
മലപ്പുറം: 'മലയാളിയുടെ രാമായണകാലങ്ങൾ' എന്ന പേരിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നടന്ന സെമിനാറിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. സെമിനാർ നടന്ന ഹാളിലും പുറത്തും സനാതന ധർമ്മം തുലയട്ടെ എന്നെഴുതിയ പോസ്റ്റർ ഉയർത്തിയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. രാമായണത്തിൻ്റെ പേരിൽ മലയാള സർവകലാശാലയിൽ ഒളിച്ചു കടത്തുന്ന ഹിന്ദുത്വ അജണ്ടകളെ പ്രതിരോധിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം.
'മലയാളിയുടെ രാമായണകാലങ്ങൾ' എന്ന പേരിൽ നടന്ന സെമിനാറിൽ കേരളത്തിലെ രണ്ടാം ഭക്തിപ്രസ്ഥാനം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധമാണ് വിവാദമായത്. പ്രബന്ധത്തിൽ സനാതന ധർമ്മത്തെ പ്രകീർത്തിക്കുകയും ഭക്തിപ്രസ്ഥാനത്തിൻ്റെ പേരിൽ മുഗൾ കാലഘട്ടത്തെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പ്രതിഷേധവുമായി രംഗത്ത് വന്ന എസ്എഫ്ഐ വ്യക്തമാക്കുന്നത്. ഡൽഹി സർവ്വകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. ശിവപ്രസാദ് പിയാണ് സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചത്.
മലയാളിയുടെ രാമായണകാലങ്ങൾ എന്ന പേരിൽ മലയാളസർവകലാശാലയിൽ വൈസ്ചാൻസിലറുടെ നേതൃത്വത്തിൽ നടത്തിയ സെമിനാർ സംഘപരിവാറിന്റെ സനാതനധർമ്മം ഒളിച്ചു കടത്തുന്നതാണെന്നും മലയാളസർവകലാശാലയിലെ എസ്എഫ്ഐ പ്രസ്താവനയിലൂടെ വ്യക്തമാക്കി. മധ്യകാല ഇന്ത്യൻ ഭക്തിപ്രസ്ഥാനത്തെ മുഗൾഭരണത്തിനെതിരെ നടന്ന സംഘടിത പ്രക്ഷോഭമെന്ന തരത്തിൽ ചിത്രീകരിച്ച സെമിനാർ, 'കാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദു-മുസ്ലീം കലഹമെന്ന' ഹിന്ദുത്വാഖ്യാനത്തിൻ്റെ പുനരുൽപാദനമാണ്.
ഇന്ത്യൻ നവോത്ഥാനപ്രസ്ഥാനങ്ങളെ മുഴുവൻ ബ്രാഹ്മണ-വേദമാഹാത്മ്യങ്ങളുടെ സവർണവും സുവർണവുമായ ഭൂതകാല രതിയിലേക്ക് ഉൾച്ചേർക്കുന്നതിനെ പുനരുദ്ധാരണപരമായ അട്ടിമറിയും അടിമത്തവുമായി കാണേണ്ടതുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സംഘപരിവാർ നയങ്ങളെയാണ് ഇന്ന് സർവകലാശാലാവേദിയിലേക്ക് വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ആനയിച്ച് ഇരുത്തിയിരിക്കുന്നത്. രാമായണ കഥ ഏകരേഖീയമായ ആഖ്യാനമല്ല. മാപ്പിള രാമായണം, അടിയരാമായണം തുടങ്ങിയ ബഹുസ്വര ആഖ്യാനങ്ങളെ പടിക്കുപുറത്ത് നിർത്തിയ സർവ്വകലാശാലയുടെ മാടമ്പിത്തരം ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഏതൊരു കൃതിക്കും ഒരു ചരിത്രജീവിതമുണ്ട്. ചരിത്രത്തിൻറെ മുഴുവൻ വേരുകളെയും പിഴുതെറിഞ്ഞുകൊണ്ട് രാമായണത്തെ ദിവ്യമായി അടയാളപ്പെടുത്തിയ സെമിനാർ, ഹിന്ദുത്വയുടെ ആവനാഴിയെ ഭയാനകമാംവിധം ബലപ്പെടുത്തുന്നു.
അക്കാദമിക് സെമിനാറുകളുടെ പുറംപൂച്ചിൽ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്ന വേദിയാക്കി സർവകലാശാലയെ മാറ്റിത്തീർക്കുന്നത് സന്ധിയില്ലാത്ത പോരാട്ടങ്ങളിലൂടെ നാം ആർജ്ജിച്ചെടുത്ത സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളെയും മാനവികമൂല്യങ്ങളെയും തച്ചുതകർക്കുന്നതാണ്. വേഷം മാറിവരുന്ന സംഘപരിവാർ ആശയങ്ങളുടെ കടന്നുകയറ്റത്തെ എന്ത് വിലകൊടുത്തും നാം രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.
മുൻ വൈസ് ചാൻസലർ കെ ജയകുമാറായിരുന്നു സെമിനാർ ഉദ്ഘാടനം ചെയ്തത്. മലയാളികളുടെ രാമായണകാലങ്ങൾ എന്ന വിഷയത്തിൽ പ്രൊ. ദേശമംഗലം രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മലയാളസർവ്വകലാശാല വൈസ് ചാൻസലർ പ്രൊ. സി ആർ പ്രസാദ് അധ്യക്ഷനായിരുന്നു.
Content Highlights: SFI protests at Malayalam University against seminar