
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ ആക്ഷൻ കോമഡി ചിത്രമാണ് ആവേശം. ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് നേടിയത്. ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിൽ സെക്കൻഡ് ഹാഫ് ലാഗ് എന്നായിരുന്നു റിവ്യൂ വന്നിരുന്നതെന്നും എന്നാൽ റിലീസിന് മുന്നേ സിനിമ കണ്ട ആർക്കും അത് മനസിലായില്ലെന്നും ഫഹദ് പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ആവേശത്തിനെക്കുറിച്ച് മനസുതുറന്നത്.
'ആവേശത്തിന്റെ ആദ്യ ദിവസത്തെ റിവ്യൂ മുഴുവൻ സെക്കൻഡ് ഹാഫ് ലാഗ് എന്നായിരുന്നു. സെക്കൻഡ് ഹാഫ് ലാഗ് ആണെന്നുള്ളത് ആ സിനിമ റിലീസിന് മുൻപ് കണ്ട ആർക്കും മനസിലായിട്ടില്ല. അതൊന്നും നമ്മുടെ കൺട്രോളിൽ ഉള്ള കാര്യങ്ങൾ അല്ല. എന്റെ കരിയറിൽ രണ്ട് മൂന്ന് സിനിമകളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരു വീക്കെൻഡ് ഒക്കെ കഴിഞ്ഞാലേ ഒരു സിനിമയെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാൻ കഴിയുള്ളൂ', ഫഹദ് ഫാസിൽ പറഞ്ഞു.
സുഷിൻ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീർ താഹിറാണ്. ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.
അൽത്താഫ് സലിം ഒരുക്കുന്ന ഓടും കുതിര ചാടും കുതിരയാണ് ഇനി പുറത്തുവരാനുള്ള ഫഹദ് ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. റൊമാൻസും കോമഡിയും കൂടിക്കലർന്ന് ഈ വർഷത്തെ ഓണം ഫഫ തൂക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദർശനും രേവതി പിള്ളയുമാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlights: Fahadh about Aavesham first day reviews