എക്‌സ് മുതൽ എസ്പിജി കാറ്റഗറി സുരക്ഷയുള്ള നേതാക്കൾ അറസ്റ്റിലായാൽ? സുരക്ഷ ഉദ്യോഗസ്ഥർ എങ്ങനെ സുരക്ഷ ഉറപ്പാക്കും!

സെഡ് പ്ലസ് സെക്യൂരിറ്റി ലഭിക്കുന്ന വ്യക്തിയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഈ സുരക്ഷ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുക? അവര്‍ക്ക് എങ്ങനെയാണ് അതില്‍ ഇടപെടാന്‍ കഴിയുക?

dot image

വോട്ട് മോഷണം ആരോപിച്ച് ന്യൂ ഡല്‍ഹിയില്‍ മുന്നൂറോളം പ്രതിപക്ഷ എംപിമാരാണ് പ്രതിഷേധിച്ചത്. ഇലക്ഷന്‍ കമ്മിഷന്‍ ഓഫീസിലേക്ക് നടന്ന വമ്പന്‍ മാര്‍ച്ചില്‍ പങ്കെടുത്ത എംപിമാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രതിഷേധിച്ച നേതാക്കളെ ഡല്‍ഹി പൊലീസ് തടയുകയും അവരെ അറസ്റ്റ് ചെയ്ത് വാഹനത്തിനുള്ളില്‍ കയറ്റുന്നതെല്ലാം രാജ്യം മുഴുവന്‍ തത്സമയം കാണുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖ നേതാക്കളായ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ, എംപി ജയ്‌റാം രമേശ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, മിതാലി ബാഗ് എന്നിവരുള്‍പ്പെടെ ഉണ്ടായിരുന്നു. ഈ നേതാക്കള്‍ക്കെല്ലാം ഓരോ വിഭാഗമനുസരിച്ച് സുരക്ഷ ക്രമീകരണങ്ങളുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാവും. നിലവില്‍ നേതാക്കന്മാരെ അറസ്റ്റ് ചെയ്താല്‍ ഈ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുക? എക്‌സ്, വൈ, വൈ പ്ലസ്, സെഡ്, സെഡ് പ്ലസ്, എസ്പിജി എന്നിവയാണ് സുരക്ഷാ വിഭാഗങ്ങള്‍. ഇത്തരം സുരക്ഷകളുള്ള വ്യക്തികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. സെഡ് പ്ലസ് സെക്യൂരിറ്റി ലഭിക്കുന്ന വ്യക്തിയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഈ സുരക്ഷ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുക? അവര്‍ക്ക് എങ്ങനെയാണ് അതില്‍ ഇടപെടാന്‍ കഴിയുക?

എസ്പിജിയിലെ മുന്‍ സിആര്‍പിഎഫ് അംഗവും നിലവില്‍ ഐപിഎസ് ഓഫീസറുമായ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെയാണ്, നിലവില്‍ എസ്പിജി സുരക്ഷ നല്‍കുന്ന ഒരേഒരു വ്യക്തി സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ്. 2019വരെ പ്രധാനമന്ത്രിയെ കൂടാതെ 28 വര്‍ഷമായി ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് കൂടി ലഭിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഓരോ നേതാക്കള്‍ക്കും അവര്‍ നേരിടുന്ന ഭീഷണിയുടെ നില അനുസരിച്ച് സുരക്ഷ ക്രമീകരിക്കുന്നത്. ഇതിന് അടിസ്ഥാനമാക്കുന്നത് ഐബിയും റോയും നല്‍കുന്ന വിവരങ്ങളാണ്. എക്‌സ് കാറ്റഗറി സുരക്ഷയിലുള്ളവര്‍ക്ക് രണ്ട് സായുധരായ പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുക, കമാന്‍ഡോകള്‍ ഉണ്ടാകില്ല. വൈ ആണെങ്കില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒന്നോ രണ്ടോ കമാന്‍ഡോകള്‍ ഉണ്ടാകും. വൈ പ്ലസില്‍ 11 ഉദ്യോഗസ്ഥരുണ്ടാകും. ഇതില്‍ രണ്ടോ നാലോ കമാന്‍ഡോകളാണ് ഉള്‍പ്പെടുക. സെഡ് കാറ്റഗറി സുരക്ഷയില്‍ 22 ഉദ്യാഗസ്ഥരാണ് ഉണ്ടാവുക. ഇവരില്‍ നാലു മുതല്‍ ആറ് എന്‍എസ്ജി കമാന്‍ഡോകളും ഉള്‍പ്പെടും. അതേസമയം സെഡ്് പ്ലസ് സുരക്ഷയില്‍ 55 ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ 10 എന്‍എസ്ജി കമാന്‍ഡോകളും ഒരു ബുള്ളറ്റ് പ്രൂഫ് കാറും മൂന്നു ഷിഫ്റ്റുകളായുള്ള എസ്‌കോര്‍ട്ടും ഉള്‍പ്പെടും.

ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് എസ്പിജി. കാബിനറ്റ് സെക്രട്ടേറിയേറ്റിന് കീഴിലുള്ള ഏറ്റവും പ്രമുഖമായ സുരക്ഷാ സംവിധാനം. പ്രധാനമന്ത്രിക്കും ചില കേസുകളില്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിനും വമ്പന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ക്ലാസിഫൈഡ് പ്രോട്ടോകോളുമുള്ള സുരക്ഷയാണിത്. മന്ത്രിമാര്‍ക്കും ചില സ്വകാര്യ വ്യക്തികള്‍ക്കും സുരക്ഷാ ഭീഷണിയുടെ തോത് അനുസരിച്ചാകും സുരക്ഷ സജ്ജീകരണങ്ങള്‍ ആഭ്യന്തരമന്ത്രാലയം നടപ്പാക്കുക. സിആര്‍പിഎഫ്, സിഐഎസ്എഫ്, ഇന്തോ - ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, എന്‍എസ്ജി എന്നിവരാണ് പ്രോട്ടോക്കോള്‍ നടപ്പിലാക്കുക. 350 വിഐപികള്‍ക്കാണ് സിആര്‍പിഎഫും സിഐഎസ്എഫും സുരക്ഷ നല്‍കുന്നത്. അതില്‍ 35 പേര്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിലാണ്. വിവിധ സെക്യൂരിറ്റി ഏജന്‍സികള്‍ സുരക്ഷ ഒരുക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ അതിന് പ്രത്യേകം നിര്‍വചിച്ചിരിക്കുന്ന പ്രോട്ടോകോളാണുള്ളത്. ഇവരുടെ പ്രവര്‍ത്തനവും ഏകോപിപ്പിച്ചിട്ടുണ്ട്.

വലിയ രീതിയില്‍ സുരക്ഷ സന്നാഹമുള്ള ഒരു നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍, ഇവരുടെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തന്നെ നിലയുറപ്പിച്ചുണ്ടാകും. ആ വ്യക്തി റിലീസ് ചെയ്യപ്പെട്ടാല്‍ തിരികെ അവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. സുരക്ഷയുള്ള ഒരു നേതാവ് അറസ്റ്റിന് ശേഷം, അറസ്റ്റ് ചെയ്ത ഏജന്‍സിയുടെ കസ്റ്റഡിയില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍, ആ ഏജന്‍സിയുമായി സുരക്ഷ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടാകും പ്രവര്‍ത്തനം ഏകോപിപ്പിക്കുക. അതേസമയം സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിലുള്ളവര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥരല്ല, മറിച്ച് സെന്‍ട്രല്‍ ആര്‍മ്ഡ് പൊലീസ് ഫോഴ്‌സാണ് സുരക്ഷ നല്‍കുക. അവര്‍ കൃത്യമായി സുരക്ഷ ഉറപ്പാക്കും. എന്നാല്‍ പൊലീസിനോ മറ്റ് സിവിലിയന്‍ അതോറിറ്റിയോ നടപടി സ്വീകരിച്ചാല്‍ അതില്‍ ഇടപെടില്ല. ഇനി പൊലീസ് ലാത്തിചാര്‍ജ് നടത്തുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ സുരക്ഷ നല്‍കുന്ന രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ടാല്‍ അതില്‍ ഈ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെടുകയും നേതാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ മറുവശത്ത് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കാതെ ശ്രദ്ധിക്കും. മറ്റൊന്ന് നേതാക്കളുടെ പദ്ധതികളും നീക്കങ്ങളുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി മനസിലാക്കിയിരിക്കും. സുരക്ഷ ഉള്ള ആളുകള്‍ അപ്രതീക്ഷിതമായി എന്തെങ്കിലും നീക്കം നടത്തിയാല്‍ ആ സാഹചര്യവും കൈകാര്യം ചെയ്യേണ്ടി വരും.

നേതാക്കളെ അറസ്റ്റ് ചെയ്ത സാഹചര്യമുണ്ടായാല്‍, അതില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെടില്ല, ഉടന്‍ തന്നെ അവരെ അറസ്റ്റ് ചെയ്ത് നീക്കുന്ന വാഹനത്തിന്റെയും ആ പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുവും ശ്രമിക്കുക. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥര്‍ പൊലീസില്‍ നിന്നും കൃത്യമായി അപ്പ്‌ഡേറ്റുകള്‍ സ്വീകരിച്ചാണ് മുന്നോട്ടു പോവുക. നേതാക്കള്‍ റിലീസായാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും അവരുടെ സുരക്ഷയുടെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കും. രാഹുല്‍ ഗാന്ധിയെ പോലൊരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍, അദ്ദേഹത്തിന് നല്‍കുന്ന സെഡ് പ്ലസ് സുരക്ഷയിലെ സിഎപിഎഫ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനുള്ള സംരക്ഷണം, പൊലീസ് നടപടികള്‍ക്ക് തടസം സൃഷ്ടിക്കാതെ തുടരും. ഡല്‍ഹി പൊലീസുമായി സഹകരിച്ച് പ്രദേശത്തെ സുരക്ഷ ഉറപ്പിക്കും. അദ്ദേഹം റിലീസ് ആയാല്‍ സുരക്ഷ ഉത്തരവാദിത്തം ഉടന്‍ ഏറ്റെടുക്കും. നിയമനടപടിയെ പൂര്‍ണമായും ബഹുമാനിച്ചു കൊണ്ട് സുരക്ഷ ഉറപ്പാക്കുകയാണ് അവരുടെ ഉത്തരവാദിത്തം. സിഎപിഎഫ്, പൊലീസ്, മറ്റ് ഏജന്‍സികള്‍ എന്നിവര്‍ ഒത്തൊരുമയോടെ എങ്ങനെ അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏകോപിപ്പിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാവുന്നത്.

Content Highlights: if a high security leader is detained what actually his security personnel do?

dot image
To advertise here,contact us
dot image