
കൂലി LCU വിന്റെ ഭാഗമല്ലെന്നും ഈ ചിത്രം താൻ രജിനികാന്തിന് വേണ്ടി ഒരുക്കിയതാണെന്നും ലോകേഷ് കനകരാജ്. കൂടാതെ ചിത്രം എല്ലാവർക്കും നല്ലൊരു തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകട്ടേയെന്നും സിനിമയിലെ രംഗങ്ങൾ സ്പോയിൽ ആക്കാതിരിക്കണമെന്നും ലോകേഷ് പറഞ്ഞു. റിലീസിന്റെ തലേദിവസം ഒരു കുറിപ്പിലൂടെയാണ് ലോകേഷ് ഇക്കാര്യങ്ങൾ അറിയിച്ചത്.
'കൂലിയുടെ റിലീസിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി, ഈ സിനിമ ചെയ്യാൻ എനിക്ക് പൂർണ സ്വാതന്ത്രം നൽകിയ സൂപ്പർസ്റ്റാർ രജിനികാന്തിന് നന്ദി. ഈ സിനിമയിലെ സ്റ്റാർ കാസറ്റ് നാഗാർജുന, ഉപേന്ദ്ര, സൗബിൻ, സത്യരാജ്, ശ്രുതി ആമിർ ഖാൻ എല്ലാവർക്കും പ്രത്യേക നന്ദി. പൂർണമായി കൂലിക്ക് വേണ്ടി ഓരോ സമയവും നൽകിയ എന്റെ ഒപ്പം കഴിഞ്ഞ രണ്ട് വർഷം ഉണ്ടായിരുന്ന ഡയറക്ഷൻ ടീമിന് നന്ദി, കൂടാതെ സിനിമയുടെ നിർമാതാവ് കലാനിധി മാരനും ഒരുപാട് നന്ദി', ലോകേഷ് കുറിച്ചു.
'എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് ഈ യാത്രയിൽ എന്നോട് കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ കൂലി നിങ്ങളുടേതാകും ഒരു ഗംഭീര തിയേറ്റർ എക്‌സ്‌പീരിയൻസ് ആകട്ടെ മാത്രവുമല്ല ചിത്രത്തിന്റെ പ്രധാന രംഗങ്ങൾ സ്പോയിൽ ചെയ്യാതിരിക്കുക…പിന്നെ കൂലി എന്റെ തലൈവറിന് വേണ്ടി ഒരുക്കിയ Standalone ചിത്രം മാത്രമാണ്', ലോകേഷ് കൂട്ടിച്ചേർത്തു.
അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. മാത്രമല്ല പ്രീ സെയിലിലൂടെ മാത്രം 100 കോടി നേടുന്ന ആദ്യ തമിഴ് സിനിമയെന്ന നേട്ടവും ഇനി കൂലിയ്ക്ക് സ്വന്തം. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് കൂലി ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിൽ നിന്നുള്ള അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ 7.20 കോടി കടന്നു. ഇതോടെ കേരളത്തിലെ രജനിയുടെ ഏറ്റവും വലിയ ഓപ്പണിങ് ചിത്രമായിരുന്ന ജയിലറിന്റെ കളക്ഷനെ കൂലി മറികടന്നു.
കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നുണ്ട്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Lokesh Kanagaraj Says Coolie is a standalone film made for Rajinikanth