിമാരാണെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികൾ എഴുതിയ ആത്മഹത്യാ കുറിപ്പിലാണ് ഈ വിവരമുള്ളത്. കൊറിയയെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും ജീവിതം അവസാനിപ്പിക്കുന്നുവെന്നും കുട്ടികളുടെ കുറിപ്പിലുണ്ട്.

കൊറിയയിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് കുട്ടികൾ പലതവണ പറഞ്ഞിട്ടുണ്ടെന്നും ഗെയിമിന്റെ ഒരു ടാസ്‌ക് കൊറിയ സന്ദർശനമാണോയെന്ന് സംശയിക്കുന്നുണ്ടെന്നും ഇവരുടെ പിതാവ് ചേതന്‍ കുമാറും പറഞ്ഞു. കുട്ടികളുടെ ഫോൺ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം കുട്ടികളുടെ പിതാവ് ഫോണിൽ നിന്ന് ഗെയിമുകൾ ഡിലീറ്റ് ചെയ്തിരുന്നെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്.

ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിനായിരുന്നു പെൺകുട്ടികൾ അടിമപ്പെട്ടിരുന്നത്. പഠനത്തിൽ ശ്രദ്ധിക്കാൻ ഇവർക്ക് താത്പര്യമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച 16 വയസുകാരി ഇപ്പോഴും നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. നിരവധി കുറിപ്പുകൾ എഴുതിവച്ച ശേഷമാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. ഇതിൽ പിതാവിനോട് ക്ഷമാപണം നടത്തുന്ന കുറിപ്പുമുണ്ട്. സോറി പപ്പാ എന്ന എഴുതിയതിനൊപ്പം കരയുന്ന ക്യാരിക്കേച്ചറുകളുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. കുളിക്കാൻ പോലും ഒരുമിച്ച് പോകുന്ന ശീലമായിരുന്നു മൂവർക്കും ഉണ്ടായിരുന്നത്.

ഫോറിൻ എക്‌സ്‌ചേഞ്ച് ട്രേഡറായ കുട്ടികളുടെ പിതാവിന് രണ്ട് ഭാര്യമാരാണ്. ഇരുവരും സഹോദരിമാരാണെന്നാണ് വിവരം. മൂത്ത മകൾ ആദ്യ ഭാര്യയിലാണ് ജനിച്ചത്. മറ്റ് രണ്ട് കുട്ടികളും രണ്ടാം ഭാര്യയിലെ മക്കളാണ്. ബുധനാഴ്ച പുലർച്ചെ 12.30വരെയും കുട്ടികൾ അമ്മമാർക്കൊപ്പം ഉണ്ടായിരുന്നു. പിന്നീട് ഇവർ പൂജാമുറിയിൽ കയറി വാതിൽ കുറ്റിയിട്ട ശേഷം കസേര ഉപയോഗിച്ച് ജനാലയിലേക്ക് കയറി അവിടെ നിന്ന് താഴേക്ക് ചാടുകയാണ് ഉണ്ടായത്. മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ഭാരത് സിറ്റി ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരായ അരുൺ സിങ്ങും അദ്ദേഹത്തിന്റെ ഭാര്യ സഹോദരി അപർണയുമാണ് കുട്ടികൾ ഒമ്പതാം നിലയിൽ നിന്നും ചാടുന്നത് കണ്ടത്. രണ്ട് സഹോദരിമാർ ഒരുമിച്ചും അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച് പരാജപ്പെട്ട മറ്റൊരാൾ പിന്നാലെ ചാടുകയുമായിരുന്നുവെന്ന് ബിഹാറിലെ ഗയ സ്വദേശിയായ അരുൺ പറയുന്നു. പെൺകുട്ടികൾ താമസിക്കുന്ന ടവറിന്റെ എതിർവശത്തെ ടവറിന്റെ പത്താം നിലയിലാണ് അരുണും കുടുംബവും താമസിക്കുന്നത്.

പുലർച്ചെ രണ്ടു മണിക്ക് ഉറങ്ങുന്നതിന് മുമ്പ് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അരുൺ. പെൺകുട്ടികൾ അവരുടെ ഫ്‌ളാറ്റിന്റെ ജനാലയിൽ കയറി നില്‍ക്കുന്ന നിലയിൽ കണ്ടതോടെ പന്തികോട് തോന്നിയ അരുൺ അപർണയെ വിളിച്ച് ഇത് കാണിക്കുകയായിരുന്നു. ചാടിയതിന് പിന്നാലെ ഫ്‌ളാറ്റിന് താഴെയുള്ള ഭാഗത്ത് ഇടിച്ച് കുട്ടികൾ തെറിച്ചുപോകുകയായിരുന്നുവെന്നും അരുൺ പറഞ്ഞു.

മൂവർക്കും ഗെയിമിലുള്ള അമിത താത്പര്യം വീട്ടുകാർക്ക് അറിയാമായിരുന്നു. ഇതുമൂലം ഇവരുടെ മൊബൈൽ ഫോണുകൾ മാതാപിതാക്കൾ പിടിച്ചുവെച്ചിരുന്നു. എന്നാലും ഫോണുകൾ പിന്നീട് മാതാപിതാക്കൾ തിരികെ നൽകിയെന്നും പൊലീസ് പറയുന്നു. പെൺകുട്ടികളുടെ ഡയറിയിൽ കൂടുതൽ വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. ഡയറിയും മൂവരുടയും ഫോണുകളും പരിശോധിച്ചാല്‍ ഇവർ കളിച്ചിരുന്ന ഗെയിമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ കഴിയുമെന്നാണ് പൊലീസ് പറയുന്നത്.

Content Highlights: Three minor sisters in Uttar Pradesh died after allegedly jumping from a building, with police analysing their diary that revealed they portrayed themselves as Korean princesses

dot image
To advertise here,contact us
dot image