
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ഇന്‍ഡ്യാ മുന്നണിയില്‍ ആര് എന്നതിന് ഇന്ന് ഉത്തരമാകും. വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നിര്‍ണായക യോഗം ചേരും. രാവിലെ 10.15 നാണ് യോഗം ചേരുന്നത്. സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് തീരുമാനം.
ഇക്കാര്യങ്ങള്‍ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ സംസാരിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ചൊവ്വാഴ്ചയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ നിന്നാകുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ തീരുമാനമായില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സമവായ സ്ഥാനാര്‍ത്ഥിയെയാകും ഇന്‍ഡ്യാ മുന്നണി നിര്‍ത്തുകയെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി മാര്‍ഗരറ്റ് ആല്‍വേയുടെ പേരായിരുന്നു നിര്‍ദേശിച്ചത്. ഇതോടെ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് പോലും ലഭിച്ചിരുന്നില്ല. ആംആദ്മി പാര്‍ട്ടി കഴിഞ്ഞ തവണ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. 55 പ്രതിപക്ഷ എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് മാറിനിന്നതോടെ 346 വോട്ട് നേടിയായിരുന്നു ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡാണ് രാധാകൃഷ്ണനെ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയായിരുന്നു പ്രഖ്യാപനം നടത്തിയത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന, ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അടക്കമുള്ളവരുടെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും ഒടുവില്‍ സി പി രാധാകൃഷ്ണന് നറുക്കുവീഴുകയായിരുന്നു.
ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതോടെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംജാതമായത്. കഴിഞ്ഞ മാസം 21നായിരുന്നു ധന്‍കര്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു പ്രഖ്യാപനം. ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തത കുറവുണ്ട്. ധന്‍കര്‍ എവിടെ എന്ന ചോദ്യം ഉയര്‍ത്തി ശിവസേന എംപി സഞ്ജയ് റാവത്ത്, മുതിര്‍ന്ന അഭിഭാഷന്‍ കപില്‍ സിബല്‍ അടക്കം രംഗത്തെത്തിയിരുന്നു.
Content Highlights- India bloc will meet today for discuss Vice President Candidate