
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കഴിഞ്ഞതിന് പിന്നാലെ ദേശീയപതാക കാലുകൾ കൊണ്ട് മടക്കിയെടുത്ത പ്രിൻസിപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിൽ നിന്നുള്ള ഫത്തേമ ഖാത്തൂണാണ് അറസ്റ്റിലായത്. ഇവർ ദേശീയപതാകയെ അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.
സ്‌കൂളിന്റെ പറമ്പിൽ നാട്ടിയിരുന്ന ഫ്‌ളാഗ്‌പോളിൽ നിന്നും ദേശീയപതാക അഴിച്ചുമാറ്റിയ ശേഷം ഫത്തേമ കാലുകൾ കൊണ്ട് മടക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഇതിന് മുമ്പ് ഫത്തേമ ദേശീയപതാകയെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
സ്വാതന്ത്ര്യദിനത്തിൽ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ ഫത്തേമ ദേശീയപതാക ഉയർത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രിയെ ഇവർ ദേശീയ പതാക ഉയർത്തിയിരുന്നു. ഇതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയതോടെ ശനിയാഴ്ച രാവിലെ 7.30ഓടെ ഒറ്റയ്ക്ക് സ്‌കൂളിലെത്തിയ ഇവർ കൊടിമരത്തിലുണ്ടായിരുന്ന പതാക താഴ്ത്തി കെട്ടിയിരുന്നു. നാഗാവ് ജില്ലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Content Highlights: Principal arrested for disrespecting National Flag in Assam