സിപി രാധാകൃഷ്ണനിലൂടെ തമിഴ് വൈകാരികത എന്ന ആയുധം തിരിച്ച് പ്രയോഗിക്കാന്‍ ബിജെപി; ആര്‍എസ്എസ് പ്രീണനവും ലക്ഷ്യം

എന്തിനായിരിക്കും ജഗ്ദീപ് ധൻകറിന്റെ പിൻഗാമിയായി സി പി രാധാകൃഷ്ണനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ആദ്യം സി പി രാധാകൃഷ്ണൻ ആരാണെന്ന് അറിയണം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം അറിയണം.

ആമിന കെ
3 min read|18 Aug 2025, 08:33 am
dot image

ൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുതിർന്ന ആർഎസ്എസ് സ്വയം സേവകനായ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആർഎസ്എസിലൂടെ വളർന്ന, ഞാനൊരു Proud RSS Cadre ആണെന്ന് തുറന്ന് പറഞ്ഞ നേതാവാണ് ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി പി രാധാകൃഷ്ണൻ. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ സ്വയം സേവകനായി പ്രവ‍ർത്തനം തുടങ്ങിയ ഒരു നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം മാത്രമല്ല, മറിച്ച് തങ്ങൾക്ക് പിടിതരാതിരിക്കുന്ന തമിഴ്‌നാടിനെ ലക്ഷ്യം വെച്ചുള്ള ഒരു രാഷ്ട്രീയ നീക്കം കൂടിയാണ് ബിജെപി നടത്തിയിരിക്കുന്നത്.

എന്തിനായിരിക്കും ജഗ്ദീപ് ധൻകറിന്റെ പിൻഗാമിയായി സി പി രാധാകൃഷ്ണനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ആദ്യം സി പി രാധാകൃഷ്ണൻ ആരാണെന്ന് അറിയണം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം അറിയണം.

തമിഴ്നാട്ടിൽ ജനസംഘത്തിൻ്റെയും ബിജെപിയുടെയും പ്രധാന നേതൃമുഖമായിരുന്നു സി പി രാധാകൃഷ്ണൻ. 1998ൽ കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണന്റെ പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1999ൽ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ഈ സമയത്ത് ഡിഎംകെയുടെ പിന്തുണയോടെയാണ് സി പി രാധാകൃഷ്ണൻ വിജയിച്ചത്. നിലവിൽ ബിജെപിക്കെതിരെ നിരന്തരം യുദ്ധം നയിക്കുന്ന ഡിഎംകെയുമായും സ്റ്റാലിനുമായും കരുണാനിധിയുമായും അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് സി പി രാധാകൃഷ്ണൻ എന്നത് തന്നെയാണ് ഈ ഘട്ടത്തിൽ പ്രസക്തമാകുന്നത്.

സ്റ്റാലിൻ രോഗബാധിതനായി ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ സന്ദർശിച്ച ഇതര പാർട്ടിക്കാരിലെ പ്രധാനിയായിരുന്നു രാധാകൃഷ്ണൻ. മാത്രവുമല്ല ഗൗഡർ വിഭാഗത്തിലെ നേതാവെന്ന നിലയിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ സി പിക്ക് പ്രത്യേക സ്ഥാനവുമുണ്ട്. ഇതെല്ലാം പരി​ഗണിക്കുമ്പോൾ സ്റ്റാലിനും ഡിഎംകെയും സി പി രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണക്കാതിരിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ബിജെപിയുടെ പതനം തമിഴ്‌നാട്ടിൽ നിന്നായിരിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞിട്ട് ദിവസങ്ങൾ മാത്രമേയാകുന്നുള്ളു. അതിനിടയിൽ ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കം ഡിഎംകെയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. രാധാകൃഷ്ണനെ പിന്തുണക്കാതിരുന്നാൽ സ്റ്റാലിൻ ഉയർത്തുന്ന തമിഴ് വൈകാരികതയെന്ന അതേ ആയുധം തിരിച്ച് പ്രയോ​ഗിക്കാൻ ബിജെപി മടിക്കില്ലെന്ന് തീ‍ർച്ചയാണ്. ഡിഎംകെ പിന്തുണച്ചാലും ഇല്ലെങ്കിലും എട്ട് മാസങ്ങൾക്കപ്പുറം നടക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ തക്കത്തിലുള്ള തുറുപ്പ് ചീട്ടാണ് സി പിയിലൂടെ ബിജെപി മുന്നോട്ട് വെക്കുന്നത്.

തമിഴ്‌നാട് തെരഞ്ഞെടുപ്പ് പോലെ തന്നെ ആർഎസ്എസിനെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യം കൂടി ഇതിലുണ്ട്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പോലും ആർഎസ്എസിനെ പുകഴ്ത്തിയ നരേന്ദ്ര മോദിയുടെ ബിജെപിക്ക് ഉപരാഷ്ട്രപതിയായി മറ്റൊരാളെ ചിന്തിക്കേണ്ടി വന്നില്ല. കാരണം. തമിഴ്‌നാട് ബിജെപി അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സി പി രാധാകൃഷ്ണൻ 16ാം വയസ്സിൽ ആർഎസ്എസിലൂടെ വന്ന് 1974ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ബിജെപിയുടെ തമിഴ്നാട് സെക്രട്ടറിയായും 2004ൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റായിരിക്കെ 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ 'രഥയാത്ര' രാധാകൃഷ്ണൻ എന്ന രാഷ്ട്രീയക്കാരനെ അടയാളപ്പെടുത്തുന്നതായിരുന്നു.

ആകെ അഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും മൂന്നെണ്ണത്തിലും എതിർ സ്ഥാനാർത്ഥിയോട് തോറ്റു. 2023 ഫെബ്രുവരി 18ന് രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലങ്കാന ഗവർണറുടെ അധിക ചുമതലകൾ നിർവഹിക്കുന്നതിനും രാധാകൃഷ്ണൻ നിയോഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31 നാണ് മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാൻ സി പി രാധാകൃഷ്ണന് തന്നെയാണ് സാധ്യത. അങ്ങനെ സംഭവിക്കുന്നതോടെ ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന നിലയിലുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കം കൂടിയാവും വിജയിക്കുക.

Content Highlights: NDA names CP Radhakrishnan as vice president candidate, the real motive behind the decision

dot image
To advertise here,contact us
dot image