
തിരുവനന്തപുരം: ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചുവെന്ന കാരണത്തിൽ തുടങ്ങിയ തർക്കം കലാശിച്ചത് കത്തിക്കുത്തിൽ. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. വിഴിഞ്ഞം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ദിലീപിന്റെ മുതുകിലാണ് കുത്തേറ്റത്. ദിലീപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ഒളിവിലാണ്. വധശ്രമത്തിനുൾപ്പെടെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. റോഡിന്റെ വളവിൽവെച്ച് ഓട്ടോറിക്ഷയുടെ ഹെഡ്‌ലൈറ്റ് കണ്ണിലേക്ക് അടിച്ചുവെന്ന് പറഞ്ഞ് രണ്ടുപേർ ഓട്ടോറിക്ഷ തടഞ്ഞുനിർത്തുകയായിരുന്നു. ജഗൻ എന്നു വിളിക്കുന്ന അഖിൽ രാജ്, മൂവ്‌മെന്റ് വിജയൻ എന്ന വിജയൻ എന്നിവർ ചേർന്ന് ദിലീപുമായി വാക്കുതർക്കമുണ്ടായി. വാഹനത്തിലേക്ക് കയറാൻ ശ്രമിച്ച ദിലീപിനെ പ്രതികൾ പിന്നിൽ നിന്നും കുത്തുകയായിരുന്നു. മൂന്ന് തവണയാണ് ഇയാൾക്ക് കുത്തേറ്റത്.
Content Highlights: Driver stabbed during argument at Thiruvananthapuram