പ്രധാനമന്ത്രിയുടെ വാരണാസിയില്‍ കോൺഗ്രസിൻ്റെ 'സംവിധാൻ സംവാദ് മഹാപഞ്ചായത്ത്'; 'വെളിപ്പെടുത്തലുകളുണ്ടാവും'

ഫെബ്രുവരി എട്ടിന് നടക്കുന്ന സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും ഉന്നയിക്കുമെന്നും അന്ന് നിരവധി പ്രധാന വെളിപ്പെടുത്തലുകൾ നടത്തുമെന്നും അജയ് റായ് പറഞ്ഞു

പ്രധാനമന്ത്രിയുടെ വാരണാസിയില്‍ കോൺഗ്രസിൻ്റെ 'സംവിധാൻ സംവാദ് മഹാപഞ്ചായത്ത്'; 'വെളിപ്പെടുത്തലുകളുണ്ടാവും'
dot image

ലക്നൗ : ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) ശക്തമായി വിമർശിച്ച് കോൺ​ഗ്രസ്. ബിജെപിക്കെതിരെ ഫെബ്രുവരി എട്ടിന് വാരാണാസിയിൽ കോൺഗ്രസ് പ്രതിഷേധ സമ്മേളനം നടത്തും.വാരാണസിയിലെ വരുണ പാലത്തിന് സമീപമുള്ള ശാസ്ത്രിഘട്ടിൽ ‘സംവിധാൻ സംവാദ് മഹാപഞ്ചായത്ത്’ എന്ന പേരിലാണ് സമ്മേളനം നടത്തുന്നതെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു.

രാജ്യത്തെയും സംസ്ഥാനത്തെയും സാധാരണക്കാർ, കർഷകർ, സ്ത്രീകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നതെന്നും അജയ് റായ് പറഞ്ഞു. രാജ്യത്തിൻ്റെ പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നിൽ തലകുനിച്ചുവെന്നും ലോക്സഭയിൽ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ലയെന്നും സഭയിൽ രാഹുൽ ഗാന്ധി നരവനെയുടെ പുസ്തകത്തിൻ്റെ ഭാഗങ്ങൾ ഉയർത്തി സംസാരിക്കുമ്പോൾ തടയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാഹുറാബിലെ ക്യാമ്പ് ഓഫീസിൽ സംസാരിക്കവെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ഇതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 8 ന് വാരണാസിയിലെ ജനങ്ങൾ ശാസ്ത്രി ഘട്ടിൽ ഒത്തുകൂടുമെന്നും അദ്ദേഹം പറഞ്ഞു. സഹാറൻപൂരിൽ നിന്നുള്ള ഇമ്രാൻ മസൂദ്, സീതാപൂരിൽ നിന്നുള്ള രാജേഷ് റാത്തോഡ്, പ്രയാഗ്‌രാജിൽ നിന്നുള്ള ഉജ്വൽ രാമൻ സിംഗ്, അമേത്തിയിൽ നിന്നുള്ള കിഷോരി ലാൽ, ബരാബങ്കിയിൽ നിന്നുള്ള തനുജ് പുനിയ എന്നീ എംപിമാരും നിരവധി നേതാക്കളുമാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ തരത്തിൽ കൊട്ടിഘോഷിക്കുന്ന കരാർ അമേരിക്കയ്ക്ക് മുന്നിൽ തലകുനിച്ചുകൊണ്ടാണ് ഉണ്ടാക്കിയത്. ഇപ്പോൾ അവർക്ക് വെനിസ്വേലയിൽ നിന്ന് എണ്ണ ലഭിക്കും. അമേരിക്കയ്ക്ക് ഇവിടെ സ്വാധീനമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഉത്തർപ്രദേശ് സർക്കാർ മദ്രസകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ ഗോരഖ്‌നാഥ് പീഠത്തിൽ വൻതോതിൽ ധനസഹായം നൽകുന്നതിനെക്കുറിച്ചും സ്വർണ്ണ വഴിപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ മണികർണികഘട്ടിൽ തകർക്കപ്പെട്ട വിഗ്രഹങ്ങൾ എവിടേക്കാണ് പോയത്. വിഗ്രഹങ്ങൾ തകർക്കപ്പെട്ട വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് തെറ്റായി പ്രചരിപ്പിച്ചുവെന്നും വിഗ്രഹങ്ങൾ എവിടേക്കാണ് പോയതെന്ന് സർക്കാർ സത്യം പറയണമെന്നും അജയ് റായ് പറഞ്ഞു. ഫെബ്രുവരി എട്ടിന് നടക്കുന്ന സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും ഉന്നയിക്കുമെന്നും അന്ന് നിരവധി പ്രധാന വെളിപ്പെടുത്തലുകൾ നടത്തുമെന്നും അജയ് റായ് പറഞ്ഞു. രാജ്യം യുഎസിന് പണയപ്പെടുത്തിയത് ഗുജറാത്ത് ലോബിക്ക് ഗുണം ചെയ്യുന്നതിനായാണെന്നും അദ്ദേഹം ആരോപിച്ചു. നഷ്ടപരിഹാരം നൽകാതെ വാരണാസിയിലെ പല സ്ഥലങ്ങളിലും ഭൂമി പിടിച്ചെടുക്കുന്നു. ഗഞ്ചാരി സ്റ്റേഡിയത്തിന് സമീപമുള്ള ഭൂമി ഗുജറാത്തിൽ നിന്നുള്ളവർക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight : Congress to hold ‘Samvidhan Samvad Mahapanchayat ‘in Varanasi on Feb 8. Varanasi is PM Modi's constituency

dot image
To advertise here,contact us
dot image