മഹാദേവപുരയിൽ നടന്നത് പ്രത്യക്ഷമായ അട്ടിമറി: കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മൻസൂർ അലി ഖാൻ റിപ്പോർട്ടറിനോട്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംബന്ധിച്ചുള്ള ചോദ്യമാണ് രാഹുൽ ഗാന്ധി ഉയർത്തിയതെന്ന് മൻസൂർ അലി ഖാൻ

dot image

ബെംഗളൂരു: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാം​ഗ്ലൂർ സെൻട്രൽ ലോക്സഭാ മണ്ഡലത്തിൻ്റെ ഭാ​ഗമായ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ നടന്നത് പ്രത്യക്ഷമായ അട്ടിമറിയെന്ന് മൻസൂ‍ർ അലി ഖാൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാം​ഗ്ലൂർ സെൻട്രലിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്നു മൻസൂ‍ർ അലി ഖാൻ. ഒരു ലക്ഷത്തിൽ പരം വോട്ടുകളുടെ അട്ടിമറി മഹാദേവപുരയിൽ നടന്നുവെന്നും മൻസൂ‍ർ അലി ഖാൻ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി പുറത്ത് വിട്ടത് ശരിയായ തെളിവുകളാണെന്നും മൻസൂർ അലി ഖാൻ വ്യക്തമാക്കി. ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വിശദീകരണം നൽകേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും മൻസൂർ അലി ഖാൻ ചൂണ്ടിക്കാണിച്ചു. നിയമ നടപടി സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംബന്ധിച്ചുള്ള ചോദ്യമാണ് രാഹുൽ ഗാന്ധി ഉയർത്തിയതെന്നും മൻസൂർ അലി ഖാൻ കൂട്ടിച്ചേർത്തു.

മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ വലിയ ക്രമക്കേട് നടന്നുവെന്ന് കോൺ​ഗ്രസ് നേതാന് രാഹുൽ ​ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ഒരേ വിലാസത്തിൽ എൺപത് വോട്ടർമാർ ഇവിടെയുണ്ട് എന്നതായിരുന്നു രാഹുലിന്റെ ആരോപണം. രാഹുൽ ഗാന്ധി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ റിപ്പോർട്ടർ സംഘം മഹാദേവപുര മണ്ഡലത്തിലെത്തിയിരുന്നു. മണ്ഡലത്തിൽ റിപ്പോർട്ടർ ടിവി നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് ലഭിച്ചത്. ഒരു മുറിയിൽ നിന്ന് മാത്രം 80 വോട്ടർമാർ എന്നായിരുന്നു രാഹുൽ ഉയർത്തിയ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ റിപ്പോ‍ർട്ടർ സംഘത്തിന് ലഭിച്ചിരുന്നു. മഹാദേവപുരയിലെ മുനി റെഡ്ഡി ഗാർഡനിലെ ലൈൻ മുറികളിലാണ് രാഹുൽ ആരോപിച്ച ഈ ക്രമക്കേട് നടന്നിരിക്കുന്നത്. 40 ലൈൻ മുറികളുള്ള ഇവിടുത്തെ 35-ാമത്തെ നമ്പർ മുറിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ താമസിക്കുന്ന കെട്ടിടമാണിത്. നിലവിൽ 35-ാം നമ്പർ മുറിയിൽ രണ്ട് പേര് മാത്രമാണ് താമസം. നിരവധിയാളുകൾ ഇടയ്ക്കിടെ മുറികളിൽ മാറിത്താമസിക്കാറുണ്ട് എന്നാണ് കെട്ടിട ഉടമ പറയുന്നത്. എങ്കിലും രണ്ടോ മൂന്നോ പേർക്ക് മാത്രം കഷ്ടിച്ച് താമസിക്കാവുന്ന ഈ മുറിയിൽ നിന്ന് എങ്ങനെ 80 പേർ വോട്ടർ പട്ടികയിൽ വന്നു എന്നതിൽ വ്യക്തതയില്ല. നേരത്തെ താമസിച്ചിരുന്നവരുടെ പേരുകളായിരിക്കാം ഈ കെട്ടിട നമ്പറിൽ ഉണ്ടായിരുന്നിരിക്കുക എന്നാണ് കെട്ടിടം നോക്കിനടത്താൻ ചുമതലപ്പെട്ടയാൾ പറഞ്ഞത്.

ഇതിനിടെ വാർത്താ സമ്മേളനത്തിന് പിന്നാലെ കർണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാഹുലിന് കത്തയച്ചിരുന്നു. പേരുകൾ സഹിതം തെളിവ് നൽകണമെന്നും വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരുടെയും അനർഹമായി ഉൾപ്പെട്ടവരുടെയും പേരുകൾ ഒപ്പിട്ട സത്യപ്രസ്താവനയ്‌ക്കൊപ്പം പങ്കുവെക്കണമെന്നുമാണ് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാഹുലിനോട് ആവശ്യപ്പെട്ടത്. താനൊരു രാഷ്ട്രീയക്കാരനാണെന്നും ജനങ്ങളോട് പറയുന്നതെന്താണോ അതാണ് തന്റെ വാക്കെന്നുമായിരുന്നു കത്തിന് രാഹുൽ ഗാന്ധി നൽകിയ മറുപടി.

Content Highlights: Mansoor Ali Khan responds to reporter on election rigging in Mahadevapura

dot image
To advertise here,contact us
dot image