'സിനിമ സൂപ്പർഹിറ്റ്, കൂടെ നാഷണൽ അവാർഡും എന്നിട്ടും പണിയില്ലാതെ വീട്ടിലിരുന്നു'; കീർത്തി സുരേഷ്

വിജയിച്ച ഒരു നായികയ്ക്ക് ചിത്രങ്ങളൊന്നും ലഭിക്കുന്നില്ല എന്ന് കേട്ടപ്പോൾ പലർക്കും അത്ഭുതമായി തോന്നി. എന്നാൽ അതിനെക്കുറിച്ച് അന്ന് താൻ വിഷമിച്ചിട്ടില്ലെന്ന് കീർത്തി സുരേഷ്

dot image

മഹാനടി എന്ന സിനിമയുടെ വിജയത്തിന് ശേഷം താൻ ആറുമാസത്തോളം സിനിമയിൽ നിന്ന് വിട്ടുനിന്നതായി മുൻപ് നടന്ന ഒരു അഭിമുഖത്തിൽ നടി കീർത്തി നടത്തിയ വെളിപ്പെടുത്തൽ വീണ്ടും ചർച്ചാവിഷയമാവുകയാണ്. ആ സമയത്ത് തനിക്ക് പുതിയ ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും എന്നാൽ ഒരു ഇടവേള ആഗ്രഹിച്ചിരുന്നതിനാൽ അന്ന് ആറുമാസം വീട്ടിലിരുന്നതെന്നും കീർത്തി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വിജയിച്ച ഒരു നായികയ്ക്ക് ചിത്രങ്ങളൊന്നും ലഭിക്കുന്നില്ല എന്ന് കേട്ടപ്പോൾ പലർക്കും അത്ഭുതമായി തോന്നി. എന്നാൽ അതിനെക്കുറിച്ച് അന്ന് താൻ വിഷമിച്ചിട്ടില്ലെന്നും കീർത്തി കൂട്ടിച്ചേർത്തു.

മഹാനടി എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അഞ്ച് ചിത്രങ്ങളിലാണ് ഒരേ സമയം അഭിനയിച്ചിരുന്നത്. അജ്ഞാതവാസി, താനാ സേർന്ത കൂട്ടം, സാമി 2, മഹാനടി, സണ്ടക്കോഴി 2 തുടങ്ങിയ സിനിമകൾ ഒരേസമയം ഷൂട്ട് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു താൻ. ഈ സിനിമകൾക്ക് ശേഷം ഒരു വലിയ ഇടവേള എടുക്കണമെന്ന് അന്ന് താൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മഹാനടിയുടെ വലിയ വിജയത്തിന് ശേഷം ആറുമാസം വീട്ടിൽ വിശ്രമിച്ചത്. അത് തനിക്ക് വളരെ സന്തോഷം നൽകിയ സമയമായിരുന്നുവെന്ന് നടി വ്യക്തമാക്കി.

കീർത്തി സുരേഷിന്റെ കരിയറിലെ നാഴികക്കല്ലായിരുന്നു 'മഹാനടി' എന്ന ചിത്രം. പ്രമുഖ ദക്ഷിണേന്ത്യൻ നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഈ സിനിമയിലെ കീർത്തിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. സാവിത്രിയുടെ ചെറുപ്പകാലം മുതൽ വാർധക്യം വരെയുള്ള മാറ്റങ്ങൾ, അവരുടെ മാനസിക സംഘർഷങ്ങൾ, സന്തോഷങ്ങൾ, ദുരിതങ്ങൾ എന്നിവയെല്ലാം കീർത്തി അതിമനോഹരമായി അവതരിപ്പിച്ചു.

ഒരുപാട് റിസർച്ച് നടത്തിയാണ് താൻ ഈ കഥാപാത്രത്തെ ഉൾക്കൊണ്ടതെന്ന് കീർത്തി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കീർത്തിയുടെ കരിയറിലെ എക്കാലത്തെയും മികച്ച പ്രകടനമായി ഇത് വാഴ്ത്തപ്പെട്ടു. ഈ സിനിമയിലെ പ്രകടനത്തിന് 2019-ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും, മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും കീർത്തി സുരേഷിന് ലഭിച്ചു. മഹാനടിയിലൂടെ കീർത്തി തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നു.

സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്. യാത്ര ചെയ്യുന്നതിന്റെയും പുതിയ ചിത്രങ്ങളുടെയും വിശേഷങ്ങൾ കീർത്തി സുരേഷ് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. 'കണ്ണിവേദി', 'റിവോൾവർ റീത്ത' തുടങ്ങിയ ചിത്രങ്ങളാണ് ഇനി താരത്തിന്റയെതായി വരാനിരിക്കുന്നത്. ഇവ കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും കീർത്തി സുരേഷ് അഭിനയിക്കുന്നുണ്ട്.

content highlights : Actress Keerthy Suresh talking about not getting films after the super hit Mahanati and grabbing a National award

dot image
To advertise here,contact us
dot image