
തൃശ്ശൂർ: സുരേഷ് ഗോപിയുടെ വിജയത്തെ അവമതിക്കാനും ജനങ്ങളെ അപമാനിക്കുവാനും ആണ് കോൺഗ്രസും സിപിഐഎമ്മും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ഒരു കൊല്ലക്കാലത്തെ സുരേഷ് ഗോപിയുടെ പ്രവർത്തനവും ബിജെപിയുടെ സംഘടനാ പ്രവർത്തനവുമാണ് വിജയമൊരുക്കിയതെന്നും എം ടി രമേശ് ചൂണ്ടിക്കാണിച്ചു. തൃശൂരിൽ സുരേഷ് ഗോപി വിജയിക്കില്ല എന്നായിരുന്നു മാധ്യമങ്ങളുടെ പോൾ സർവേ. ചില മാധ്യമങ്ങൾ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നും പറഞ്ഞു. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്ന് കോൺഗ്രസ് സിപിഐഎം നേതൃത്വം മുക്തരായിട്ടില്ലെന്നും എം ടി രമേശ് പ്രതികരിച്ചു. കുറച്ചുകാലം പൂരത്തിന്റെ പിറകെ ആയിരുന്നു. അത് ക്ലച്ച് പിടിക്കില്ല എന്ന് കണ്ടപ്പോഴാണ് വോട്ടർ പട്ടിക വിവാദവുമായി രംഗത്തുവരുന്നതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
ബിജെപി വ്യാപകമായി വോട്ട് ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ള റസിഡൻഷ്യൽ പ്രൂഫ് ഹാജരാക്കിയാണ് വോട്ട് ചേർത്തത്. അത് ആ കാലഘട്ടത്തിൽ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അതെല്ലാം സൂഷ്മ പരിശോധനയിൽ തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും എം ടി രമേശ് വ്യക്തമാക്കി. ഞങ്ങൾ വോട്ട് ചേർക്കുമ്പോൾ ഇവരെല്ലാം എവിടെപ്പോയിരുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ചോദിച്ചു.
അടിയന്തരമായി കോൺഗ്രസിനെയും സിപിഎമ്മിനെയും ചികിത്സയ്ക്ക് വിധേയമാക്കണമെന്നും എം ടി രമേശ് പരിഹസിച്ചു. സുരേഷ് ഗോപി തിരുവനന്തപുരത്ത് നിന്ന് വോട്ട് നീക്കം ചെയ്ത ശേഷം ആണ് തൃശൂരിൽ ചേർത്തത്. മുരളീധരൻ സ്ഥാനാർത്ഥിയായതിനുശേഷമല്ലേ കോഴിക്കോട് നിന്ന് വോട്ട് വട്ടിയൂർക്കാവിലേക്ക് മാറ്റിയത്. ഞങ്ങൾ ആരും അത് ചോദ്യം ചെയ്തില്ലെന്നും എം ടി രമേശ് ചൂണ്ടിക്കാണിച്ചു.
റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ എവിടെയെങ്കിലും വോട്ട് ചേർത്തിട്ടുണ്ട് എന്ന് തെളിയിക്കാൻ സിപിഐഎമ്മിനെയും കോൺഗ്രസിനെയും എം ടി രമേശ് വെല്ലുവിളിച്ചു. തോറ്റാൽ തോൽവി സമ്മതിക്കണം എന്നതാണ് മര്യാദ. സുനിൽകുമാർ തോറ്റെന്ന് ബോധ്യപ്പെടണം കോൺഗ്രസുകാർ തോറ്റെന്ന് ബോധ്യപ്പെടണം അല്ലാതെ നിലവിളിക്കുകയല്ല വേണ്ടത്. സുനിൽകുമാറിന്റെ സ്വന്തം പഞ്ചായത്തിലും ബൂത്തിലും ഞങ്ങൾ ലീഡ് നേടിയത് ക്രമക്കേട് നടത്തിയിട്ടാണോ. മുയല് കിടന്നുറങ്ങിയിട്ട് ജയിച്ച ആമയെ കുറ്റപ്പെടുത്തിയിട്ടെന്ത് കാര്യമെന്നും എം ടി രമേശ് ചോദിച്ചു.
Content Highlights: MT Ramesh responds to the voter list controversy in Thrissur