എണ്ണമറ്റ ആളുകള്‍ സഹിച്ച പ്രക്ഷോഭങ്ങളെയും വേദനയെയും അനുസ്മരിക്കുന്ന ദിനമാണ് വിഭജന ഭീതി ദിനം: പ്രധാനമന്ത്രി

നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസമെന്ന് പ്രധാനമന്ത്രി

dot image

ന്യൂഡല്‍ഹി: വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് 'വിഭജന ഭീതി ദിന'മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ചരിത്രത്തിലെ ദാരുണമായ അധ്യായത്തില്‍ എണ്ണമറ്റ ആളുകള്‍ സഹിച്ച പ്രക്ഷോഭങ്ങളെയും വേദനയെയും അനുസ്മരിച്ചുകൊണ്ടാണ് വിഭജന ഭീതി ദിനം ആചരിക്കുന്നതെന്ന് മോദി പറഞ്ഞു. അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസമാണിതെന്നും പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

'ദുരിതമനുഭവിച്ചവരില്‍ പലരും തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്നതിനും ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ കൈവരിക്കുന്നതിനും ശ്രമിച്ചു. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം', പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

2021ലാണ് നരേന്ദ്ര മോദി ഓഗസ്റ്റ് 14 'വിഭജന ഭീതി ദിന'മായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. തൊട്ടടുത്ത വര്‍ഷം, 2022 മുതല്‍ ഈ ദിനം ആചരിച്ചുതുടങ്ങി. എന്നാല്‍ കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചതോടെ കേരളത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പരിപാടി സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനും സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് മുഴുവന്‍ കോളേജുകള്‍ക്കും അടിയന്തിരമായി അറിയിപ്പ് നല്‍കണമെന്ന് സര്‍വ്വകലാശാല ഡീന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം വിഭജന ഭീതി ദിനാചരണം എവിടെ നടത്തിയാലും നേരിടുമെന്നാണ് എസ്എഫ്ഐ നിലപാട്. തടയാന്‍ കോളേജ് യുണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേരള സര്‍വ്വകലാശാലയില്‍ പരിപാടി നടത്താന്‍ വൈസ് ചാന്‍സലര്‍ ആലോചിക്കുന്നുണ്ടെങ്കില്‍ നടക്കില്ല. നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്. ഇതുവരെ കാണാത്ത പ്രതിഷേധമാകും സംഘടിപ്പിക്കുകയെന്നും എസ്എഫ്ഐ പറഞ്ഞു.

അതിനിടെ കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിഭജന ഭീതി ദിനം ആചരിച്ചു. പുലര്‍ച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി. സര്‍വ്വകലാശാലയില്‍ ഇന്ന് മുഴുവന്‍ വിഭജന ഭീതി ദിനമായി ആചരിക്കാനാണ് തീരുമാനം.

Content Highlights: Narendra Modi post about Partition horror rememberence day

dot image
To advertise here,contact us
dot image