
ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രിയിൽ ഡ്രിപ്പ് സ്റ്റാൻഡ് നൽകാത്തതിനെ തുടർന്ന് ഡ്രിപ്പ് ബോട്ടിലുമായി 72കാരി നിന്നത് 30 മിനിട്ട്. മധ്യപ്രദേശിലെ സത്‌നയിലെ സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലാണ് സംഭവം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചെറുമകന്‍റെ ഡ്രിപ്പ് ബോട്ടിലുമായിയാണ് വയോധികയ്ക്ക് അരമണിക്കൂറോളം നിൽക്കേണ്ടി വന്നത്.
ഈ സമയത്തും ജീവനക്കാർ ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയായിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയിൽ ആവശ്യത്തിനു ഡ്രിപ്പ് സ്റ്റാൻഡുകളുണ്ടായിരുന്നുവെന്നും ജീവനക്കാർ മനപൂർവം നൽകാത്തതാണെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. മധ്യപ്രദേശിലെ സത്‌നയിൽ വെള്ളിയാഴ്ചയാണ് സംഭവം.
35 വയസ്സുള്ള ചെറുമകൻ അശ്വിനി മിശ്രയെ റോഡപകടത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ അടിസ്ഥാന ചികിത്സാ സംവിധാനങ്ങൾ ലഭ്യമാക്കാത്തതിനെതിരെ നിരവധി പരാതികൾ ഉയർന്നുവരുന്നതിനിടെയാണ് ഈ സംഭവം.
അതേസമയം ആശുപത്രിയിൽ സ്റ്റാൻഡിന് ക്ഷാമം ഇല്ലെന്നും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ആറേഴു മിനിറ്റിനുള്ളിൽ തന്നെ ചികിത്സ ലഭ്യമാക്കിയെന്നും വയോധിക സ്വന്തം താൽപ്പര്യത്തിന് ഡ്രിപ് കൈയിൽ പിടിക്കുകയായിരുന്നുവെന്നുമാണ് ആശുപത്രിയിലെ സിവിൽ സർജൻ മനോജ് ശുക്ലയുടെ വിശദീകരണം.
Content Highlight : 72-Year-Old Grandmother Holds Drip Bottle For 30 Minutes At Madhya Pradesh Hospital