
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നത്.
തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ഗവർണറായിരുന്നു. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.
ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി പി രാധാകൃഷ്ണൻ 1957 ഒക്ടോബർ 20 ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സിൽ ആർഎസ്എസിലൂടെ വന്ന രാധാകൃഷ്ണൻ 1974 ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ബിജെപിയുടെ തമിഴ്‌നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണൻ നിയോഗിതനായി. സംസ്ഥാന പ്രസിഡൻ്റായിരിക്കെ 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ 'രഥയാത്ര' രാധാകൃഷ്ണൻ നടത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചത്. പിന്നെയും രണ്ട് പദയാത്രകൾ കൂടി അദ്ദേഹം നയിച്ചിരുന്നു.
1998-ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണൻ്റെ പാർലമെൻ്ററി ജീവിതം ആരംഭിക്കുന്നത്. 1999-ൽ അദ്ദേഹം വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്‌സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെൻ്ററി കമ്മിറ്റി (പിഎസ്‌യു)യിലും ധനകാര്യത്തിനായുള്ള കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാർലമെൻ്ററി സ്‌പെഷ്യൽ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
2016ൽ രാധാകൃഷ്ണനെ കയർ ബോർഡിന്റെ ചെയർമാനായി നിയമിച്ചിരുന്നു. നാല് വർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. ഇക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള കയർ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2532 കോടി രൂപയിലെത്തിയത് ശ്രദ്ധേയമായിരുന്നു. 2023 ഫെബ്രുവരി 18-ന് ശ്രീ രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലങ്കാന ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായും രാധാകൃഷ്ണൻ നിയോഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31 ന് മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ രാധാകൃഷ്ണൻ ഒരു മികച്ച കായികതാരവുമായിരുന്നു. ടേബിൾ ടെന്നീസിൽ കോളേജ് ചാമ്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ്, ബെൽജിയം, ഹോളണ്ട്, തുർക്കി, ചൈന, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, തായ്‌ലൻഡ്, ഈജിപ്ത്, യുഎഇ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ രാധാകൃഷ്ണൻ സഞ്ചരിച്ചിട്ടുണ്ട്. പാർലമെൻ്ററി പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി ശ്രീ രാധാകൃഷ്ണൻ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തിരുന്നു. തായ്‌വാനിലേക്കുള്ള ആദ്യ പാർലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.
പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്. ഓഗസ്റ്റ് 22 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
Content Highlights: CP Radhakrishnan is NDA's Vice Presidential candidate