
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ട്വന്റി-20യിൽ ഓസ്‌ട്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരിൽ 17 റൺസിനാണ് ഓസ്‌ട്രേലിയയുടെ വിജയം. 71 റൺസ് നേടി ഓപ്പണിങ് ബാറ്റർ റിയാൻ റിക്കൾട്ടൺ ദക്ഷിണാഫ്രിക്കക്ക് വേണ്ടി മികച്ച പോരാട്ടം നടത്തി. 37 റൺസ് സ്വന്തമാക്കിയ ട്രിസ്റ്റൻ സ്റ്റബ്‌സ് ഒഴികെ ദക്ഷിണാഫ്രിക്കൻ നിരയിൽ ആരും തിളങ്ങിയില്ല.
ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സൽവുഡ് ബെൻ ഡ്വാർഷുയിസ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആദം സാംബ രണ്ട് വിക്കറ്റുകൾ കൊയ്തു. ഗ്ലെൻ മാക്‌സ്വെൽ ഒരു വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറിൽ 20 റൺസ് വിജയിക്കാൻ വേണ്ടിയിരിക്കെ രണ്ടാം പന്തിൽ തന്നെ റിക്കൾട്ടൺ മടങ്ങി. ബൗണ്ടറി ലൈനിൽ ഗ്ലെൻ മാക്‌സ്വെല്ലിന്റെ കിടിലൻ ക്യാച്ചാണ് റിക്കൾട്ടണെ പുറത്താക്കിയത്. 55 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സറുമടിച്ചാണ് റിക്കൾട്ടൺ ദക്ഷിണാഫ്രിക്കക്ക് വേണ്ടി മികച്ച പോരാട്ടം നടത്തിയത്.
ക്യാപ്റ്റൻ എയ്ഡൻ മാർക്രം (12), ഹുവാൻ ഡ്രെ പ്രെടോറിയസ് (14), ഡെവാൾഡ് ബ്രെവിസ് (2) ജോർജ് ലിൻഡെ (0), കോർബിൻ ബോസ്‌ക് (2) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ പ്രകടനം.
നേരത്തെ ഓസീസിനായി ബാറ്റിങ്ങിൽ 83 റൺസ് സ്വന്തമാക്കിയ ടി ഡേവിഡാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 178 റൺസ് നേടി എല്ലാവരും പുറത്താകുകയായിരുന്നു. 83 റൺസ് നേടിയ ടിം ഡേവിഡാണ് ഓസ്‌ട്രേലയയുടെ ടോപ് സ്‌കോറർ. ദക്ഷിണാഫ്രിക്കക്കായി ക്വെന മഫാക നാല് വിക്കറ്റ് നേടി.
ബാറ്റിങ് ആരംഭിച്ച കങ്കാരുക്കൾക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (2) നഷ്ടമായിരുന്നു. പിന്നീടെത്തിയ ജോഷ് ഇംഗ്ലിസ് ആദ്യ പന്തിൽ പുറത്തായി. ക്യാപ്റ്റൻ മിച്ചൽ മാർഷ് (13) ടീം സ്‌കോർ 30 റൺസിൽ നിൽക്കവെയും പുറത്തായതോടെ ഓസ്‌ട്രേലിയ പരുങ്ങലിലായി. എന്നാൽ പിന്നീടെത്തിയ ടിം ഡെവിഡിനെ കൂട്ടുപിടിച്ച് കാമറൂൺ ഗ്രീൻ വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ചവെക്കുകയായിരുന്നു.
13 പന്തിൽ നിന്നും മൂന്ന് സിക്‌സറും നാല് ഫോറുമടിച്ച് 35 റൺസാണ് ഗ്രീൻ സ്വന്തമാക്കിയത്. നാലാം വിക്കറ്റിൽ 40 റൺസാണ് ഇരുവരും ചേർന്ന് അടിച്ചത്. ടീം സ്‌കോർ 70ൽ നിൽക്കവെ ഗ്രീൻ മടങ്ങിയെങ്കിലും ഡേവിഡ് രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. മിച്ചൽ ഓവൻ (2), ഗ്ലെൻ മാക്‌സ്വെൽ (1) എളുപ്പം മടങ്ങിയെങ്കിലും ബെൻ ഡ്വാർഷിയുസ് എന്നിവരെ കൂട്ടുപിടിച്ച് ഡേവിഡ് സ്‌കോർബോർഡ് ചലിപ്പിച്ചു. 19 പന്തിൽ നിന്നും 17 റൺസാണ് ഡ്വാർഷിയുസ് നേടിയത്. ശേഷമെത്തിയ നഥാൻ എല്ലിസിനെയും ഒരറ്റത്ത് നിർത്തി ഡേവിഡ് വെടിക്കെട്ടെ തുടർന്നു ഒടുവിൽ എട്ടാമനായി അദ്ദേഹം മടങ്ങുമ്പോൾ ടീം സ്‌കോർ 164 എത്തിയിരുന്നു.
52 പന്തിൽ നിന്നും എട്ട് കൂറ്റൻ സിക്‌സറുകളും നാല് ഫോറും പായിച്ചാണ് ഡേവിഡിന്റെ വെടിക്കെട്ട്. നഥാൻ എല്ലിസ് 12 റൺസ് നേടി അവസാനത്തെ ബാറ്ററായി മടങ്ങി. നാല് ഓവറിൽ 20 റൺസ് വിട്ടുനൽകിയാണ് മഫാക നാല് വിക്കറ്റ് സ്വന്തമാക്കിയത്. കഗീസോ റബാദ രണ്ടും ലുങ്കി എങ്കിഡി, ജോർജി ലിൻഡെ സെനൂരാൻ മുത്തുസ്വാമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിങ് ഇറങ്ങിയ എയ്ഡൻ മാർക്രം റിയാൻ റിക്കൾട്ടൺ എന്നിവരാണ് ഓപ്പണിങ് ഇറങ്ങിയത്.
്
Content Highlights- Australia Win over Southafrica in first t2oi