
ന്യൂഡല്‍ഹി: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ പരാതിക്കാരനില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പൂനെ കോടതിയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസിലെ പരാതിക്കാരന്‍ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ ബന്ധുവാണെന്നും അവര്‍ക്ക് അക്രമത്തിന്റെയും ഭരണഘടന വിരുദ്ധ പ്രവണതയുടെയും ചരിത്രമുണ്ടെന്നും രാഹുല്‍ ഗാന്ധി ഹര്‍ജിയില്‍ ആരോപിച്ചു. ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്റെ വോട്ട് ചോരി ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 'രണ്ട് ബിജെപി നേതാക്കളില്‍ നിന്ന് പരസ്യ ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്. ഒന്ന് രാജ്യത്തെ നമ്പര്‍ വണ്‍ തീവ്രവാദിയെന്ന് വിളിച്ച കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവില്‍ നിന്നാണ്. മറ്റൊന്ന് ബിജെപി നേതാവ് തര്‍വീന്ദര്‍ സിംഗ് മര്‍വയില്‍ നിന്നും'- ഹര്‍ജിയില്‍ പറയുന്നു. പൊതുവേദികളില്‍ പ്രസംഗത്തിനിടെ വി ഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സത്യകി സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ സിഡിയും ട്രാന്‍സ്‌ക്രിപ്റ്റും സഹിതമായിരുന്നു.
നേരത്തെ സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ സുപ്രീംകോടതി വിമർശിച്ചിരുന്നു. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയാണെന്നും അദ്ദേഹത്തെ അപമാനിക്കരുതെന്നുമാണ് കോടതി പറഞ്ഞത്. ഇനി രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തിയാൽ സ്വമേധയാ നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാക്കാൽ പരാമർശം നടത്തിയത്. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി അടക്കം സവർക്കറെ പ്രശംസിച്ചിരുന്നുവെന്നും അതുകൊണ്ടുതന്നെ നിരുത്തരവാദിത്വപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. 'സവർക്കർ ബ്രിട്ടീഷുകാരുടെ വേലക്കാരനാണ്' എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
Content Highlights: Complainant is godse's kin: threat to life on savarkar remark says rahul gandhi in court