
പാട്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നിന്ന് തുടങ്ങിയ 16 ദിവസം നീണ്ടുനില്‍ക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.
'മഹാരാഷ്ട്രയില്‍ വോട്ട് കൊള്ള നടന്നു. പുതിയതായി ചേര്‍ത്ത വോട്ടുകള്‍ ബിജെപിയിലേക്ക് കൂട്ടമായി പോയി. തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തി. അദാനിയെയും അംബാനിയെയും സഹായിക്കാന്‍ ബിഹാറിലെ 65 ലക്ഷം വോട്ടുകള്‍ വെട്ടി', രാഹുല്‍ ഗാന്ധി ആരോപിച്ചു.
സിസിടിവിക്ക് വേണ്ടി നിയമമിറക്കിയെന്നും പിന്നെന്തിനാണ് ആ നിയമം മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരെന്തിനാണ് ആ നിയമം മാറ്റിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. 'തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് നിങ്ങള്‍ക്കറിയാമോ? എപ്പോഴാണ് ഈ നിയമം നിര്‍മിച്ചതെന്ന് അറിയുമോ? 2023ലാണ് ഈ നിയമം ഉണ്ടാക്കിയത്. എന്തിനാണ് ഈ നിയമം 2023ല്‍ ഉണ്ടാക്കിയത്? കാരണം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസെടുക്കരുതെന്നാണ് നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കും ആവശ്യം. അവര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിക്കുന്നുണ്ട്', രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിഹാറില്‍ വോട്ട് ചോര്‍ച്ച നടത്തില്ലെന്ന് ഇന്ത്യ മുന്നണി തീരുമാനിച്ചെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചവരെന്ന് പറഞ്ഞവരോടൊപ്പം ചായ കുടിക്കുന്ന തന്റെ വീഡിയോയെക്കുറിച്ചും അദ്ദേഹം റാലിയില്‍ പരാമര്‍ശിച്ചു. 'മരിച്ചവരോടൊപ്പം ഞാന്‍ ചായ കുടിക്കുന്ന വീഡിയോ നിങ്ങള്‍ കണ്ടോ? ജീവിക്കുന്ന മനുഷ്യരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊന്നു. അവരുടെ പേര് നീക്കി. അവരുടെ പേരെന്തിനാണ് ഞാന്‍ നീക്കിയതെന്ന് ചോദിച്ചു. മുകളില്‍ നിന്നാണ് ഉത്തരവ് വന്നതെന്ന് അവര്‍ പറഞ്ഞു. നരേന്ദ്രമോദിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഉത്തരവ് ബിഹാറിലെ ലക്ഷക്കണക്കിന് ആളുകളുടെ വോട്ട് ഇല്ലാതാക്കുകയാണ്', രാഹുല്‍ പറഞ്ഞു.
പാവപ്പെട്ടവന്റെ കൈയ്യില്‍ അവശേഷിക്കുന്നത് ഈ വോട്ടാണെന്നും അതും തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ടിനും ഭരണഘടനയ്ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാമെന്ന നിയമ നിര്‍മ്മാണം ആര്‍ക്ക് വേണ്ടി നടത്തിയെന്ന് ചോദിച്ച രാഹുല്‍ ഒരടി പോലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം കണ്ടെന്നും തന്റെ ഒരു ചോദ്യത്തിന് പോലും മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നോട് സത്യവാങ്മൂലം ചോദിച്ചു. അനുരാഗ് താക്കൂറും ഞാന്‍ പറഞ്ഞ കാര്യമാണ് ചോദിച്ചത്. എന്നാല്‍ അദ്ദേഹത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടില്ല.
Content Highlights: Rahul Gandhi again against Election Commission, Narendra Modi and Amit Shah