'ഒബ്ജെക്ഷൻ യുവർ ഓണർ…'; 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ് ബാബു

സാന്ദ്ര തോമസ് 2016ൽ നിയമപരമായി അവരുടെ വിഹിതം വാങ്ങിയ ശേഷം രാജിവെച്ചിരുന്നു.

dot image

സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് അർഹതയില്ലാത്ത തസ്തികയിലേക്ക് മത്സരിക്കാൻ കഴിയില്ലെന്ന് നിർമാതാവ് വിജയ് ബാബു. സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് മാത്രമേ സാന്ദ്രയ്ക്ക് മത്സരിക്കാൻ കഴിയുകയുള്ളൂവെന്നും അതിനെ ആരും എതിർക്കുന്നില്ലെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

'ഒബ്ജെക്ഷൻ യുവർ ഓണർ…സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും അവർക്ക് അർഹതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് മാത്രമേ അവർക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയൂ. ആരാണ് അതിനെ എതിർക്കുന്നത്?. സാന്ദ്രക്ക് എല്ലാവിധ ആശംസകളും നേരുന്നു. എനിക്ക് അറിയാവുന്നിടത്തോളം സെൻസർഷിപ്പ് വ്യക്തിക്കല്ല, സ്ഥാപനത്തിന് അവകാശപ്പെട്ടതാണ്. ഫ്രൈഡേ ഫിലിം ഹൗസിൽ കുറച്ചുകാലം ഉണ്ടായിരുന്ന സാന്ദ്ര 2016ൽ നിയമപരമായി അവരുടെ വിഹിതം(അതില്‍ കൂടുതലും) വാങ്ങിയ ശേഷം രാജിവെച്ചിരുന്നു. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രക്ക് യാതൊരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറിച്ചാണ് കോടതി വിധിയെങ്കിൽ അത് എല്ലാവർക്കും പുതിയ ഒരു വിവരമായിരിക്കാം', വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

2013ൽ 'സക്കറിയയുടെ ഗർഭിണികൾ' എന്ന ചിത്രത്തിലൂടെയാണ് ഫ്രൈഡേ ഫിലിം ഹൗസ് സിനിമ നിർമാണ രംഗത്തേക്ക് എത്തുന്നത്. സാന്ദ്ര തോമസും വിജയ് ബാബുവും ചേർന്നാണ് ഫ്രൈഡേയുടെ സിനിമകൾ നിർമിച്ച് കൊണ്ടിരുന്നത്. 2016ൽ 'മുദ്ദുഗൗ' എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച് അവസാനമായി നിർമിച്ചത്.

അതേസമയം, നിർമാതാക്കളുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയിരുന്നു. ട്രഷറർ, പ്രസിഡന്റ്‌ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചിരുന്നത്. ഇത് രണ്ടുമാണ് തള്ളിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മൂന്ന് സിനിമകൾ നിർമിക്കണമെന്ന് മാനദണ്ഡം ഉണ്ടായിരുന്നു. എന്നാൽ ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നീ രണ്ട് ചിത്രങ്ങൾ മാത്രമായിരുന്നു പുതിയ പ്രൊഡക്ഷന്‍ ഹൗസായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ കീഴില്‍ നിർമിച്ചത്. ഈ കാരണം കാണിച്ചാണ് പത്രിക തള്ളിയത്. തുടര്‍ന്ന് സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights: Producer Vijay Babu says Sandra Thomas dont have any rights in friday film house

dot image
To advertise here,contact us
dot image