
കൊൽക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവിനെ പൊലീസ് അക്രമിച്ചുവെന്ന ആരോപണം അന്വേഷിക്കുമെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മ. ശനിയാഴ്ച നടന്ന 'മാര്‍ച്ച് ടു നബന്ന' പരിപാടിക്കിടെ പൊലീസുകാര്‍ തല്ലിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ ആരോപണം സത്യമായാലും നുണയായാലും ഞങ്ങള്‍ അന്വേഷിക്കും. അവരെ തല്ലിയെങ്കില്‍ അതാരാണെന്നും അന്വേഷിക്കും എന്നാണ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയത്. ശനിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെ ഞായറാഴ്ച രാവിലെ എസ്എസ്‌കെഎം ആശുപത്രിയിലെത്തി മനോജ് വര്‍മ്മ സന്ദര്‍ശിച്ചിരുന്നു.
ആര്‍ജി കറില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് പരാതി നല്‍കാന്‍ ആഗ്രഹിച്ചാല്‍ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുമോ എന്ന ചോദ്യത്തോടും മനോജ് വര്‍മ്മ പ്രതികരിച്ചിരുന്നു. 'പരാതി വന്നാല്‍ തീര്‍ച്ചയായും അന്വേഷിക്കും. ഇനി പരാതി ലഭിച്ചില്ലെങ്കിലും കൊല്‍ക്കത്ത പൊലീസ് സ്വന്തം നിലയില്‍ സംഭവം അന്വേഷിക്കും. അന്വേഷണം ഇതിനകം ആരംഭിച്ചു'വെന്നും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. എല്ലാ നിലയിലുള്ള അന്വേഷണവും നടക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും മനോജ് വര്‍മ്മ വ്യക്തമാക്കി. 'എല്ലാ വശങ്ങളും പരിശോധിക്കാതെ എന്തെങ്കിലും നിഗമനങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. അവര്‍ക്ക് പരിക്കേറ്റിരിക്കാം. അത് ദുഃഖകരമാണ്. എന്നാല്‍ എങ്ങനെയാണത് സംഭവിച്ചത് എന്താണ് സംഭവിച്ചത് എന്നത് അന്വേഷിക്കണം' എന്നും മനോജ് വര്‍മ്മ വ്യക്തമാക്കി.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച 'മാര്‍ച്ച് ടു നബന്ന' എന്ന പരിപാടി നടന്നത്. മാര്‍ച്ചില്‍ പങ്കെടുത്തവരും പ്രതിഷേധക്കാരും പലയിടത്തും ഏറ്റുമുട്ടിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ അമ്മയെ പരിക്കേറ്റ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. സംഘര്‍ഷത്തിനിടെ തലയ്ക്ക് പരിക്കേറ്റെന്നാണ് പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കിയത്. അഞ്ച് പൊലീസുകാര്‍ സംഘര്‍ഷത്തിനിടെ കൈകാര്യം ചെയ്തുവെന്നും പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചു.
പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ അമ്മയെ കണ്ടു. പെണ്‍കുട്ടിയുടെ അച്ഛനും മര്‍ദ്ദനമേറ്റെന്നും സുവേന്ദു അധികാരി വെളിപ്പെടുത്തിയിരുന്നു. പൊലീസ് അക്രമത്തില്‍ 100ഓളം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും സുവേന്ദു അധികാരി ആരോപിച്ചു.
Content Highlights: Police to investigate assault of RG Kar victim’s mother during protest march