ആഞ്ഞടിക്കാൻ ഇൻഡ്യ സഖ്യം; 300 എംപിമാരെ അണിനിരത്തി നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം

ഇന്‍ഡ്യ സഖ്യത്തിലെ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്നൊരുക്കും

dot image

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർപട്ടിക തട്ടിപ്പ് ആരോപണത്തെ ചർച്ചയാക്കാനും പ്രധാന വിഷയമായി ഉയർത്താനുമാണ് ധാരണ. ഇൻഡ്യ സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കും. നാളെ നടക്കുന്ന മാർച്ച് പാർലമെന്റിൽ നിന്നും 11.30ന് ആരംഭിക്കും. മാർച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും.

മാർച്ചിന് ശേഷം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും നേതാക്കൾ ഉയർത്തും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇൻഡ്യ സഖ്യത്തിലെ കക്ഷികൾ. ഇത് സഖ്യത്തിന്റെ കെട്ടുറപ്പുയർത്തുമെന്നാണ് കരുതുന്നത്. അതേസമയം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിരുന്നിൽ ഇക്കാര്യം ചർച്ചചെയ്യും.

മഹാരാഷ്ട്രയിൽ അഞ്ച് വർഷം കൊണ്ട് ചേർക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട് ചേർത്തെന്നും ഹരിയാനയിലും കർണാടകയിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സംശയമുണ്ടെന്നുമാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയർന്നു. 40 ലക്ഷം ദുരൂഹവോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ 45 ദിവസം കൊണ്ട് നശിപ്പിച്ചു. ഇത് ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ വേണ്ടിയാണെന്നും ഡൽഹിയിലെ ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്നും ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് താൻ പറയുന്നതിനെ കുറിച്ചെല്ലാം വ്യക്തമായി അറിയാമെന്ന് പറഞ്ഞ രാഹുൽ, അവർ തനിക്കെതിരെ നടപടിയെടുക്കില്ലെന്നും പറയുകയുണ്ടായി.

Content Highlights: 'vote chori' protest;300 INDIAbloc MPs to march to EC office

dot image
To advertise here,contact us
dot image